തലവേദന എല്ലാവര്‍ക്കും ഉണ്ടാവും. പക്ഷേ അസഹനീയമായ മൈഗ്രെയ്ന്‍ അഥവാ ചെന്നിക്കുത്ത് പലരും പേടിയോടുകൂടി കാണുന്ന ഒരു അസുഖമാണ്. സാധാരണയായി മൈഗ്രെയ്ന്‍ തലവേദന തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു. വിങ്ങലോടുകൂടിയുള്ള മൈഗ്രെയ്ന്‍ തലവേദന ഏകദേശം 72 മണിക്കൂര്‍ വരെ നീണ്ടുനിന്നേക്കാം. തലവേദനയോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം, ശബ്ദം, ഗന്ധം എന്നിവയോടുള്ള അസഹിഷ്ണുത, കഴുത്ത് വേദന ഇവയൊക്കെ മൈഗ്രെയ്ന്‍റെ ലക്ഷണങ്ങളാണ്.
ചിലതരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രെയ്ന്‍ സാധ്യത വര്‍ദ്ധിപ്പിക്കും. തലച്ചോറിലെ രാസവസ്തുക്കളെയോ രക്തക്കുഴലുകളെയോ ബാധിക്കുന്ന ചില ഭക്ഷണങ്ങള്‍ മൈഗ്രെയ്ന് കാരണമാകും. അത് ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് നോക്കാം.
അമിതമായോ, ക്രമരഹിതമായോ ആയ കഫീന്‍ ഉപയോഗം തലച്ചോറിലെ രക്തക്കുഴലുകളെ സ്വാധീനിക്കുകയും അത് മൈഗ്രെയ്നിന് കാരണമാവുകയും ചെയ്യും. കഫീന്‍ അടങ്ങിയ കാപ്പിയും ചായയും ഒക്കെ അമിതമായി കഴിയ്ക്കുന്നവര്‍ അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
ഉപ്പിലിട്ടവയും പുളിപ്പിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രെയ്നിന് കാരണമാകും.
അസ്പാര്‍ട്ടേമും (വിവിധ ഭക്ഷണ-പാനീയ ഉല്‍പ്പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു കൃത്രിമ (രാസ) മധുരപലഹാരം), സുക്രലോസും അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ തലവേദനയും മൈഗ്രെയ്നുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഇത് വലിയ അളവില്‍ കഴിക്കുന്നത് ചിലര്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ടാകാന്‍ കാരണമാകുന്നു.
മദ്യപാന ശീലമുള്ള ചിലരില്‍ മൈഗ്രെയ്ന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് റെഡ് വൈന്‍, ബിയര്‍ എന്നിവയില്‍ ഹിസ്റ്റിമിന്‍, ടൈറാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്കും മൈഗ്രെയ്നും കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
സംസ്‌കരിച്ച മാംസങ്ങളില്‍ പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. സെന്‍സിറ്റീവായുള്ള ആളുകളില്‍ മൈഗ്രെയ്ന്‍ ഉണ്ടാകാന്‍ കാരണമാകുന്നു.
പഴകിയ ചീസില്‍ ടൈറാമിന്‍ ധാരാളം അടങ്ങിയിരിക്കുന്നു. ചീസ് പഴകുമ്പോള്‍ രൂപംകൊള്ളുന്ന സംയുക്തങ്ങള്‍ ചില വ്യക്തികളില്‍ മൈഗ്രെയ്നിന് കാരണമാകാം.
ചോക്ലേറ്റില്‍ കഫീന്‍, ബീറ്റാഫെനൈലെഥൈഥാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചിലരില്‍ മൈഗ്രെയ്നുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. എല്ലാ ചോക്കലേറ്റ് പ്രേമികളെയും ബാധിക്കില്ല എങ്കിലും ചിലരെയെങ്കിലും ഇത് ദോഷമായി ബാധിക്കാനിടയുണ്ട്.
സിട്രസ് പഴങ്ങളിലെ സ്വാഭാവിക ആസിഡുകളും സംയുക്തങ്ങളും ചിലരില്‍ മൈഗ്രെയ്ന് കാരണമായേക്കാം. എല്ലാവരിലും ഇല്ല, വളരെ ചെറിയ ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ അത് ദോഷം ചെയ്യുകയുളളൂ.
Content Highlights :Migraine is a disease that bothers many people. Eating certain types of food can make the headache unbearable. What are those foods?