
'48 മണിക്കൂറില്‍ മരണം'; കോംഗോയില്‍ ഭീതി പടര്‍ത്തി അജ്ഞാത രോഗം, 50 കടന്ന് മരണസംഖ്യ
കോംഗോയില്‍ ഭീതി പടര്‍ത്തി അജ്ഞാത രോഗം. ഇതുവരെ 53 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി 48 മണിക്കൂറിനുള്ളിലാണ് ഈ മരണങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത്.
ജനുവരി ആദ്യവാരം മുതല്‍ ഇതുവരെ 431 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഓഫീസ് അറിയിച്ചു. എക്വാട്ടര്‍ പ്രവിശ്യയിലെ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലായി പടര്‍ന്നുപിടിച്ച രോഗത്തിന്റെ മരണനിരക്ക് 12.3 ശതമാനമെന്നാണ് വിലയിരുത്തല്‍. പനി, ഛര്‍ദ്ദി, വയറിളക്കം, പേശിവേദന, തലവേദന, കടുത്ത ക്ഷീണം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
ബൊലോക്കോ ഗ്രാമത്തില്‍ നിന്നാണ് പകര്‍ച്ചവ്യാധിയെന്ന് കരുതുന്ന ഈ രോഗത്തിന്റെ ഉത്ഭവമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും. യഥാര്‍ത്ഥ രോഗ കാരണം ഇപ്പോഴും അജ്ഞാതമാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് താരിഖ് ജസറേവിക് പറഞ്ഞു. ഈ രോഗം പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. രോഗകാരണം സംബന്ധിച്ച് ആരോഗ്യ സംഘടനകളുടെ പരിശോധന പ്രാദേശികമായി നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമത്തിലെ അഞ്ച് വയസിന് താഴെയുള്ള മൂന്ന് കുട്ടികളുടെ മരണത്തോടെയാണ് പകര്‍ച്ചവ്യാധി സാധ്യതയില്‍ അന്വേഷണം ആരംഭിച്ചത്. പിന്നാലെ നിരവധി പേര്‍ക്ക് രോഗബാധ കണ്ടെത്തുകയായിരുന്നു. പനി, ക്ഷീണം മൂക്കില്‍ നിന്ന് രക്തം വരിക, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് മരിച്ച കുട്ടികള്‍ക്കുണ്ടായിരുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് കുട്ടികള്‍ വവ്വാല്‍ ഇറച്ചി കഴിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പിന്നാലെ ഈ ഗ്രാമത്തിലെ നാല് കൂട്ടികള്‍ കൂടി ഈ രോഗലക്ഷണങ്ങളോടെ മരിച്ചു. അഞ്ച് വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളായിരുന്നു മരിച്ചത്. പിന്നാലെ കേസുകളുടെ എണ്ണം കൂടുകയായിരുന്നു. ബൊലോക്കോയുടെ അയല്‍ഗ്രാമമായ ധാണ്ടയിലും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി വ്യക്തമാക്കി. രോഗലക്ഷണം കണ്ടെത്തിയവരുടെ സാമ്പിളുകള്‍ കോംഗോയിലെ ബയോമെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അച്ചിട്ടുണ്ട്. എബോള അടക്കമുള്ള രോഗങ്ങളല്ല ഇവര്‍ക്കെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Two clusters of unknown illness kill 50 in Democratic Republic of Congo