പുല്ലില്‍ ചെരുപ്പില്ലാതെ നടക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ശാരീരികവും മാനസികവുമായി നമ്മളെ സ്വാധീനിക്കാന്‍ ഈ നടത്തത്തിന് സാധിക്കും

dot image

ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കുന്നവരുടെ പ്രധാന വ്യായാമശീലങ്ങളില്‍ ഒന്നാണ് നടത്തം. ശരിയായ രീതിയില്‍ ചെയ്താല്‍ നിരവധി ഗുണങ്ങളാണ് നടത്തത്തിനുള്ളത്. എന്നാല്‍ നിങ്ങള്‍ പുല്ലിലൂടെ ചെരുപ്പില്ലാതെ നടക്കാറുണ്ടോ? നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രകൃതിയുമായുള്ള അടുത്ത ബന്ധം അത്ഭുതകരമായ ആരോഗ്യഗുണങ്ങളാകും നമുക്ക് നല്‍കുക. ശാരീരികവും മാനസികവുമായി നമ്മളെ സ്വാധീനിക്കാന്‍ ഈ നടത്തത്തിന് സാധിക്കും.

പുല്ലിലൂടെ നഗ്നപാദവുമായി നടക്കുന്നത് തല്‍ക്ഷണം തന്നെ നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് പഠനം പറയുന്നത്. പ്രകൃതിയുമായി അടുത്തിടപഴകുന്നത്, സമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. പച്ചപ്പുനിറഞ്ഞ അന്തരീക്ഷം സ്ത്രീകളിലും പുരുഷന്മാരിലും സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് 2013ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. പ്രകൃതിയുമായുണ്ടാകുന്ന അടുത്ത ബന്ധം ഉത്കണ്ഠ കുറയ്ക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പഠനം പറയുന്നത്.

ഉയരമുള്ള ചെരുപ്പുകളോ ഷൂസോ ഒക്കെ ഇട്ടു നടക്കുന്നതിനേക്കാള്‍ ചെരുപ്പില്ലാതെ പുല്ലിലൂടെ നടക്കുന്നത് കാലിന്റെ പേശികളെയും ശക്തിപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല മെച്ചപ്പെട്ട രക്തചംക്രമണത്തിനും ഇത് കാരണമാകും. ഇത്തരത്തില്‍ നടക്കുമ്പോള്‍ പാദങ്ങള്‍ സ്വാഭാവികമായും നിലത്ത് അമരുകയാണ് ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തിലുടനീളം രക്തയോട്ടം വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യും. പുല്ലുകളുമായി നരന്തരം സമ്പര്‍ക്കമുണ്ടാകുന്നവരില്‍ സന്തുലിതമായ രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നതായി 2024ല്‍ പുറത്തുവന്ന ഒരു പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. വെരിക്കോസ് പോലുള്ള അവസ്ഥകളെ ഒരു പരിധിവരെ തടയാന്‍ ഇത് സഹായിക്കുമെന്നും പഠനം പറയുന്നു.

മസിലുകളും ലിഗ്മെന്റുകളും അടക്കം ശക്തിപ്പെടുത്താന്‍ ഈ നടത്തം സഹായിക്കും. മൃദുലമായ ഉപരിതലത്തിലൂടെയാണ് നടക്കുന്നത് എന്നതിനാല്‍ കാല്‍വേദനയും അസ്വസ്ഥതയും ഇല്ലാതാക്കും. രാത്രിയില്‍ നല്ല ഉറക്കം കിട്ടാനും ഇത് സഹായിക്കുമെന്നും പഠനം പറയുന്നു.

Content Highlights: Health benefits of walking barefoot on grass

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us