
നഖത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇനി നിസാരമായി തള്ളിക്കളയേണ്ട. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നിരവധി കാര്യങ്ങള്‍ 'പറയാന്‍' നഖത്തിനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നഖത്തിന്റെ നിറത്തിലോ രൂപത്തിലോ ഘടനയിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
നഖത്തിലെ മഞ്ഞ നിറം സ്വാഭാവികമായും പ്രായം കുടുന്നതിനനുസരിച്ച് സംഭവിക്കാം. നെയില്‍ പോളിഷോ കൃത്രിമ നഖങ്ങളോ ഉപയോഗിക്കുന്നവരിലും ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്. സ്ഥിരമായി നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുന്നവരില്‍ ഈ നിറം മാറ്റം കണ്ടാല്‍ കുറച്ചു നാളെങ്കിലും ഇവയുടെ ഉപയോഗം നിര്‍ത്തിവെക്കണമെന്നാണ് ഡെര്‍മറ്റോളജിസ്റ്റ് ജോണ്‍ ആന്റണി പറയുന്നത്.
സ്ഥിരമായി പുകവലിക്കുന്നവരുടെ നഖങ്ങളിലും ഈ നിറം മാറ്റം കാണാറുണ്ട്. യെല്ലോ നെയില്‍ സിന്റഡ്രോം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കട്ടി കൂടിയ മഞ്ഞ നിറത്തില്‍ നഖങ്ങള്‍ കാണപ്പെടുന്നതിനൊപ്പം ശ്വസന പ്രശ്‌നങ്ങളും കൈകാലുകളില്‍ വീക്കമും ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
നഖങ്ങള്‍ പൊട്ടിപോകുന്നതോ വരണ്ടതോ ആകുന്നത് ശരീരത്തിലെ അയേണിന്റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. തൈറോയിഡ് പ്രശ്‌നമുള്ളവരിലും നിര്‍ജലീകരണത്തിന്റെ ലക്ഷണമായും നഖങ്ങള്‍ ഇത്തരത്തില്‍ കാണപ്പെടാം. മുട്ട, നട്‌സ്, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അയേണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് അയേണ്‍ സപ്ലിമെന്റുകള്‍ എടുക്കാവുന്നതാണ്.
നഖങ്ങള്‍ വെള്ള നിറത്തിലുള്ള പാടുകള്‍ സിങ്കിന്റെയോ കാത്സ്യത്തിന്റെയോ കുറവിനെയാകാം സൂചിപ്പിക്കുന്നത്. വൃക്ക അല്ലെങ്കില്‍ കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍ ചിലപ്പോള്‍ നഖങ്ങളില്‍ ഈ വെളുത്ത പാടുകള്‍ കാണാറുണ്ട്. എന്നാല്‍ ഭൂരിഭാഗം സമയങ്ങളിലും ഈ പാടുകള്‍ അത്ര പേടിക്കേണ്ടവയല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നഖങ്ങളിലെ വിളര്‍ച്ചയും വെളുത്ത നിറവും നിങ്ങളിലെ രക്തത്തിലെ കുറവിന്റെയോ കരള്‍ രോഗത്തിന്റെയോ പോഷകാഹാരക്കുറവിന്റെയോ ലക്ഷണമാകാം.
നഖങ്ങളിലെ നീല നിറം ചിലപ്പോള്‍ ഓക്‌സിജന്‍ ഫ്‌ളോയുടെ കുറവിനെ സൂചിപ്പിക്കുന്നതാകാം. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങളോ ഉള്ളവരിലും നഖം ഇങ്ങനെ കാണാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദിവസങ്ങളോളെ നഖം ഇങ്ങനെ കാണപ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
ബ്രൗണ്‍ നിറത്തിലോ കറുത്ത നിറത്തിലോ നഖങ്ങളില്‍ പാടുകളുണ്ടോ? ഇവ ചിലപ്പോള്‍ ഗുരുതര ആരോഗ്യ പ്രശ്‌നത്തിന്റെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ നിറം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
നഖം സ്പൂണ്‍ ഷേപ്പിലാകുന്നതോ നഖം വളയുന്നതോ അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. രക്തക്കുറവ് ഉള്ളവരിലും കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലും നഖം ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ ചികിത്സയിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകും.
Content Highlights: Warnings Your Nails Say About Your Health