ഓരോ ദിവസവും മണിക്കൂറുകളാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ചെലവഴിക്കുന്നത്. ഇതില്‍ കൂടുതല്‍ സമയവും എടുക്കുന്നത് റീല്‍സ് അടക്കമുള്ള ഷോര്‍ട് വീഡിയോകളാകും. എന്നാല്‍ ഇങ്ങനെ സമയത്ത് ഉറക്കം പോലും ഇല്ലാതെ റീല്‍സ് കണ്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമയം നഷ്ടം മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇത്തരക്കാരെ കാത്തിരിക്കുന്നുവെന്ന് പഠനം പറയുന്നു.
ബിഎംസി ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാത്രി സമയങ്ങളില്‍ കൂടുതല്‍ സമയം റീല്‍സ് കാണാന്‍ ചെലവഴിക്കുന്നവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഹൈപ്പര്‍ടെന്‍ഷനോ പോലുള്ള അവസ്ഥയ്ക്ക് സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തല്‍. ചൈനയിലെ മധ്യവയസ്‌കരും യുവാക്കളുമടക്കമുള്ള 4318 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
രാത്രി സമയങ്ങളിലെ ഫോണ്‍ ഉപയോഗവും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. പഠനത്തില്‍ പങ്കെടുത്തവരില്‍, ഉറങ്ങുന്നതിന് മുമ്പ് ഏറ്റവും കൂടുതല്‍ സമയം റീലുകള്‍ കാണാന്‍ ചെലവഴിക്കുന്നവരിലാണ് ഹൈപ്പര്‍ടെന്‍ഷന്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെട്ടത്. ഉറങ്ങുന്നതിന് മുമ്പ് റീല്‍സ് കാണുന്ന ശീലം ഉപേക്ഷിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മാത്രമല്ല, നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.
Content Highlights: Reels Addiction Can Cause Serious Health Problems Finds Study