പൂനെയില്‍ ആശങ്കയായി അപൂര്‍വ നാഡീ രോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം(ജിബിഎസ്) സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുകയാണ്. ഇതുവരെ 59 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്ടെന്നുള്ള രോഗവ്യാപനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഗില്ലന്‍ ബാരി സിന്‍ഡ്രോം ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണെന്നും ആളുകള്‍ പരിഭ്രാന്തരാകരുതെന്നും പൂനെ ന്യൂറോളജിക്കല്‍ സൊസൈറ്റി അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ്വമായ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. രോഗപ്രതിരോധ സംവിധാനം ഞെരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത്. കഴുത്ത്, മുഖം, കണ്ണുകള്‍ തുടങ്ങിയവയെ രോഗം ബാധിക്കാം. കൈകാലുകള്‍ക്ക് ബലക്ഷയവും മരവിപ്പും പക്ഷാഘാതത്തിനും വരെ കാരണമാകാമെന്നും പഠനങ്ങള്‍ പറയുന്നു. സ്പര്‍ശനം അറിയാതെയാകുകയോ മരവിപ്പോ ഉണ്ടാകുക, നടക്കാനോ വിഴുങ്ങാനോ ശ്വസിക്കാനോ ഉള്ള ബുദ്ധിമുട്ട് ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ചെറിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. ചില രോഗികളില്‍ അതിവേഗം രോഗം വഷളായേക്കാം. ചിലരില്‍ രോഗലക്ഷങ്ങള്‍ സാവധാനമാകും പ്രകടമാകുക. രോഗം ഗുരുതരമായാല്‍ വെന്റിലേറ്റര്‍ സഹായമുള്‍പ്പടെ ആവശ്യമായി വന്നേക്കാം. ജിബിഎസ് രോഗം പകര്‍ച്ചവ്യാധിയല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ജിബിഎസിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. ക്യാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് വില്ലനാകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ആളുകളില്‍ വയറിളക്ക രോഗത്തിന് കാരണമാകുന്ന ഒരുതരം ബാക്ടീരിയയാണ് കാംപിലോബാക്റ്റര്‍. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം രോഗം പടര്‍ന്നിരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അണുബാധയുണ്ടായി ആറാഴ്ചയോളം കഴിഞ്ഞാണ് ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക എന്നാണ് പഠനങ്ങള്‍ പറയുന്നത്. ശ്വാസകോശ സംബന്ധമായ രോഗമോ, ദഹനനാളത്തിലെ അണു ബാധയോ ജിബിഎസിന്റെ ലക്ഷണങ്ങളാകാം. കൈകാലുകളുടെ ബലഹീനത രോഗത്തിന്റെ പ്രധാനലക്ഷണങ്ങളിലൊന്നാണ്. ഇത് ആദ്യം പാദങ്ങള്‍ക്കാകാം അനുഭവപ്പെടുക. പിന്നീട് കൈകള്‍, മുഖം തുടങ്ങിയ ഭാഗങ്ങളിലേക്ക് വ്യാപിക്കാം. ചിലരില്‍ ആദ്യം മുഖങ്ങളിലാകാം ഈ രോഗലക്ഷണം കാണിക്കുക.
കാഴിചയിലുണ്ടാകുന്ന ബുദ്ധിമുട്ട്, ഭക്ഷണം ചവക്കാനും വിഴുങ്ങാനും സംസാരിക്കാനും ഉണ്ടാകുന്ന ബുദ്ധിമുട്ട്, കയ്യിലും കാലിലും കുത്തുന്ന പോലുള്ള വേദന, രാത്രിയില്‍ ഈ വേദന കൂടുക, അസാധാരണമായ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും, ദഹനപ്രക്രിയയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
കൈകള്‍ക്കും കാലുകള്‍ക്ക് പെട്ടെന്ന് ബലക്ഷയം അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. നടക്കാന്‍ ബുദ്ധിമുട്ടോ മരവിപ്പോ ഉണ്ടാവുക, വിട്ടുമാറാത്ത വയറിളക്കം, രക്തം പോവുക തുടങ്ങിയ അവസ്ഥകളുണ്ടായാലും ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.
Content Highlights: What is Guillain-Barre Syndrome? doctors issue advisory on dos and don’ts