ഒരു ദിവസം ഉറങ്ങിയില്ലെങ്കില്‍ എന്ത് സംഭവിക്കും? പ്രത്യാഘാതം നിസാരമല്ലെന്ന് പഠനം

ഉറക്കമില്ലാത്ത ഒരു രാത്രി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കാന്‍ പര്യാപ്തമാണെന്നാണ് കണ്ടെത്തിയത്.

dot image

രാത്രി വൈകി ഉറങ്ങുക, ഒരു ദിവസം ഉറങ്ങാതിരിക്കുക… ഇതൊക്കെ പുതുതലമുറയ്ക്ക് അസാധാരണമായ ഒരു കാര്യമല്ല. എന്നാല്‍ ഒരു ദിവസത്തെ ഉറക്കം നഷ്ടപ്പെടുന്നത് പോലും നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കമില്ലാത്ത ഒരു രാത്രി നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കാന്‍ പര്യാപ്തമാണെന്നാണ് കുവൈറ്റിലെ ദസ്മാന്‍ ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരഭാരം കൂടുന്നതിനും ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദിവസത്തെ പോലും ശരിയായ ഉറക്കം ലഭിക്കാത്തതും ആരോഗ്യത്തിന് ദോഷമാണെന്നാണ് കുവൈറ്റിലെ ഗവേഷകര്‍ കണ്ടെത്തിയത്.

സാധാരണ ഉറങ്ങുന്ന സമയത്ത് നമ്മുടെ ബ്ലഡ് പ്രഷര്‍ ലെവല്‍ കുറയുകയും ബ്ലഡ് വെസല്‍സിന്റെ റിലാക്സേഷന്‍ നടക്കുകയും ചെയ്യുന്നു. ഉറക്കം ലഭിക്കാത്തപ്പോള്‍ ഈ ശാരീരിക പ്രക്രിയ തടസപ്പെടുകയും ഇത് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ചെയ്യും. ഉറക്കക്കുറവ് പൊതുജനാരോഗ്യ വെല്ലുവിളിയാണെന്ന് ഗവേഷകര്‍ പറയുന്നു. തങ്ങളുടെ പഠനം അടിവരയിടുന്നത് വര്‍ധിച്ചുവരുന്ന ഒരു പൊതുജനാരോഗ്യ വെല്ലുവിളി സംബന്ധിച്ചാണെന്നാണ്, പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഫാത്തിമ അല്‍ റാഷിദ് പറഞ്ഞത്.

സാങ്കേതികവിദ്യയുടെ ഉപയോഗം, ദീര്‍ഘമായ സ്ക്രീന്‍ സമയം, മാറുന്ന ജീവിത രീതി, സാമൂഹിക സാഹചര്യങ്ങള്‍ എന്നിവ ഉറക്ക സമയത്തെ കൂടുതല്‍ തടസപ്പെടുത്തുന്നു. ഉറക്കത്തിലുണ്ടാകുന്ന ഈ തടസം രോഗപ്രതിരോധ സംവിധാനം ഉള്‍പ്പെടെ ആരോഗ്യത്തെ ബാധിക്കുകയും ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും ഡോ. ഫാത്തിമ ചൂണ്ടിക്കാട്ടി.

തൃപ്തികരമായ ആരോഗ്യാവസ്ഥയിലുള്ളവരെയായിരുന്നു പഠനത്തിന് വിധേയമാക്കിയത്. ഇവരില്‍ നിന്ന് ആദ്യഘട്ടത്തില്‍ രക്തം ശേഖരിച്ചു. തുടര്‍ന്ന് 24 മണിക്കൂര്‍ ഉറങ്ങാതിരുന്ന ഇവരുടെ രക്തവും ശേഖരിച്ചു. ഒരു രാത്രിയിലെ ഉറക്കക്കുറവ് വളണ്ടിയര്‍മാരുടെ മോണോസൈറ്റ് പ്രൊഫൈലില്‍ മാറ്റം വരുത്തിയതായി ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ല ഉറക്കക്കുറവ് ഇവരില്‍ നോണ്‍-ക്ലാസിക്കല്‍ മോണോസൈറ്റുകള്‍ വര്‍ധിപ്പിച്ചതായും കണ്ടെത്തി.

രണ്ടാംഘട്ടത്തില്‍ വ്യത്യസ്ത ഉയരവും ഭാരവുമുള്ള ആരോഗ്യവാന്മാരായ 237 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവര്‍ എന്താണ് കഴിക്കുന്നതെന്നും ഉറക്കത്തിന്റെ സമയം എത്രയാണെന്നും ജീവിതരീതികളും പരിശോധിച്ചു. ഒരാഴ്ചയോളം ഇവരില്‍ നിന്ന് ഈ വിവരങ്ങള്‍ ശേഖരിച്ചു. ശരിയായി ഉറങ്ങാത്തത് ഇവരെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തി.

ഉറക്കത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ പഠനമെന്ന് ദ ജേണല്‍ ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നു. മതിയായ സമയം ഉറങ്ങുന്നത് ആരോഗ്യത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ലേഖനത്തിലുണ്ട്.

ബ്രിട്ടണില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു പഠനത്തില്‍, ആറില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍ 65 ശതമാനം പേരും ഇതിന് സഹായം തേടുന്നില്ലെന്നും ഗവേഷകർ പറയുന്നു. ദ സ്ലീപ്പ് ചാരിറ്റി 2000 പേരില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ പത്തില്‍ ഒമ്പത് പേര്‍ക്ക് ഉറക്ക് പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തി. ചിലരില്‍ ഉറക്കക്കുറവ് അപകടകരമായ പെരുമാറ്റങ്ങള്‍ ഉണ്ടാക്കുന്നതായും പഠനത്തില്‍ പറയുന്നു.

സമ്മര്‍ദ്ദം, ഉത്കണ്ഠ, ലഹരി ഉപയോഗം, കഫീന്‍ അല്ലെങ്കില്‍ നിക്കോട്ടിന്‍, ശബ്ദം, ജോലി സമയം തുടങ്ങിയ ഘടകങ്ങള്‍ കാരണമാണ് ഭൂരിഭാഗം പേരിലും ഉറക്കമില്ലായ്മയുണ്ടാകുന്നത്. ഉറങ്ങുന്നതിന് കൃത്യമായ സമയം പാലിക്കുന്നതും, പകല്‍ സമയത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതും, ഉറക്കത്തിന് കൃത്യമായ ഒരു സ്ഥലം നിശ്ചയിക്കുന്നതും ഉറക്കക്കുറവിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Content Highlights: Scientists reveal the shocking impact one night without sleep has on your immune system

dot image
To advertise here,contact us
dot image