വിഷാദവും ഉന്മേഷക്കുറവുമൊക്കെ ഇന്ന് പകുതിയിലധികം ആളുകളേയും വലയ്ക്കുന്ന അവസ്ഥയാണ്. മരുന്നുകള്‍ കഴിച്ചും ജീവിതശൈലികള്‍ മാറ്റിയും പലരും ഈ അവസ്ഥ മറികടക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷ്യന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ തക്കാളിയിലും തണ്ണിമത്തനിലും സാധാരണയായി കാണപ്പെടുന്ന ലൈക്കോപീന്‍ വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവയിലുള്ള ലൈക്കോപീന്‍ ഉയര്‍ന്ന സുരക്ഷ നല്‍കുന്നുവെന്നാണ് പഠന റിപ്പോർട്ടില്‍ അവകാശപ്പെടുന്നത്. ലൈക്കോപീന്‍ അതിന്റെ ശക്തമായ ആന്റി ഓക്‌സിഡന്റും ന്യൂറോ പ്രൊട്ടക്ടീവ് ഇഫക്ടുകളും കാരണം വ്യാപകമായി പഠനത്തിന് വിധേയമാക്കപ്പെട്ട ഒരു പ്രകൃതിദത്ത സസ്യ സത്താണ്.
എലികളിലാണ് ഇതുസംബന്ധിച്ച് പഠനങ്ങള്‍ നടത്തിയത്. എലികളില്‍ സിഎസ്ഡിഎസ് മൂലമുണ്ടാകുന്ന വിഷാദരോഗ സ്വഭാവങ്ങള്‍ക്ക് അടിസ്ഥാനമായ കാര്യങ്ങളാണ് പഠനത്തിനെടുത്തത്. ലോക്കോപീന്‍ ഒരു ആന്റി ഡിപ്രസന്റായി വര്‍ത്തിക്കുമെന്ന് പഠനം കണ്ടെത്തുകയും ചെയ്തു.
ലൈക്കോപീന്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു കരോട്ടിനോയിഡും ശക്തമായ ആന്റി ഓക്‌സിഡന്റുമാണ്. ചുവപ്പ്, പിങ്ക് നിറത്തിലുള്ള പഴങ്ങള്‍ക്ക് തിളക്കമുള്ള നിറം നല്‍കുന്നത് ലൈക്കോപീന്‍ ആണ്. ലൈക്കോപീന്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് തക്കാളിയിലാണ്. തണ്ണിമത്തന്‍, പേരയ്ക്ക, പപ്പായ എന്നിവയാണ് മറ്റ് ഉറവിടങ്ങള്‍. തക്കാളി, തണ്ണിമത്തന്‍ എന്നിവയാണ് മുന്നില്‍.
ലൈക്കോപീന്‍ കൊഴുപ്പില്‍ ലയിക്കുന്നതായതുകൊണ്ട് ഒലിവ് ഓയില്‍ അവക്കാഡോ നട്ട്‌സ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ക്കൊപ്പം കഴിക്കുമ്പോള്‍ ഇത് നന്നായി ആഗീരണം ചെയ്യപ്പെടും. ചൂടാക്കുന്നതുകൊണ്ട് അതിന്റെ ജൈവ ലഭ്യത മെച്ചപ്പെടുന്നു. അതുകൊണ്ടുതന്നെ പാകംചെയ്ത തക്കാളി വിഭവങ്ങള്‍, സൂപ്പുകള്‍, സോസുകള്‍ എന്നിവ കഴിക്കുന്നത് ഗുണം ചെയ്യും.
Content Highlights :A study published in the journal Food Science and Nutrition found that lycopene, which is commonly found in tomatoes and watermelon, can ease depression symptoms