
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരുടെ സ്ഥിരം ഭക്ഷണമാകും ബദാമും ചിയ സീഡ്‌സും. വെള്ളത്തില്‍ കുതിര്‍ത്ത ബദാമും ചിയ സീഡ്‌സും ഇവരുടെ പ്രഭാതദിനചര്യകളുടെ ഭാഗം തന്നെയായിരിക്കും. നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇവയില്‍ ഏതാണ് കൂടുതല്‍ ആരോഗ്യകരമെന്ന് ചിന്തിച്ചിട്ടുണ്ടോ? പരിശോധിക്കാം,
ചിയ സീഡ്‌സ്
ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ കുതിര്‍ത്ത ചിയ സീഡ്‌സില്‍ 138 കലോറി അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ് ചിയ വിത്തുകള്‍. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരവീക്കം കുറയ്ക്കാനും ഇവ സഹായിക്കും. 2 ടേബിള്‍സ്പൂണ്‍ ചില വിത്തുകളില്‍ 10 ഗ്രാം ഫൈബര്‍, 4 ഗ്രാം പ്രോട്ടീന്‍, 9 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. മാത്രമല്ല കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവയും ഇവയില്‍ നിന്ന് ലഭിക്കും.
നാരുകളാല്‍ സമ്പന്നമാണ് ചിയ സീഡ്‌സ്. ഇത് ദഹനപ്രക്രിയയെ സഹായിക്കുകയും കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. ചിയ സീഡുകള്‍ നാരുകളാല്‍ സമ്പന്നമായതുകൊണ്ടുതന്നെ കൂടുതല്‍ സമയം വയറ് നിറഞ്ഞതായി തോന്നുകയും ചെയ്യും.
ചിയ സീഡ്‌സിനെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മസംരക്ഷണത്തിലും നിര്‍ണായ പങ്ക് വഹിക്കുന്നതാണ്. മാത്രമല്ല ഇവ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും മുടിയുടെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു. ചിയ സീഡ്‌സിലുള്ള ഒമേഗ-3 തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലും നിര്‍ണായക പങ്ക് വഹിക്കുന്നവയാണ്.
ബദാം
കുതിര്‍ത്ത 20 ബദാമുകളില്‍ അടങ്ങിയിരിക്കുന്നത് 98 കലോറിയാണ്. 20 കുതിര്‍ത്ത ബദാമില്‍ 3 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 3.5 ഗ്രാം പ്രോട്ടീന്‍, 9 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവയായും സമ്പുഷ്ടമാണ്. ബദാമില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ കൂടുതലാണ്, ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) വര്‍ധിപ്പിക്കുകയും ചെയ്യും, ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ബദാമില്‍ നാരുകളും പ്രീബയോട്ടിക്‌സും അടങ്ങിയിട്ടുണ്ട്, ഇത് കുടലിന് അനുകൂലമായ ബാക്ടീരിയകളെ പിന്തുണയ്ക്കുന്നു. ബദാം കുതിര്‍ക്കുന്നത് ഫൈറ്റിക് ആസിഡിനെ നീക്കം ചെയ്യുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബദാമിലെ
ഉയര്‍ന്ന വിറ്റാമിന്‍ ഇ യുടെ അളവ് ചര്‍മ്മത്തെ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും മുടിയെ ശക്തമായി നിലനിര്‍ത്തുകയും ചെയ്യുന്നു.
ഏതാണ് നല്ലത്?
ദഹനത്തിനും ശരീരഭാരം കുറയ്ക്കലിനും കൂടുതല്‍ നാരുകള്‍ ആവശ്യമുള്ള ആളാണ് നിങ്ങളെങ്കിലോ, ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഒമേഗ-3 വേണമെങ്കിലോ, അല്ലെങ്കില്‍ പാലുല്‍പ്പന്നങ്ങള്‍ കഴിക്കാതെ കാത്സ്യം ലഭിക്കണമെങ്കിലോ ചിയ വിത്തുകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.
തിളങ്ങുന്ന ചര്‍മ്മത്തിനും മുടിക്കുമായി കൂടുതല്‍ വിറ്റാമിന്‍ ഇ വേണമെങ്കില്‍ ബദാം തിരഞ്ഞെടുക്കാം. പേശികളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നല്‍കാനും, സുസ്ഥിരമായ ഊര്‍ജ്ജത്തിനായി കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ്, അല്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പോഷക സമ്പുഷ്ടമായ ഒരു ലഘുഭക്ഷണമായും ബദാം ഉപയോഗിക്കാം.
ചിയ വിത്തുകള്‍ ഉയര്‍ന്ന അളവില്‍ നാരുകളാലും ഒമേഗ-3 എന്നിവയാലും സമ്പുഷ്ടമാണ്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, അവശ്യ മൈക്രോ ന്യൂട്രിയന്റുകള്‍ എന്നിവ ബദാമില്‍ ധാരാളമുണ്ട്.
Content Highlights: Soaked chia seeds vs soaked almonds: Which is more nutritious