ചിയ സീഡ്‌സിന്റെ ആരോഗ്യ ​ഗുണങ്ങളറിയാം, എന്നാല്‍ ദോഷ വശങ്ങളോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

ചിയ സീഡ്‌സിന്റെ ആരോഗ്യഗുണങ്ങളും ദോഷവശങ്ങളും അറിയാം

dot image

പല ഡയറ്റ് രീതികളും പരീക്ഷിക്കുന്നവരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്ന ഒന്നായി ചിയ സീഡ്‌സ് മാറിയിട്ടുണ്ട്. സ്മൂത്തികളില്‍ കലര്‍ത്തിയും പുഡ്ഡിങ്ങിലും പഴങ്ങളിലുമിട്ടും ചിയ സീഡ്‌സ് കഴിക്കാം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു സൂപ്പര്‍ഫുഡ് തന്നെയാണ് ചിയ സീഡ്സ്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നതിന് ചില ദോഷ വശങ്ങളുണ്ടെന്ന് എത്ര പേര്‍ക്ക് അറിയാം.

സാല്‍വിയ ഹിസ്പാനിക്ക, സാല്‍വിയ കൊളംബേറിയ എന്നീ സസ്യങ്ങളുടെ ചെറിയ കറുത്ത നിറത്തിലുള്ള വിത്തുകളാണ് ചിയ സീഡ്‌സ്. 5000ല്‍ അധികം വര്‍ഷമായി ആളുകള്‍ ചിയ സീഡ്‌സ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഹാര്‍വാര്‍ഡ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചിയ സീഡ്‌സിന്റെ ആരോഗ്യഗുണങ്ങള്‍

സസ്യാധിഷ്ഠിതമായ പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് ചിയ സീഡ്‌സ്. ഇവയുടെ ഉപയോഗം കൂടുതല്‍ സമയം വയറ് നിറഞ്ഞിരിക്കുന്നതായി തോന്നാന്‍ സഹായിക്കും. ഇവ വെള്ളത്തില്‍ കലര്‍ത്തി കഴിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് മാന്‍ഹട്ടന്‍ മെഡിക്കല്‍ ഓഫീസിലെ ഫിസീഷ്യന്‍ ഡോ. കൗശിക് ഗോവിന്ദരാജു പറയുന്നത്. ഇവയില്‍ ധാരാളം നാരുകള്‍(ഫൈബര്‍) അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും, രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് നിയന്ത്രിക്കുന്നതിനും നല്ലതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ചിയ സീഡ്‌സില്‍ നിങ്ങള്‍ ഒരു ദിവസം കഴിക്കേണ്ടതിന്റെ 20% ഫൈബര്‍ അടങ്ങിയിട്ടുണ്ടെന്നും ഡോ. കൗശിക് പറഞ്ഞു.

ഒമേഗ-3 ഫാറ്റി ആസിഡിന്റെയും മികച്ച ഉറവിടമാണ് ചിയ സീഡ്‌സ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മികച്ച പങ്കുവഹിക്കാന്‍ ഇവയ്ക്കാകും. ഒരു സ്ലോ റിലീസ് എനര്‍ജി സോഴ്‌സ് കൂടിയാണ് ചിയ സീഡ്‌സ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ചിയ സീഡ്‌സ്.

ഒരു ദിവസം കഴിക്കേണ്ട അളവ്

ദിവസത്തില്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയ സീഡുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചിയ സീഡ്‌സ് യോഗര്‍ട്ടിനൊപ്പമോ, സാലഡിനൊപ്പമോ ചേര്‍ത്ത് കഴിക്കാം. മാത്രമല്ല ബ്രെഡോ മഫിനോ ബേക്ക് ചെയ്യുമ്പോഴും ചിയ സീഡ്‌സ് ചേര്‍ക്കാമെന്ന് ഡോ. കൗശിക് പറഞ്ഞു.

ചിയ സീഡ്‌സിന്റെ ദോഷവശങ്ങള്‍

ചിയ സീഡ്‌സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും അറിഞ്ഞിരിക്കേണ്ട ചില ദോഷവശങ്ങളുമുണ്ട്. ഉയര്‍ന്ന അളവില്‍ ചിയ സീഡ്‌സ് കഴിക്കുന്നത് ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ കണ്ടന്റ് എത്താന്‍ കാരണമാകും. ഇത് വയറുവേദന അല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ക്കുള്‍പ്പടെ കാരണമായേക്കാം.

ചിയ വിത്തുകള്‍ വലിയ അളവില്‍ വെള്ളം ആഗിരണം ചെയ്യും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കാതെ ചിയ സീഡ്‌സ് കഴിക്കുന്നത് മലബന്ധത്തിനും കാരണമായേക്കാം. ശ്വാസതടസമുള്‍പ്പടെ അനുഭവിക്കുന്ന ആളുകളില്‍ ചിയ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ക്കാതെ കഴിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ചിയ വിത്തുകള്‍ക്ക് അവയുടെ ഭാരത്തിന്റെ 10 മടങ്ങ് ദ്രാവകം ആഗിരണം ചെയ്യാന്‍ കഴിയും. അതിനാല്‍ ഇവ ഉമിനീരുമായോ വെള്ളവുമായോ ചേരുമ്പോള്‍ വീര്‍ക്കുകയും തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ഡോ. കൗശിക് പറയുന്നത്.

ചില മരുന്നുകള്‍ കഴിക്കുന്നവര്‍ ചിയ സീഡ്‌സ് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ബ്ലഡ് തിന്നിങ് തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവരാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശം തേടിയിരിക്കണം.

അപൂര്‍വമായി ചില ആളുകളില്‍ ചിയ സീഡ്‌സ് അലര്‍ജിയുണ്ടാക്കിയേക്കാം. ഭൂരിഭാഗം ആളുകളിലും ചിയ സീഡ്‌സ് മറ്റ് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാക്കില്ലെന്നും കൗശിക് വ്യക്തമാക്കി. ചിയ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തി കഴിക്കുന്നതാണ് എപ്പോഴും നല്ലതെന്നും, മിതമായ അളവിലായിരിക്കണം ഇവയുടെ ഉപയോഗമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: What to Know About the Dangers of Chia Seeds

dot image
To advertise here,contact us
dot image