
ഒരു മനുഷ്യന്റെ പ്രഭാത ശീലങ്ങള്‍ അവന്റെ അന്നത്തെ ദിവസത്തെ മുഴുവന്‍ സ്വാധീനിക്കാന്‍ കഴിയുന്നവയാണ്. അതുകൊണ്ടാണ് ആരോഗ്യകരമായ പ്രഭാത ശീലങ്ങള്‍ പിന്തുടരുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കാലങ്ങളായി മുതിര്‍ന്നവര്‍ പറയുന്നതും. ലോകത്തിലെ ഏറ്റവും പ്രശസ്തരായ വ്യക്തികള്‍ പിന്തുടരുന്ന ചില പ്രഭാത ശീലങ്ങളെക്കുറിച്ച് അറിയാം.
ആപ്പിള്‍ സിഇഒ ടിംകുക്ക് തന്റെ ഒരു ദിവസം ആരംഭിക്കുന്നത് 3.45 ന് എഴുന്നേല്‍ക്കുന്നതോടെയാണ്. തനിക്ക് വരുന്ന ഇമെയിലുകള്‍ക്ക് മറുപടി നല്‍കാനും ഉപയോക്താക്കളുടെ മറുപടികള്‍ വായിക്കാനും തൊട്ടടുത്ത ദിവസത്തേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അദ്ദേഹം രാവിലെ ഏഴുന്നേറ്റാലുളള സമയം ഉപയോഗിക്കുന്നു.
അമേരിക്കന്‍ അവതാരകയും പ്രൊഡ്യൂസറും നടിയുമായ ഒപ്ര വിന്‍ഫ്രി തന്റെ പ്രഭാതശീലങ്ങള്‍ ആരംഭിക്കുന്നത് ധ്യാന(മെഡിറ്റേഷന്‍)ത്തിലൂടെയാണ്. ദിവസവും രാവിലെ 20 മിനിറ്റ് ധ്യാനത്തിനായി അവര്‍ മാറ്റിവയ്ക്കുന്നു. മാനസികാരോഗ്യവും വൈകാരിക സന്തുലിതാവസ്ഥയും വളര്‍ത്തിയെടുക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമാണത്.
നടനും നിർമ്മാതാവും മുന്‍ ഗുസ്തിക്കാരനുമായ ഡ്വെയ്ന്‍ ജോണ്‍സണ്‍ തന്റെ ഒരു ദിവസം ആരംഭിക്കുന്നത് വ്യായാമത്തോടെയാണ്. ഊര്‍ജ്ജം നിലനിര്‍ത്താനും ഉന്‍മേഷം നിലനിര്‍ത്താനും തന്റെ ദിനചര്യയില്‍ കൃത്യമായ വ്യായാമങ്ങള്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശതകോടീശ്വരനായ വാറന്‍ ബഫറ്റ് തന്റെ രാവിലെയുളള സമയം ചെലവഴിക്കുന്നത് പത്രങ്ങള്‍, പുസ്തകങ്ങള്‍, സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ എന്നിവ വായിച്ചുകൊണ്ടാണ്. തുടര്‍ച്ചയായ പഠനം ദീര്‍ഘകാല വിജയത്തിന് വളരെ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് തന്റെ സമയ ക്രമത്തില്‍ വളരെ കൃത്യനിഷ്ഠതയും അച്ചടക്കവുമുള്ളവനാണ്. പരമാവധി കാര്യക്ഷമതയും ഉത്പാദന ക്ഷമതയും ഉറപ്പാക്കാന്‍ എല്ലാ ദിവസവും രാവിലെ തന്റെ ദിവസത്തെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നു.
മുന്‍ യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ തന്റെ പ്രഭാതം ആരംഭിക്കുന്നത് പ്രോട്ടീനുകളും നാരുകളും അടങ്ങിയ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണത്തോടെയാണ്. ഇത് ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താനും ശ്രദ്ധയോടെയിരിക്കാനും സഹായിക്കുന്നു.
മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്‌സ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്തുകൊണ്ടാണ്. ഇങ്ങനെ വ്യായാമം ചെയ്യുന്നതിനിടയില്‍ അദ്ദേഹം പലപ്പോഴും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വീഡിയോകളും കാണാറുണ്ടത്രേ.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് കൃത്യമായ ഒരു പ്രഭാത ദിനചര്യയുണ്ട്. ഗുണനിലവാരത്തിലാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അദ്ദേഹം എന്നും അലാറമില്ലാതെ ഉണരും. രാവിലെ 10 മണി മുതല്‍ 12 മണിവരെ വെല്ലുവിളികള്‍ നിറഞ്ഞ ജോലികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നത്.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്റെ പ്രഭാതങ്ങള്‍ ശാന്തവും സമാധാനവുമായിരിക്കാന്‍ ആഗ്രഹിക്കുന്നു. അതുപോലെ സാവധാനത്തില്‍ കാര്യങ്ങള്‍ ചെയ്യാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. തന്റെ പ്രഭാതങ്ങള്‍ പഠനത്തിലും തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നു. കൂടാതെ വാര്‍ത്തകളും ലേഖനങ്ങളും വായിക്കാനാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
Content Highlights :Morning habits followed by successful people