
ശരീരഭാരം കുറയ്ക്കാനും കൂടുതല്‍ ആരോഗ്യത്തോടെയിരിക്കാനും പലരും ആദ്യം തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ഷുഗര്‍ കട്ട് എന്നത്. പ്രിയപ്പെട്ട മധുരപലഹാരങ്ങള്‍ ഉപേക്ഷിച്ചും ചായ മധുരമിടാതെ കുടിച്ചുമൊക്കെ പലരും വിട്ടുവീഴ്ച ചെയ്യും. പലരും 'ഷുഗര്‍ ഫ്രീ' പ്രോഡക്ടുകള്‍ വാങ്ങി തുടങ്ങും. ഓരോ പാക്കറ്റുകള്‍ എടുക്കുമ്പോഴും അതില്‍ 'നോ ആഡഡ് ഷുഗര്‍' മാര്‍ക്ക് ഉണ്ടോയെന്ന് നോക്കും. കാര്യമായൊന്നും അറിയില്ലെങ്കിലും ഈ സാധനങ്ങളിലൊന്നും പഞ്ചസാരയുടെ അളവ് ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ഇക്കാര്യങ്ങളെല്ലാം നമ്മള്‍ ചെയ്യുന്നത്. എന്നാല്‍ ഇത് ശരിയാണോ? ഷുഗര്‍ ഫ്രീയും നോ ആഡഡ് ഷുഗറും ഒന്നാണോ? അല്ലെന്ന് ഒറ്റ വാക്കില്‍ തന്നെ ഉത്തരം പറയാം. എന്തൊക്കെയാണ് ഇവ തമ്മിലുള്ള വ്യത്യാസമെന്ന് പരിശോധിക്കാം,
ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പബ്ലിഷിങിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പഞ്ചസാരയുടെ അളവ് 0.5 ഗ്രാമില്‍ കുറവായ ഭക്ഷണ വസ്തുക്കളെയാണ് ഷുഗര്‍ ഫ്രീ (പഞ്ചസാര രഹിതം) എന്ന് പറയുന്നത്. ഇവയില്‍ മറ്റ് ഷുഗര്‍ കണ്ടന്റുകളൊന്നും ചേര്‍ത്തിട്ടുണ്ടാകില്ലെങ്കിലും ആസ്പാര്‍ടേം, സ്റ്റീവിയ തുടങ്ങിയ കൃത്രിമ മധുരങ്ങള്‍ ചേര്‍ത്തിരിക്കാന്‍ സാധ്യതയുണ്ട്.
പ്രോസസിങ്ങിന്റെയോ പാക്കേജിങ്ങിന്റെയോ സമയത്ത് പഞ്ചസാര ചേര്‍ക്കാത്ത ഉല്‍പ്പന്നങ്ങളെയാണ് നോ ആഡഡ് ഷുഗര്‍ കാറ്റഗറിയില്‍ (പഞ്ചസാര ചേര്‍ക്കാത്തത്) ഉള്‍പ്പെടുത്തുന്നതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകമായി ഇവയില്‍ പഞ്ചസാര ചേര്‍ത്തിട്ടില്ലെന്ന് മാത്രമാണ് പറയുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായി ഉണ്ടായേക്കാവുന്ന പഞ്ചസാരയുടെ അളവ് അതേപോലെ തന്നെ ഉണ്ടായേക്കാം. ഉദാഹരണത്തിന് നമ്മള്‍ വാങ്ങുന്ന ജ്യൂസ് ബോട്ടിലില്‍ നോ ആഡഡ് ഷുഗര്‍ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇതിലേ പഴത്തിന്റെ മധുരം ഈ ജ്യൂസിനുണ്ടാകും.
പഞ്ചസാര രഹിതവും പഞ്ചസാര ചേര്‍ക്കാത്തതുമായി ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഹ്രസ്വകാലത്തേക്ക് മാത്രമേ ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങളെ നമുക്ക് ആശ്രയിക്കാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ കലോറിയും പഞ്ചസാരയോടുള്ള ആസക്തിയും കുറയ്ക്കാന്‍ സഹായിക്കും. കൃത്രിമ മധുരങ്ങള്‍ അധികകാലം കഴിക്കാതെയിരിക്കുന്നതാണ് നല്ലതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഇവിടെ മികച്ച ഓപ്ഷനായി മാറുന്നത് നോ ആഡഡ് ഷുഗര്‍ ഉല്‍പ്പന്നങ്ങളാണ്. പ്രകൃതിദത്തമായ മധുരപദാര്‍ത്ഥങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. ഓരോരുത്തരുടെയും വ്യക്തിഗത ആരോഗ്യലക്ഷ്യങ്ങള്‍ അനുസരിച്ച് വേണം ഏത് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍. പഞ്ചസാര മിതമായ അളവില്‍ കഴിക്കുന്നത് ദോഷകരമല്ലെങ്കിലും ഇവ അമിതമായാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓര്‍ക്കുക.
Content Highlights: Sugar-Free And No Added Sugar Are Not The Same, Key Differences