മാംസങ്ങള്‍ ശരിയായി വേവിച്ച് മാത്രം കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കുന്ന കാര്യമാണ്. പന്നിയിറച്ചി പോലുള്ളവ ശരിയായി വേവിക്കാതെ കഴിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും വലുതാണ്. ഇത്തരത്തില്‍ ആരോഗ്യാവസ്ഥ മോശമായ ഒരു യുവാവിനെ കുറിച്ചാണ് ഫ്‌ളോറിഡയിലെ ഒരു ഡോക്ടർ വിവരങ്ങള്‍ പങ്കുവെച്ചത്. അസഹ്യമായ ഇടുപ്പ് വേദനയുമായാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ എക്‌സറേയില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു.
ശരിയായി വേവിക്കാതെ കഴിച്ച പന്നിയിറച്ചിയിലൂടെ യുവാവിന്റെ ശരീരത്തിലെത്തിയ നാടവിര മുട്ടയിട്ട് പെരുകുകയായിരുന്നു. ഡോ. സാം ഗാലിയാണ് മുന്നറിയിപ്പായി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. താന്‍ ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും 'ഭീകരമായ എക്‌സറേ ദൃശ്യങ്ങള്‍' എന്നാണ് ഡോ. സാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രോഗിയുടെ പേര് വെളിപ്പെടുത്താതെയാണ് ഡോക്ടര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ഒരിക്കലും ഏതൊരു സാഹചര്യത്തിലും ശരിയായി വേവിക്കാത്ത പന്നിയിറച്ചി കഴിക്കരുതെന്നും സാം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇടുപ്പിലും കൈകാലുകളിലുമായി നാടവിരകളുടെ നൂറുകണക്കിന് മുട്ടകളാണ് യുവാവിന്റെ ശരീരത്തിലുള്ളത്. 'അവ എല്ലായിടത്തുമുണ്ട്. അസംഖ്യമായി പെരുകിയിരിക്കുകയാണ്. അവ എണ്ണാന്‍ പോലുമാകില്ല. അവയ്ക്ക് ശരീരത്തില്‍ എവിടേക്ക് വേണമെങ്കിലും സഞ്ചരിക്കാം. ഈ രോഗിയില്‍ അവ കാലിന്റെയും ഇടുപ്പുകളുടെയും ഭാഗത്താണ് കൂടുതലായി കാണുന്നത്', സാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Here's a video I made breaking down one of the most insane X-Rays I've ever seen#FOAMed pic.twitter.com/wp8xtGFTV5
— Sam Ghali, M.D. (@EM_RESUS) January 16, 2025
ചികിത്സ തേടിയെത്തിയ ആള്‍ തന്റെ അവസ്ഥയെ കുറിച്ച് പൂര്‍ണ അജ്ഞനായിരുന്നുവെന്നാണ് ഡോ. സാം പറയുന്നത്. പ്രാഥമിക പരിശോധനയില്‍ ഇടുപ്പ് വേദനയുടെ കാരണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് എക്‌സ്‌റേ എടുക്കാന്‍ തീരുമാനിച്ചത്. 2021ലാണ് യുവാവ് ആദ്യം ചികിത്സ തേടിയത്. പോര്‍ച്ചുഗലിലെ സാവോ ജോവോ യൂണിവേഴ്‌സിറ്റ് ആശുപത്രിയിലെ ഗവേഷകരാണ് യുവാവിന്റെ അവസ്ഥയെ കുറിച്ച് പഠനം നടത്തിയതെന്നും ഡോ. സാം വ്യക്തമാക്കി.
ടെനിയ സോലിയം ഇന്‍ഫെക്ഷന്‍ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. അണുബാധ തലച്ചോറിനെയോ നാഡീവ്യൂഹത്തെയോ ബാധിച്ചാല്‍ രോഗിയുടെ നില അതീവ ഗുരുതരമാകാനും സാധ്യതയുണ്ട്. രോഗിയുടെ ശരീരത്തിലെത്തുന്ന നാടവിരകള്‍ ഇടുന്ന മുട്ടകള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്തും.
Content Highlights: Horrifying X-ray revealed creatures were breeding inside man's body