പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കാനായില്ല എങ്കില്‍ വേര്‍പിരിയുക എന്നതാണ് അനുയോജ്യമായ തീരുമാനം. സ്വരചേര്‍ച്ചയില്ലാത്ത മാതാപിതാക്കളോടൊപ്പം വളരുന്ന കുട്ടികള്‍ക്ക് ആരോഗ്യകരമായ മാനസികാവസ്ഥ ഉണ്ടാവില്ല എന്ന് പറയാറുണ്ട്. എന്നാല്‍ മാതാപിതാക്കളുടെ വിവാഹമോചനം ഒരു കുട്ടിയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. മാനസികവും വൈകാരികവുമായ വെല്ലുവിളികള്‍ക്കപ്പുറം കുട്ടിയില്‍ ഇത് ആരോഗ്യകരമായ പല സങ്കീര്‍ണതകള്‍ക്കും ഇടയാക്കും.
ഇപ്പോഴിതാ വിവാഹമോചനം നേടിയ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് മറ്റുകുട്ടികളെ അപേക്ഷിച്ച് മുതിരുമ്പോള്‍ പക്ഷാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന പഠനം പുറത്തുവന്നിരിക്കുന്നു. ടൊറന്റോ സര്‍വ്വകലാശാലയിലെ എസ്‌മെ ഫുള്ളര്‍-തോംസണിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ 65 വയസും അതില്‍ കൂടുതലുമുളള 13,000 മുതിര്‍ന്ന ആളുകളിലാണ് പഠനം നടത്തിയത്. കുട്ടിക്ക് 18 വയസ് തികയുന്നതിന് മുന്‍പ് മാതാപിതാക്കള്‍ വിവാഹ മോചനം നേടിയവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതെ വളര്‍ന്നവരെ അപേക്ഷിച്ച് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം സാധ്യത കൂടുതലാണ്.
വിവാഹമോചന അന്തരീക്ഷം കുട്ടികളില്‍ വളരെയധികം സംഘര്‍ഷം സൃഷ്ടിക്കുന്നു. രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള വിട്ടുമാറാത്ത സമ്മര്‍ദ്ദം കഠിനമാണ്. ഈ സമ്മര്‍ദ്ദം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു. പ്രത്യേകിച്ച് സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹൈപ്പോഥലാമിക്-പിറ്റിയൂട്ടറി- അഡ്രിനാലിന്‍ ആക്‌സിസ്(HPA) നെ ദോഷകരമായി ബാധിക്കും. ക്രമരഹിതമായ HPA Axis സ്ട്രോക്കിനുള്ള അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഇതിനുപുറമേ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉറക്കമില്ലായ്മ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും കുട്ടികള്‍ക്ക് ഉണ്ടായേക്കാം. ഇവയെല്ലാം സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Content Highlights :Children of divorced parents more likely to have stroke, study finds