ശരീരഭാരം കുറയ്ക്കുക എന്നത് പലരുടെയും പ്രധാനലക്ഷ്യമായി മാറിയിരിക്കുകയാണ്. മാറുന്ന ജീവിതശൈലിയും ശരിയല്ലാത്ത ഭക്ഷണക്രമവുമാണ് ശരീരഭാരം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുന്നത്. ഒടുവില്‍ കൂടുന്ന ഈ ശരീരഭാരം കുറയ്ക്കാന്‍ പടിച്ച പണി പതിനെട്ടും നോക്കുന്നവരാണ് പലരും. പറഞ്ഞ് കേള്‍ക്കുന്നതും വായിച്ചറിയുന്നതുമായ ഡയറ്റ് പ്ലാനുകള്‍ പരീക്ഷിച്ച് തുടങ്ങുകയും ചെയ്യും. ഇതില്‍ ഏറ്റവും പ്രചാരം ലഭിച്ച ഒന്നാണ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങനീരോ, ജീരകമോ, പുതിനയിലയോ ഒക്കെ ചേര്‍ത്ത് കുടിക്കുക എന്നത്. എന്നാല്‍ ഈ പൊടിക്കൈകള്‍ എത്രത്തോളം ഫലപ്രദമാണ്? ഈ 'ചൂടുവെള്ള മിശ്രിതങ്ങള്‍'ക്ക് ശരീരഭാരം കുറയ്ക്കാനാകുമോ? പരിശോധിക്കാം.,
പ്രചരണം പോലെ ഈ ചൂടുവെള്ള മിശ്രിതങ്ങള്‍ക്ക് വണ്ണം കുറയ്ക്കുന്നതിനുള്ള മാന്ത്രിക ശക്തിയില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അമിത ഗാഡ്രെ പറയുന്നത്. ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഈ പാനീയങ്ങള്‍ക്ക് കഴിയില്ലത്രേ. എന്നാല്‍ രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നതിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പല ടോക്‌സിനുകളും പുറംതള്ളാന്‍ സഹായിക്കുന്നതിലൂടെ നിങ്ങളുടെ ദഹനപ്രക്രിയ സുഖമമായി നടക്കാന്‍ ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ അത്യന്താപേക്ഷിതമാണ് കുടലിന്റെ ആരോഗ്യം. രാവിലെ ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണകരമാണ്. ബ്ലസ് സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനും ബോഡി ഡിറ്റോക്‌സിഫിക്കേഷനും ഹൈഡ്രേറ്റായിരിക്കാനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനേക്കാളും കൂടുതല്‍ കലോറി നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ഒരാളുടെ ശരീരഭാരം കുറയുക. ദിവസം മുഴുവന്‍ ഊര്‍ജ്ജ്വസ്വലമായും ഉദ്പാദനക്ഷമതയോടെയും തുടരാന്‍ നമ്മുടെ ശരീരത്തിന് നിശ്ചിത അളവില്‍ കലോറി ആവശ്യമാണ്. പ്രായം, ലിംഗഭേദം, ശരീരഭാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് കലോറിയുടെ ആവശ്യം വരിക. നിശ്ചിത അളവില്‍ ആവശ്യമായ കലോറി അനുസരിച്ചുള്ള ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമായ മാര്‍ഗമാണെന്ന് വിദഗ്ധര്‍ പറയുന്നു. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്.
Content Highlights: Can Warm Water Drinks Actually Help You Lose Weight? Here's What You Need To Know