നടക്കുന്നത് ശരീരത്തിന് ആരോഗ്യം പ്രദാന ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെ ഇതാ 28കാരനായ ഒരു ബ്രിട്ടിഷ് യൂട്യൂബര്‍ ഏഴ് ദിവസംകൊണ്ട് മൊത്തം 2,50,000 ചുവടുകളാണ് നടന്നത്. പ്രതിദിനം ശരാശരി 35,700 അല്ലെങ്കില്‍ 17 മൈല്‍ ആണ് നടന്നത്. ഇതുമൂലം തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ പങ്കുവയ്ക്കുകയാണ് ജാക് മാസി വെല്‍ഷ്.
നടത്ത വ്യായാമം ആരംഭിക്കുന്നതിന് മുന്‍പ് ആദ്യം തന്റെ ഭാരം നോക്കുകയാണ് ജാക് മാസി ചെയ്തത്. പേശികളുടെ ബലത്തിനായി ദിവസേന 150 ഗ്രാം പ്രോട്ടീന്‍ അധികമായി ചേര്‍ത്തതൊഴിച്ചാല്‍ ഭക്ഷണത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. ജോയിന്റ് സപ്പോര്‍ട്ടിനായി ഗ്ലൂക്കോസാമൈന്‍ എടുക്കാനും തുടങ്ങി. പിന്നീട് ചെയ്തത് 35,000 ചുവടുകള്‍ ഉള്ള തന്റെ ലക്ഷ്യത്തെ ദിവസേനെ രണ്ട് ഘട്ടങ്ങളായി വിഭജിക്കുകയായിരുന്നു. അതായത് ദിവസവും രണ്ട് ഘട്ടമായുള്ള നടത്തം.
ആദ്യ ദിവസം രണ്ട് മണിക്കൂര്‍ പ്രഭാത നടത്തത്തിലൂടെ ജാക് മാസി 15,000ചുവടുകളാണ് നടന്നത്. 14000 ചുവടുകള്‍ വൈകുന്നേരവും. ആദ്യ ദിവസം ക്ഷീണമുണ്ടായിരുന്നെങ്കിലും രണ്ടാംദിവസം കുറച്ചുകൂടി പ്രയാസമായിരിന്നുവെന്ന് പറഞ്ഞു. എന്നാലും തോറ്റുകൊടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. നാലാം ദിവസമായപ്പോള്‍ പേശിവേദന കുറയുകയും പതുക്കെ പാദങ്ങളില്‍ സന്ധിവേദന ഉണ്ടാവുകയും ചെയ്തു. അഞ്ചാം ദിവസം നീരുവന്ന് വീര്‍ത്ത കാലുകളും കൊണ്ട് നടന്നു.
പരിക്കുകള്‍ക്കിടയിലും ഈ അനുഭവം വിലമതിക്കുന്നതാണെന്ന് വെല്‍ഷ് പറയുകയാണ്. ഒരാഴ്ചകൊണ്ട് തന്റെ വയറിലെ കൊഴുപ്പ് കുറഞ്ഞുവെന്നും ശരീരഭാരം കുറഞ്ഞുവെന്നും പറയുകയാണ് ഇദ്ദേഹം. നടത്തത്തിലൂടെ ഇത്രയധികം ശാരീരിക മാറ്റം ഉണ്ടാവുമോ എന്നത് തന്നെ അത്ഭുതപ്പെടുത്തി എന്ന് വെല്‍ഷ് പറയുന്നു. തന്റെ ശാരീരിക ഘടനയിലുള്ള മാറ്റവും ഒരാഴ്ചയ്ക്കുള്ളില്‍ ശരീരം എങ്ങനെ മാറി എന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ 25,000 ചുവടുകള്‍ നടക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുമോ എന്ന ചോദ്യത്തിനോട് ജാക് മാസി വെല്‍ഷ് പ്രതികരിച്ചത് ഇങ്ങനെയാണ്. ' നടക്കുന്നത് നല്ല ഒരു വ്യായാമമാണ്. പക്ഷേ ഇത്രയും റിസ്‌ക് എടുക്കാന്‍ ഞാന്‍ ആരേയും പ്രോത്സാഹിപ്പിക്കില്ല. നിങ്ങളുടെ വ്യക്തിപരമായ സാഹചര്യമനുസരിച്ച് നടത്തത്തിന്റെ ദൈര്‍ഘ്യം തീരുമാനിക്കാവുന്നതാണ് അദ്ദേഹം പറഞ്ഞു.
Content Highlights : British YouTuber shares her experience of losing belly fat in just seven days of walking