ഓര്‍മ്മശക്തി കൂട്ടാന്‍ അഞ്ച് ശീലങ്ങള്‍

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ എളുപ്പവഴിയുണ്ട്

dot image

പോസിറ്റീവായുള്ള പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ കാര്യക്ഷമതയേയും ഓര്‍മ്മശക്തിയേയും നല്ല രീതിയില്‍ സ്വാധീനിക്കാറുണ്ട്. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് അള്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ മുതലായ രോഗങ്ങളെ ഒരുപരിധി വരെ തടയാനും സാധിക്കും. ഇതിനായി ചില ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇത്തരം ശീലങ്ങള്‍ ഓര്‍മശക്തിയേയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളേയും ഗുണകരമായി സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിക്കുക

രാവിലെ ചായയോ കാപ്പിയോ കുടിക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക. തലച്ചോറിന്റെ 73 ശതമാനത്തിലധികം വെളളമാണ്. അതുകൊണ്ട് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ചിന്തയെ മന്ദഗതിയിലാക്കും. അതുകൊണ്ട് ഉറങ്ങി എഴുന്നേറ്റാല്‍ ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

കൈകള്‍ കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍

നമ്മുടെ കൈകളും തലച്ചോറിന്റെ പ്രവര്‍ത്തനവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ ഇടതുവശം വലതു ശരീരഭാഗവും തലച്ചോറിന്റെ വലതുവശം ഇടത് ശരീരഭാഗവും നിയന്ത്രിക്കുന്നു. നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ദിവസവും 30 സെക്കന്റ് നേരത്തേക്ക് കൈകൊണ്ടുള്ള ചെറിയ പ്രവൃത്തികള്‍ ചെയ്യുക. ഇത് തലച്ചോറിനെ കൂടുതല്‍ കാര്യക്ഷമമാക്കുകയും, ഏകോപനവും ഓര്‍മശക്തിയും മെച്ചപ്പെടുത്താനും സഹായിക്കും.

മെഡിറ്റേഷന് വേണ്ടി സമയം കണ്ടെത്തുക

ധ്യാനം നിങ്ങളുടെ ശരീരത്തിന് മാത്രമല്ല തലച്ചോറിനും നല്ലതാണ്. ധ്യാനം വിശ്രമവും ആശ്വാസവും നല്‍കുന്നതിനുപുറമേ സമ്മര്‍ദ്ദവും വേദനയും കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഓര്‍മശക്തിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 20 വയസുമുതല്‍ എല്ലാപ്രായത്തിലുമുളളവര്‍ ധ്യാനവും വിശ്രമവും ശീലിക്കുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

പ്രഭാത ഭക്ഷണത്തിന് മുന്‍പ് ലഘുഭക്ഷണം കഴിക്കുക

പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ആരോഗ്യകരമായ ഒരു ലഘുഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു പിടി നട്ട്‌സോ, അല്ലെങ്കില്‍ പഴങ്ങളോ കഴിക്കാം. ഇവയെല്ലാം ആന്റി ഓക്‌സിഡന്റ് കൊണ്ടും ഒമേഗ-3 ഫാറ്റീ ആസിഡ് കൊണ്ടും നിറഞ്ഞിരിക്കുന്നു. ഇത് ഓര്‍മശക്തിയെ പരിപോഷിപ്പിക്കുന്നു. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് വാല്‍നട്ട്‌സ് അല്ലെങ്കില് ബദാം രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ കഴിക്കുക. അതോടൊപ്പം ബ്ലൂബറി പോലെയുളള ഫലവര്‍ഗ്ഗങ്ങളും കഴിക്കുക. ഇത് തലച്ചോറിന്റെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തും.

നടത്തം ശീലിക്കൂ

10-15 മിനിറ്റ് ആണെങ്കില്‍പ്പോലും രാവിലെ ഫോണ്‍ വീട്ടില്‍വെച്ച് നടക്കാന്‍ പോകൂ. ചുറ്റുപാടുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് പച്ചപ്പും സൂര്യപ്രകാശവും ആസ്വദിച്ച് നടക്കാനിറങ്ങുക. ഇത് ഓര്‍മശക്തി ശക്തിപ്പെടുത്തുകയും നിങ്ങളെ കൂടുതല്‍ സജീവമാക്കാനും സഹായിക്കും. പതിവായി നടക്കുന്നത് മികച്ച കാര്‍ഡിയോ വ്യായാമം കൂടിയാണ്. ഇത് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ധിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Content Highlights :There is an easy way to help brain function and improve memory

dot image
To advertise here,contact us
dot image