![search icon](https://www.reporterlive.com/assets/images/icons/search.png)
ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും ആഗ്രഹിക്കാത്തവരായി ആരാണുളളത്. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ സമയക്കുറവും മറ്റ് പല കാരണങ്ങളുംകൊണ്ട് അതിന് സാധിക്കാത്തവരുമുണ്ടാകും. എന്നാല്‍ ജിമ്മില്‍ പോകാതെതന്നെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ വഴികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
ഒരു ദിവസം കുറഞ്ഞത് 10,000 ചുവടുകളെങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ നടക്കുന്നത് 50 വയസിന് താഴെയുള്ള വ്യക്തികളില്‍ ശരീരഭാരം, ബോഡിമാസ് ഇന്‍ഡക്‌സ്, അരക്കെട്ടിന്റെ വലിപ്പം എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.
വിനോദം പോലെ തന്നെ ഏറ്റവും നല്ല വ്യായാമങ്ങളില്‍ ഒന്നുകൂടിയാണ് നൃത്തം. കലോറി എരിച്ച് കളയാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് നൃത്തം. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡാന്‍സ് സെക്ഷന്‍ 500 കലോറിവരെ എരിച്ച് കളയാന്‍ സഹായിക്കും.
പടികള്‍ കയറുന്നതും നടക്കുന്നതന് തുല്യമായ വ്യായാമമാണ്. പടികള്‍ കയറുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. മാത്രമല്ല ഇത് ഹൃദ്‌രോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
നീന്തല്‍, ടെന്നീസ്, സ്‌ക്വാഷ്, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ശരീരത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു.
ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്തുന്നതിന് ജമ്പിംഗ് റോപ്പ് പോലെയുളള വ്യായാമങ്ങള്‍ക്കായി ദിവസവും 5, 10 മിനിറ്റ് മാറ്റിവയ്ക്കുക. ജമ്പിംഗ് റോപ്പ് ഓട്ടം പോലുള്ള വ്യായാമത്തിന് തുല്യമായ കലോറി എരിച്ചുകളയുന്നു. ചില സന്ധികളില്‍ മര്‍ദ്ദം കുറയ്ക്കുന്നു. ഇത് സഹിഷ്ണുത, വേഗത, ചടുലത എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും.
Content Highlights :Five ways to stay fit without going to the gym