
നല്ല ചൂട് കാലമാണ്, ഒപ്പം ശരീരം പൊള്ളി പോകുന്ന വെയിലും. ഈ സമയത്ത് നിർജലീകരണം സംഭവിക്കാതെ ഇരിക്കാൻ നമ്മൾ വെള്ളം ധാരളമായി കുടിക്കണം എന്ന് പറയാറുണ്ട്. പക്ഷേ അതിനൊപ്പവും നമ്മുടെ ചർമ്മത്തിന്റെ കാര്യത്തിലും ശ്രദ്ധവേണം. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ദിവസവും സൺസ്ക്രീൻ പുരട്ടേണ്ടത് പ്രധാനമാണ്.
പ്രത്യേകിച്ച് വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ ഉറപ്പായും സൺസ്‌ക്രീൻ ഉപയോഗിക്കണം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനും സ്കിന്‍ ക്യാൻസര്‍ മുതല്‍ സണ്‍ ടാന്‍ വരെ തടയാനും സൺസ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കാലാവസ്‌ഥ ഏതാണെങ്കിലും സൺസ്‌ക്രീൻ ഉപയോഗിക്കണം എന്നതാണ് ഏറ്റവും പ്രധാനം. ഇന്നത്തെ കാലത്ത് മാർക്കറ്റിൽ വിവിധ ബ്രാൻഡുകളിലും പേരുകളിലും സൺസ്ക്രീൻ വിൽക്കപ്പെടുന്നുണ്ട്. ഏതെങ്കിലും ഒരു സൺസ്‌ക്രീൻ എന്നതിലുപരി നമ്മുടെ ചർമ്മത്തിന് ചേരുന്ന സൺസ്‌ക്രീൻ വേണം തെരഞ്ഞെടുക്കാൻ. കെമിക്കൽ സൺസ്‌ക്രീൻ, ഫിസിക്കൽ സൺസ്‌ക്രീൻ, ക്രീം സൺസ്‌ക്രീൻ, മിനറൽ സൺസ്‌ക്രീൻ എന്നിങ്ങനെ പലതം സൺസ്‌ക്രീനുകളുണ്ട്. നമ്മുടെ ചർമം ഏത് തരമാണെന്ന് മനസിലാക്കി വേണം സൺസ്‌ക്രീനുകൾ തെരഞ്ഞെടുക്കേണ്ടത്.
മിനറൽ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയ സൺസ്ക്രീനുകൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതവും കൂടുതൽ ഫലപ്രദവും. വരണ്ട ചര്‍മ്മമുള്ളവര്‍ക്കും എണ്ണമയം ഉള്ള ചര്‍മ്മത്തിനുമൊക്കെ പ്രത്യേക തരം സൺസ്‌ക്രീനുകള്‍ വിപണിയില്‍ ലഭ്യമാണ്. ചിലർക്ക് സൺസ്ക്രീൻ ഇടുമ്പോൾ അലർജി ഉണ്ടാവുന്നത് ശ്രദ്ധയിൽപ്പെടാറുണ്ട്. അത്കൊണ്ട് തന്നെ മുഖത്ത് സൺസ്ക്രീൻ ഇടുമ്പോൾ ആദ്യം കൈയ്യിൽ പുരട്ടി അലർജി ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
നമ്മുടെ ചർമ്മത്തിന് ചേരുന്ന മോയിസ്ചറൈസർ ആദ്യം ഇടാൻ ആദ്യം ഓർക്കണം. അതിന് ശേഷം മാത്രമേ സൺസ്ക്രീനുകൾ ഉപയോഗിക്കാൻ പാടുള്ളൂ. ഏകദേശം നാല് മണിക്കൂർ വരെയായിരിക്കും സൺസ്ക്രീൻ സംരക്ഷണം നൽകുക. ഈ നാല് മണിക്കൂറിന് ശേഷം വീണ്ടും ഇത് അപ്ലൈ ചെയ്യേണ്ടതാണ്. ഓയിലി സ്‌കിന്നുള്ളവർ ജെൽ ടൈപ്പ് സൺസ്‌ക്രീൻ ഉപയോഗിക്കുന്നതാകും നല്ലത്. വരണ്ട ചർമ്മുള്ളവരാണെങ്കിൽ ക്രീം രൂപത്തിലുള്ള സൺസ്‌ക്രീൻ വേണം ഉപയോഗിക്കാൻ. വലിയ രീതിയിലുള്ള വെയിൽ ഏൽക്കാത്തവർ SPF 30 + ഉപയോഗിക്കുക. വെയിൽ കൊള്ളുന്നത് കൂടുതലാണെങ്കിൽ 50+ സൺസ്‌ക്രീനുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
മുഖത്ത് മാത്രമായി സണ്‍സ്ക്രീന്‍ ഒരിക്കലും ഉപയോഗിക്കരുത്, പകരം ഇവ കഴുത്തിലും വേണമെങ്കില്‍ കൈയിലും പുരട്ടണം. സൂര്യതാപം തടയാനും മെലനോമ ഉൾപ്പെടെയുള്ള ചർമ്മ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാനും സൺസ്‌ക്രീൻ സഹായിക്കുന്നു. കൂടാതെ ചർമ്മത്തിന്റെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കുവാനും സൺസ്‌ക്രീനിന്റെ ഉപയോഗം സഹായിക്കുന്നു.
Content Highlights : Things you should know when choosing a sunscreen