ഈ ലക്ഷണങ്ങള്‍ നിസാരമെന്ന് കരുതല്ലേ… ചിലപ്പോള്‍ ഗുരുതരരോഗത്തിന്റെ മുന്നറിയിപ്പാകാം

അവഗണിച്ചുകളയുന്ന ചെറിയ ലക്ഷണങ്ങള്‍ പോലും ഹൃദയാരോഗ്യത്തെ കുറിച്ച് വലിയ സൂചന നല്‍കുന്നതാകാമെന്ന് ഡോക്ടര്‍ പറയുന്നു

dot image

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മാറുന്ന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ജോലിയിലെ സമ്മര്‍ദ്ദം തുടങ്ങിയവ ഇതിന് കാരണമാകുന്നുണ്ട്. ഹൃദയത്തിന് ഫലപ്രദമായി രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരികയും ശരീരാവയവങ്ങള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്. പലപ്പോഴും ഇതിന്റെ ലക്ഷണങ്ങള്‍ ശരീരം നേരത്തെ തന്നെ കാണിച്ചു തുടങ്ങിയിരിക്കും. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഇത് തിരിച്ചറിയാന്‍ സാധിക്കാത്തത് സ്ഥിതി ഗുരുതരമാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഹൃദയാരോഗ്യസംബന്ധമായ പല ലക്ഷണങ്ങളും പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുകയോ തെറ്റായി നിര്‍ണയിക്കപ്പെടുകയോ ആണ് ചെയ്യുന്നത്. ചെറിയൊരു ക്ഷീണമെന്ന് കരുതുന്നത് വരെ വലിയ രോഗത്തിന്റെ മുന്നറിയിപ്പാകാമെന്നാണ് കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ കഹാലെ പറഞ്ഞത്. ഹൃദയാരോഗ്യത്തിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് ഒരു ജീവന്‍ രക്ഷിക്കുന്നതിന് വരെ കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ പതിറ്റാണ്ടിനിടെ ഹൃദയസ്തംഭനമുണ്ടാകുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാലില്‍ ഒരാള്‍ക്കെങ്കില്‍ ജീവിതകാലത്തിനിടയ്ക്ക് എപ്പോഴെങ്കിലും ഹൃദയാഘാതം ഉണ്ടായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമിതമായ ക്ഷീണം, അല്ലെങ്കില്‍ ശരീരവീക്കം തുടങ്ങിയ ലക്ഷണങ്ങളെ വാര്‍ധക്യത്തിന്റെയോ സമ്മര്‍ദ്ദത്തിന്റെയോ ഒക്കെ ഫലമാണെന്ന് കരുതി ആളുകള്‍ അവഗണിക്കുന്നു. അവര്‍ ഇത് തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുമ്പോഴേക്കും ഒരുപക്ഷെ ഒരുപാട് വൈകിയിരിക്കുമെന്നും ഡോ. കഹാലെ ചൂണ്ടിക്കാട്ടി.

'ഹൃദയം' നല്‍കുന്ന 5 ലക്ഷണങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ നെഞ്ചുവേദനയുമായാണ് നമ്മള്‍ ബന്ധപ്പെടുത്തുന്നത്. എന്നാല്‍ നമ്മള്‍ അവഗണിച്ചുകളയുന്ന ചെറിയ ലക്ഷണങ്ങള്‍ പോലും ഹൃദയാരോഗ്യത്തെ കുറിച്ച് വലിയ സൂചന നല്‍കുന്നതാകാമെന്ന് ഡോക്ടര്‍ പറയുന്നു. ഇത്തരത്തിലുള്ള ചില ലക്ഷണങ്ങളും ഡോ. കഹാലെ പങ്കുവെക്കുന്നുണ്ട്.

അസാധാരണമായ കഫത്തോടൊപ്പം നീണ്ടുനില്‍ക്കുന്ന ചുമ: വെളുത്തതോ പിങ്ക് നിറത്തിലുള്ളതോ ആയ കഫത്തോടെ നീണ്ടുനില്‍ക്കുന്ന ചുമ ഉണ്ടെങ്കില്‍ നിങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഇവ ഒരുപക്ഷെ നിങ്ങളുടെ ശ്വാസകോളത്തില്‍ ഫ്‌ളൂയിഡ് അടിഞ്ഞുകൂടുന്നതിന്റെ ലക്ഷണമാകാം.

വിശപ്പില്ലായ്മയും ഓക്കാനവും: പെട്ടെന്ന് വയറുനിറഞ്ഞതായി തോന്നുകയോ പ്രത്യേക കാരണമൊന്നുമില്ലാതെ ഓക്കാനം വരികയോ ചെയ്യുന്നുണ്ടെങ്കില്‍ വൈദ്യ സഹായം തേടണം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന രക്തചംക്രമണത്തിലെ കുറവുമൂലമാകാം ചിലപ്പോള്‍ ഈ അവസ്ഥയുണ്ടാകുന്നത്.

മറവിയും ആശയക്കുഴപ്പവും: തലച്ചോറിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാകുന്നത് ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയ്ക്ക് കാരണമായേക്കാം.

കൈകളിലും കാലുകളിലും തണുപ്പ് അനുഭവപ്പെടുക: ഹൃദയത്തില്‍ നിന്നുള്ള രക്തചംക്രമണം ശരിയായി നടക്കാത്തത് കൈ,കാലുകളില്‍ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണമായേക്കാം. ഈ ഭാഗങ്ങളിലേക്ക് ശരിയായ രീതിയില്‍ രക്തം എത്താത്തതാകാം കാരണം. കൈകളില്‍ മരവിപ്പ് അനുഭവപ്പെടുകയോ വീര്‍ക്കുന്നതിനോ ഇത് കാരണാകും.

പതിവായി രാത്രിയില്‍ മൂത്രമൊഴിക്കല്‍: രാത്രിയില്‍ മൂത്രമൊഴിക്കാന്‍ നിങ്ങള്‍ പലതവണ ഉണരാറുണ്ടോ? ഇത് ചിലപ്പോള്‍ ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ മൂലമായേക്കാമെന്നാണ് ഡോക്ടര്‍ പറയുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഫ്‌ളൂയിഡുകള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകുകയും ചെയ്‌തേക്കാം. ഇതാകാം രാത്രിയില്‍ ഇടക്കിടെയുള്ള മൂത്രാശങ്കയ്ക്ക് കാരണം.

ഹൃദയസ്തംഭനത്തിന്റെ പ്രാരംഭ ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ അസിഡിറ്റി മരുന്നുകള്‍ നല്‍കി തിരിച്ചയക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് ഡോ. കഹാലെ പറഞ്ഞു. ഹൃദയസ്തംഭവന പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും ഗ്യാസ്ട്രിക് പ്രശ്‌നങ്ങളോ ശ്വാസകോശ സംബന്ധമായ അണുബാധകളോ, ക്ഷീണമോ ഒക്കെയായി തെറ്റിദ്ധരിക്കാറുണ്ട്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അവ അവഗണിക്കരുതെന്നും വൈദ്യസഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Content Highlights: Cardiologist Shares Confusing Signs Of Heart Failure People Most Often Ignore

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us