![search icon](https://www.reporterlive.com/assets/images/icons/search.png)
കഴിഞ്ഞ കുറച്ചുനാളായി സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്ന ഒരു വാക്കാണ് 'ഒസെംപിക് ബേബി'. ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കായും ശരീരഭാരം കുറയ്ക്കുന്നതിനുമുള്‍പ്പടെ ഉപയോഗിക്കുന്ന മരുന്നാണ് ഒസെംപിക് അഥവാ സെമാഗ്ലാറ്റൈഡ്. ഇവ ഉപയോഗിക്കുന്നവരില്‍ അണ്‍പ്ലാന്‍ഡ് പ്രെഗ്നന്‍സി വര്‍ധിക്കുന്നുവെന്നാണ് പ്രചരണം. അവന്ധ്യതയെ ഈ മരുന്ന് പ്രോത്സാഹിപ്പിക്കുന്നുവെന്നും, താന്‍ ഗര്‍ഭിണിയാണെന്നും വ്യക്തമാക്കി നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമിലും മറ്റും പ്രത്യക്ഷപ്പെടുന്നത്.
ഒസെംപിക് മരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതിന് ശേഷം താന്‍ ഗര്‍ഭിണിയായെന്ന് അവകാശപ്പെടുന്ന ഈ സ്ത്രീകളില്‍ ഭൂരിഭാഗം പേരും, വന്ധ്യത, പിസിഒഎസ്, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ്ക്ക് ചികിത്സ തേടിയിട്ടുള്ളവരും മുമ്പ് ഐവിഎഫ് ചികിത്സ ഉള്‍പ്പടെ നടത്തിയിട്ടുള്ളവരുമാണെന്നാണ് മറ്റൊരു കാര്യം. ഇതോടെയാണ് ഒസെംപിക് വന്ധ്യതയ്ക്ക് പരിഹാരമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഡെമി വാക്കര്‍ എന്ന യുവതി പറയുന്നത്, ഒസംപിക് ഉപയോഗിക്കാന്‍ ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ താന്‍ ഗര്‍ഭിണിയായെന്നാണ്. വന്ധ്യതയ്ക്ക് ചികിത്സ തേടിയിരുന്നയാളാണ് താനെന്നും യുവതി പറയുന്നുണ്ട്.
എന്താണ് ഒസെംപിക് ബേബി?
വൈദ്യശാസ്ത്രപരമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഒരു വാക്കല്ല ഒസെംപിക് ബേബി എന്നത്. ഒസെപിക് മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ ഗര്‍ഭിണിയായെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവര്‍ നല്‍കിയ വിശേഷണമാണ് ഒസെംപിക് ബേബി എന്നത്. ടൈപ്പ് 2 പ്രമേഹത്തിനും ചിലപ്പോള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനുമായി പ്രാഥമികമായി നിര്‍ദേശിക്കുന്ന ഒരു മരുന്നാണ് ഒസെംപിക് (Ozempic). പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും അമിതവണ്ണമോ പിസിഒഎസ് പോലുള്ള അവസ്ഥകളോ ഉള്ള സ്ത്രീകളില്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും ഈ മരുന്ന് സഹായിക്കുന്നു. ശരീര ഭാരം കുറയുന്നതോടെ പല സ്ത്രീകളിലും ആര്‍ത്തവ ചക്രം ക്രമമായ് മാറുകയും ചെയ്യാം. ഇത് ഗര്‍ഭധാരണത്തെ സഹായിച്ചിരിക്കാമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ ശാസ്ത്രീയതെളിവുകള്‍ ഒന്നും തന്നെയില്ല.
Ozempic ഉപയോഗിക്കുന്നത് മൂലം പരിഹരിക്കപ്പെടുന്ന മെഡിക്കല്‍ കണ്ടീഷനുകള്‍ ഗര്‍ഭധാരണത്തെ സഹായിക്കുന്നതാകാമെന്നാണ് ഭൂരിഭാഗം ആരോഗ്യവിദഗ്ധരും പറയുന്നത്. എന്നാല്‍ ഈ മരുന്ന് ഇന്‍ഫേര്‍ട്ടിലിറ്റിക്ക് പരിഹാരമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നുണ്ട്. ഒസെംപിക് ഗര്‍ഭധാരണം പോലുള്ള കേസുകള്‍ തനിക്ക് മുന്നില്‍ വന്നിട്ടില്ലെന്നാണ് പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഗീത എസ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗര്‍ഭധാരണം സ്ഥിരീകരിച്ച ഉടന്‍ തന്നെ ഒസെംപിക് നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും, ഈ മരുന്ന് ജനന വൈകല്യങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ഡോ. ഗീത പറയുന്നു.
Content Highlights: Is the 'Ozempic baby' phenomenon real? Experts responses