ശരീരത്തിലെ ഏറ്റവും സജീവമായ അവയവങ്ങളിലൊന്നാണ് കണ്ണുകള്‍. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ഉറക്കത്തില്‍ പോലും ചലിക്കുകയും ചെയ്യുന്ന കണ്ണുകളുടെ ആരോഗ്യത്തിന് വ്യായാമം വളരെ അത്യാവശ്യമാണ്. സ്മാര്‍ട്ട് ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവയുടെ വരവോടെ ജോലിസ്ഥലത്തും വീട്ടിലും സ്‌ക്രീന്‍ ടൈം വര്‍ദ്ധിച്ചതോടെ കണ്ണിന് സമ്മര്‍ദം വര്‍ദ്ധിച്ചന്നെ് പറയുകയാണ് വിയാന്‍ ഐ ആന്‍ഡ് റെറ്റിന സെന്ററിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. നീരജ് സന്ദുജ.
കണ്ണിന്റെ അസ്വസ്ഥതയുടെ കാരണമായി കാഴ്ച മങ്ങല്‍, കണ്ണിന്റെ ക്ഷീണം, തലവേദന, ചൊറിച്ചില്‍, കണ്ണില്‍നിന്ന് വെള്ളംവരിക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. കണ്ണിന്റെ പ്രവര്‍ത്തനത്തിന് നാം എല്ലാവരും ചെയ്യേണ്ട അഞ്ച് വ്യായാമങ്ങളിതാ…
ഒരു പെന്‍സിലിന്റെ അഗ്രത്തില്‍ കണ്ണുകളെ ഫോക്കസ് ചെയ്യുന്ന രീതിയിലുള്ള കണ്‍വേര്‍ജന്‍സ് എക്‌സര്‍സൈസ് ആണ് ഇത്. പെന്‍സില്‍ പിടിച്ച നീട്ടിയ കൈ പതുക്കെ മൂക്കിലേക്ക് അടുപ്പിക്കണം. പെന്‍സിലിന്റെ അഗ്രം മൂക്കിലേക്ക് അടുക്കുമ്പോള്‍ ഇത് ഇരട്ടിയായോ മങ്ങിയോ കാണപ്പെടും. പെന്‍സില്‍ ഏകദേശം 30 സെക്കന്‍ഡ് നേരം മൂക്കിനോട് ചേര്‍ന്ന് പിടിക്കുക. ശേഷം ഇത് അകത്തി പിടിക്കുക. കണ്ണുകള്‍ ചിമ്മുക. ഇതി അഞ്ചോ പത്തോ തവണ ആവര്‍ത്തിക്കുക.
കൃഷ്ണമണി മുകളിലേക്കും താഴേക്കും ഇടത്തേക്കും വലത്തേക്കും ചലിപ്പിക്കുക. ഓരോ തവണയും ഒരോ നോട്ടത്തില്‍നിന്ന് ആരംഭിച്ച് അതേ നോട്ടത്തിലേക്ക് കൃഷ്ണമണികള്‍ തിരികെ കൊണ്ടുവരിക.
മെഴുകുതിരി ജ്വാല പോലെയുള്ള ഏതെങ്കിലും ഒരു വിദൂര വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 30 സെക്കന്റ് നേരം അതില്‍ത്തന്നെ നോട്ടം പിടിച്ചുനിര്‍ത്തുക. കണ്ണ് ചിമ്മുക. ശേഷം വീണ്ടും ആവര്‍ത്തിക്കാം.
കണ്ണുകള്‍ക്ക് ചുറ്റുമുള്ള പേശികളെ വിശ്രമിക്കാനും കണ്ണിന്റെ ക്ഷീണം കുറയ്ക്കാനും സഹായിക്കുന്ന നേത്രവ്യായാമമാണ് പാമിംഗ്, നിങ്ങളുടെ കൈകള്‍ കൂട്ടി തിരുമ്മുക. ശേഷം കൈപ്പത്തികള്‍ കണ്ണിന് മുകളില്‍ വച്ച് കണ്ണിന് ചൂട് പിടിപ്പിക്കുക. ഇത് ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കാം.
അടുത്തും അകലെയുമുള്ള ഫോക്കസില്‍ ഒന്നിടവിട്ട് ഇടപഴകാനും വിശ്രമിക്കാനും നിങ്ങളുടെ ഫോക്കസിങ് സിസ്റ്റത്തെ പരിശീലിപ്പിക്കാനും ഇത് സഹായിക്കുന്നു. തള്ളവിരല്‍ മുഖത്തുനിന്ന് 10 ഇഞ്ച് അകത്തിപിടിച്ച് 15 സെക്കന്‍ഡ് അതില്‍ ഫോക്കസ് ചെയ്യുക. 15 സെക്കന്‍ഡുകള്‍ക്ക് ശേഷം നോട്ടം 20 അടി (ആറ് മീറ്റര്‍) അകലെയുളള ഇടത്തേക്ക് മാറ്റുക, വീണ്ടും ഫോക്കസ് 15 നേരം തള്ളവിരലിലേക്ക് കൊണ്ടുവരിക. ഇത് അല്‍പസമയം ആവര്‍ത്തിക്കുക.
വളരെ അടുത്തുള്ള എന്തിലെങ്കിലും ഫോക്കസിങ് സിസ്റ്റം ക്രമീകരിക്കുമ്പോള്‍ കണ്ണുകള്‍ ക്ഷീണിച്ചേക്കാം. കണ്ണുകള്‍ വരണ്ടിരിക്കാനും സാധ്യതയുണ്ട്. ജോലിയുടെ ഓരോ 20 മിനിറ്റിലും 20 സെക്കന്റ് നേരം 20 അടി അകലെയുള്ള എന്തിലേക്കെങ്കിലും നോക്കുക. ഈ വ്യായാമങ്ങള്‍ക്ക് പുറമേ വൈറ്റമിനുകളുടെയും പോഷകാഹാരങ്ങളുടെ ലഭ്യതയും ഉറപ്പ് വരുത്തണം.
Content Highlights : Six daily exercises for eye health