കരളിന്റെയും വൃക്കയുടെയും ആരോഗ്യം പ്രധാനമാണ്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

കരളിന്റെയും വൃക്കയുടെയും ആരോഗ്യം വളരെ പ്രാധാന്യമുള്ളതാണ്. ഇവയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനിയങ്ങളിതാ...

dot image

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളാണ് കരളും വൃക്കയും. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യത്തിലും കരളും കിഡ്‌നിയും പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ വെള്ളം കുടിക്കുന്നത് ഈ രണ്ട് അവയവങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിന് സഹായകമാണ്. പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ചില പാനിയങ്ങള്‍ വൃക്കകളെയും കരളിനെയും സഹായിക്കുന്നു. ഈ പാനിയങ്ങള്‍ രാവിലെ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം,

ഒരുനുള്ള് മഞ്ഞള്‍ ചേര്‍ത്ത നാരങ്ങാവെളളം

നാരങ്ങാവെള്ളത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ വിഷവസ്തുക്കളെ ഇല്ലാതാക്കാനും ആവശ്യത്തിന് ജലാംശം നല്‍കാനും സഹായിക്കുന്നു. നാരങ്ങാവെളളത്തോടൊപ്പം ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുന്നത് ശുദ്ധീകരണ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരളിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പേരുകേട്ട സംയുക്തമാണ്. 2018 ല്‍ നടന്ന ഒരു പഠനത്തിലാണ് കുര്‍ക്കുമിന്‍ കരള്‍ തകരാറുകള്‍ ചികിത്സിക്കാന്‍ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്.

തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തില്‍ അര നാരങ്ങ പിഴിഞ്ഞൊഴിച്ച് ഒരു നുളള് മഞ്ഞളും ചേര്‍ത്ത് ഇളക്കി വെറും വയറ്റില്‍ കുടിക്കാം.

ജീരകവെള്ളം

നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി ഉപയോഗിക്കാറുള്ളതാണ് ജീരകവെള്ളെം. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കാനും പ്രോത്സാഹിപ്പിക്കുന്നു. അധികമായുള്ള സോഡിയവും ജലാംശവും പുറംതള്ളുകയും വൃക്കകളുടെ ഭാരം കുറയ്ക്കുകയും ചെയ്യും. കൂടാതെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം
ഒരുടീസ്പൂണ്‍ ജീരകം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ വെള്ളം ചൂടാക്കി ജീരകം ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ചെടുക്കുക. ചൂടോടെ കുടിക്കാം.

നെല്ലിക്കാ ജ്യൂസ്

ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ടും വിറ്റാമിന്‍ സി കൊണ്ടും സമ്പന്നമാണ് നെല്ലിക്ക. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്ന പ്രതിദത്ത പരിഹാരമാണ് . ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും കരളിനെ വിഷവിമുക്തമാക്കുകയും ചെയ്യും.

തയ്യാറാക്കുന്ന വിധം
നെല്ലിക്ക വെള്ളത്തിലിട്ട് അടിച്ച് ജ്യൂസുണ്ടാക്കി രാവിലെ വെറുംവയറ്റില്‍ കുടിക്കാം.

കരിക്കും വെള്ളം

കരിക്കുംവെള്ളം ഏറ്റവും നല്ല പ്രകൃതിദത്ത പാനിയമാണ്. ഇത് കരളിനെയും വൃക്കയേയും വിഷവിമുക്തമാക്കുന്നതിനുള്ള മികച്ച പാനിയമാണ്. ഇലക്ട്രോലൈറ്റുകളാല്‍ സമ്പുഷ്ടമായ ഇവ ശരീരത്തിന്റെ വെള്ളത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. കരിക്കും വെള്ളത്തിലുളള സ്വാഭാവിക ഡൈയൂറിക് ഗുണങ്ങള്‍ വൃക്കകളില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും പൊട്ടാസ്യത്തിന്റെ അളവ് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

ഇഞ്ചി, പുതിന ചായ

ദഹനത്തെ സഹായിക്കുന്നതിനും ശരീരം വിഷമുക്തമാക്കാനും സഹായിക്കുന്നതുകൊണ്ട് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് ഇഞ്ചിയും പുതിനയും. ഇഞ്ചിക്ക് കരളിലെ വിഷവസ്തുക്കളെ കാര്യമായി സംസ്‌കരിക്കാനുള്ള കഴിവുണ്ട്. പുതിന ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ സുഖകരമാക്കുന്നു.

എങ്ങനെ തയ്യാറാക്കാം


ഒരു ചെറിയ കഷണം ഇഞ്ചിയും കുറച്ച് പുതിന ഇലയും വെളളത്തിലിട്ട് അഞ്ച് മിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്ത് ചൂടോടെ ഉപയോഗിക്കാം.

ഉലുവ വെള്ളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനത്തെ പിന്തുണയ്ക്കാനുമുള്ള കഴിവ് ഉലുവയ്ക്ക് ഉണ്ട്. വെറുംവയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് കരളിനെയും വൃക്കയേയും ശുചീകരിക്കുന്നു.

തയ്യാറാക്കുന്ന വിധം
ഒരു ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ വെള്ളം അരിച്ചെടുത്ത് കുടിക്കാം.

തുളസി ചായ

തുളസിക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരത്തില്‍നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും കരളിനെയും വൃക്കയുടെയും പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല തുളസി പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

തയ്യാറാക്കുന്ന വിധം


ഒരു പിടി തുളസിയില വെള്ളത്തിലിട്ട് അഞ്ചോ പത്തോ മിനിറ്റ് തിളപ്പിക്കുക. ചൂടോടെ അരിച്ചെടുത്ത് കുടിക്കാം.

ശ്രദ്ധിക്കുക, അസുഖങ്ങള്‍ എന്തെങ്കിലും ഉളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമോ ഡയറ്റീഷ്യന്റെ നിര്‍ദ്ദേശ പ്രകാരമോ മാത്രമേ ഇവയൊക്കെ ഉപയോഗിക്കാവൂ.

Content Highlights :Here are some ways to protect your liver and kidneys

dot image
To advertise here,contact us
dot image