സണ്‍സ്‌ക്രീന്‍ ഉപയോഗം വിറ്റാമിന്‍ ഡി-യുടെ കുറവിന് കാരണമാകുമോ? ഡോക്ടര്‍ പറയുന്നത് കേള്‍ക്കൂ…

പലര്‍ക്കുമുള്ള സംശയത്തിന് ഉത്തരം നല്‍കുകയാണ് ഡെര്‍മറ്റോളജിസ്റ്റ് കിരണ്‍

dot image

വേനല്‍ക്കാലമാണെങ്കിലും മഴക്കാലമാണെങ്കിലും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കണമെന്ന് ഡോക്ടര്‍മാര്‍ ഒരുപോലെ നല്‍കുന്ന നിര്‍ദേശമാണ്. ചര്‍മ്മത്തെ ദോഷകരമായ അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലുള്‍പ്പടെ സണ്‍സ്‌ക്രീന്‍ ഉപയോഗത്തിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകുമോ എന്നത് പലര്‍ക്കുമുള്ള സംശയമാകും. ഇതിന് ഉത്തരം നല്‍കുകയാണ് ഡെര്‍മറ്റോളജിസ്റ്റ് കിരണ്‍ സേഥി.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഒരിക്കലും വൈറ്റമിന്‍ ഡി ഡെഫിഷ്യന്‍സി ഉള്‍പ്പടെയുള്ള ആരോഗ്യാവസ്ഥയ്ക്ക് കാരണമാകില്ലെന്ന് ഡോ. കിരണ്‍ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അവര്‍ ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്. 'സണ്‍സ്‌ക്രീന്‍ UVB രശ്മികളെ ഫില്‍ട്ടര്‍ ചെയ്യാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, പക്ഷേ അത് അവയെ പൂര്‍ണമായും തടയുന്നുമില്ല. SPF 50 പോലും നേരിയ അളവില്‍ UVB ശരീരത്തിലേക്ക് കടന്നുപോകാന്‍ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സണ്‍സ്‌ക്രീന്‍ ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തിന് വിറ്റാമിന്‍ ഡി ലഭിക്കാതിരിക്കുന്നതിന് കാരണമാകുകയില്ല', ഡോ. കിരണ്‍ സേഥി പറഞ്ഞു.

'പതിവായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഇപ്പോഴും ആരോഗ്യകരമായ വിറ്റാമിന്‍ ഡി അളവ് നിലനിര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാന്‍ നിങ്ങള്‍ ഒരിക്കലും മണിക്കൂറുകളോളം വെയിലത്ത് നിന്ന് കരിയേണ്ടതില്ല. ഇതിന് ആഴ്ചയില്‍ ഏതാനും തവണ, 10- 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് മതിയാകും.' വിറ്റാമിന്‍ ഡി ലഭിക്കുന്നതിനായി ഒരിക്കലും സണ്‍സ്‌ക്രീന്‍ ഒഴിവാക്കരുതെന്നും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.

ശരീരത്തില്‍ സുരക്ഷിതമല്ലാത്ത സൂര്യപ്രകാശം ഏല്‍ക്കുന്നത്, ചുളിവുകള്‍, അകാല വാര്‍ദ്ധക്യം, സ്‌കിന്‍ കാന്‍സര്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഡോ. കിരണ്‍ ചൂണ്ടിക്കാട്ടുന്നു. വിറ്റാമിന്‍ ഡിയാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും, ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കാമെന്നും ഡോ. കിരണ്‍ സേഥി പറയുന്നു.

Content Highlights: Does Wearing Sunscreen Cause Vitamin D Deficiency? Dermatologist Reveals

dot image
To advertise here,contact us
dot image