ഭക്ഷണ ശേഷം നടക്കണമെന്ന് പറയുന്നത് വെറുതെയല്ല… ആരോഗ്യഗുണങ്ങള്‍ ഏറെയാണ്

രാവിലെയും വൈകീട്ടും മാത്രമല്ല ഭക്ഷണത്തിന് ശേഷവും കുറച്ച് സമയം നടക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്

dot image

ഒരു ദിവസം കുറച്ച് സമയമെങ്കിലും നടക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ ഒരുപോലെ തരുന്ന നിര്‍ദേശമാണ്. ലോ-ഇന്റന്‍സിറ്റി വര്‍ക്കൗട്ടുകളില്‍ ഏറ്റവും മികച്ചത് തന്നെയാണ് നടത്തം. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിവിധ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും സുരക്ഷിതമായി ചെയ്യാന്‍ സാധിക്കുന്ന വ്യായാമം കൂടിയാണിത്. രാവിലെയും വൈകീട്ടും മാത്രമല്ല ഭക്ഷണത്തിന് ശേഷവും കുറച്ച് സമയം നടക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭക്ഷണ ശേഷം രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ നടക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണശേഷം വെറും രണ്ട് മിനിറ്റ് നടക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെച്ചപ്പെട്ട ദഹനം നല്‍കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് അടുത്തിടെ സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുന്നതിലും ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഈ നടത്തത്തിന് സാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്തിക്കുന്നു

ഭക്ഷണത്തിന് ശേഷം നില്‍ക്കുന്നതിനെയോ ഇരിക്കുന്നതിനെയോ അപേക്ഷിച്ച്, നടക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. നടക്കുന്നവരില്‍ ഇന്‍സുലിന്‍ അളവ് കൂടുതല്‍ സ്ഥിരതയുള്ളതായിരിക്കുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം കഴിച്ച ഉടനെ തന്നെ വേഗത കുറച്ച് നടക്കാമെന്നും ഗവേഷകര്‍ പറയുന്നു.

ദഹനത്തിന് സഹായിക്കുന്നു

PLOS One-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, നടത്തം ആമാശയത്തെയും കുടലിനെയും ഉത്തേജിപ്പിക്കുകയും ദഹനവ്യവസ്ഥയിലൂടെ വേഗത്തിലുള്ള ഭക്ഷണ ചലനം സുഗമമാക്കുകയും ചെയ്യുന്നു എന്നാണ്. ബ്ലോട്ടിങ് കുറയ്ക്കാനും ഈ നടത്തത്തിന് സാധിക്കും.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

പ്രീഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ ദിവസേന മൂന്ന് തവണയെങ്കിലും 10 മിനിറ്റ് വീതം നടക്കുന്നത് ഡയസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ജേണല്‍ ഓഫ് ഫാമിലി മെഡിസിന്‍ ആന്റ് പ്രൈമറി കെയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഭക്ഷണത്തിനു ശേഷമുള്ള പതിവ് നടത്തം ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രാഥമിക കാരണങ്ങളിലൊന്നായ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ഭക്ഷണത്തിന് ശേഷം 5 മിനിറ്റെങ്കിലും നടക്കുന്നത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമാണ്. ഭക്ഷണ ശേഷം നടക്കുന്നത് വഴി അധിക കലോറി നഷ്ടപ്പെടുത്താന്‍ സാധിക്കും. ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണശേഷം 20-30 മിനിറ്റ് നേരം നടക്കുന്നത് ഗുണപ്രദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

സമ്മര്‍ദ്ദം കുറയ്ക്കാം

ഭക്ഷണത്തിന് ശേഷമുള്ള നടത്തം മനസിനുള്ള മികച്ച മരുന്ന് കൂടിയാണ്. കോര്‍ട്ടിസോള്‍ പോലുള്ള സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാനും എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ തുടങ്ങിയ പോസിറ്റീവ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കുന്നുണ്ട്.

Content Highlights: Benefits of walking after meals for five minutes

dot image
To advertise here,contact us
dot image