കൊടും ചൂടിലെ താമസം പെട്ടെന്നുള്ള വാര്‍ദ്ധക്യത്തിന് കാരണമാകുമോ? പുതിയ പഠനം പറയുന്നത്

പഠനത്തിന് വിധേയമായ 3600 അമേരിക്കന്‍ പൗരന്മാരില്‍ ബയോളജിക്കല്‍ ഏജില്‍ വ്യത്യാസം വന്നതായി കണ്ടെത്തി

dot image

കഠിനമായ ചൂടില്‍ ജീവിക്കുന്നത് ഒരാളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് തള്ളിവിടുമെന്ന് പഠനം. അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തിലാണ് കണ്ടെത്തല്‍. ചൂടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും തണുപ്പ് പ്രദേശത്ത് താമസിക്കുന്നവരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ചൂടുള്ള പ്രദേശത്ത് താമസിക്കുന്നവരുടെ ബയോളജിക്കല്‍ ഏജില്‍ എളുപ്പത്തില്‍ വ്യത്യാസമുണ്ടാകുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്.

സയന്‍സ് അഡ്വാന്‍സ് എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠനം അനുസരിച്ച്, ചൂടുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന വ്യക്തികളില്‍ ജൈവശാസ്ത്രപരമായി പെട്ടെന്നുള്ള വാര്‍ദ്ധക്യം കണ്ടെത്തി. ഒരാളുടെ 'ക്രൊണോളജിക്കള്‍ ഏജും' 'ബയോളജിക്കല്‍ ഏജും' തമ്മിലുള്ള വ്യത്യാസവും പഠനത്തിന് വിധേയമാക്കി.

അമിതമായി ചൂട് ഏല്‍ക്കുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ബയോളിക്കല്‍ ഏജിങ്ങുമായുള്ള ചൂടിന്റെ ബന്ധം വ്യക്തമായിരുന്നില്ല. എന്നാല്‍ ഈ കണ്ടെത്തല്‍ ചൂടും ഹ്യുമിഡിറ്റിയും തമ്മിലുള്ള സംയോജനത്തെ കുറിച്ചാണെന്ന് പഠന സംഘത്തിലുണ്ടായിരുന്ന ജെന്നിഫര്‍ ഐല്‍ഷോര്‍ പറഞ്ഞു. പ്രത്യേകിച്ച് പ്രായമായവരിലാണ് ഇത് പ്രശ്‌നമുണ്ടാക്കുന്നത്. വിയര്‍ക്കുന്നതിന്റെ അളവ് ഇവരില്‍ വ്യത്യസ്തമായിരിക്കും. വിയര്‍പ്പിന്റെ ബാഷ്പീകരണത്തില്‍ നിന്ന് ഉണ്ടാകുന്ന ചര്‍മ്മത്തെ തണുപ്പിക്കാനുള്ള കഴിവ് ഇതോടെ ഇല്ലാതാകുമെന്നും ജെന്നിഫര്‍ പറയുന്നു.

പഠനത്തിന് വിധേയമായ 3600 അമേരിക്കന്‍ പൗരന്മാരില്‍ ബയോളജിക്കല്‍ ഏജില്‍ വ്യത്യാസം വന്നതായി കണ്ടെത്തി. ആറ് വര്‍ഷത്തോളം നീണ്ട പഠനകാലയളവില്‍ നിരവധി തവണ ഇവരുടെ രക്തം ഉള്‍പ്പെടെ പരിശോധിച്ചു. 2010നും 2016നും ഇടയിലാണ് പഠനം നടന്നത്.

കഠിനമായ ചൂട് ശരീരത്തിനുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ രോഗനിര്‍ണയം നടത്തുന്നത് പോലെ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകില്ലെന്നാണ് സംഘാംഗമായ യൂന്‍ യങ് കോയ് പറഞ്ഞത്. എന്നാല്‍ ഇത് കോശ, തന്മാത്രാ കണങ്ങളില്‍ ആഘാതം സൃഷ്ടിക്കും. അത് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ ആരോഗ്യപ്രശ്‌നമായി മാറിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഷത്തിന്റെ പകുതിയോളം താപ സൂചിക 32 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ഉള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ഒരാള്‍ക്ക്, തണുപ്പുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ 14 മാസം കൂടുതല്‍ ജൈവിക വാര്‍ദ്ധക്യം അനുഭവപ്പെട്ടതായാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇങ്ങനെ സംഭവിക്കാനുള്ള ഘടകങ്ങളും പ്രതിവിധികളും കണ്ടെത്തുന്നതിനായാണ് അടുത്ത ഘട്ട പഠനമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

Content Highlights: Living in extreme heat can make you age faster, Here's how

dot image
To advertise here,contact us
dot image