
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്ക. ശരീരത്തിലെ പ്രധാനപ്പെട്ട പല ധര്‍മ്മങ്ങളും നിർവഹിക്കുന്നതും വൃക്കകളാണ്. അതുകൊണ്ട് ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതില്‍ വൃക്കകള്‍ ആരോഗ്യകരമായിരിക്കേണ്ടതുണ്ട്. പക്ഷേ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും തെറ്റായ ഭക്ഷണശീലവും പലപ്പോഴും വൃക്കകളെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ വൃക്കരോഗത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നു.
വൃക്കരോഗങ്ങള്‍ വര്‍ധിക്കുന്നത് എന്തുകൊണ്ട്?
ഇന്ന് ആളുകള്‍ക്കിടയില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും വര്‍ധിച്ചുവരികയാണ്. ഇത് വൃക്കകളെ പ്രതികൂലമായി ബാധിക്കും.വൃക്കരോഗികള്‍ക്ക് തുടക്ക കാലത്ത് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് തുടക്കത്തില്‍ രോഗം നിര്‍ണ്ണയിക്കാന്‍ വളരെ പ്രയാസമാണ്.
ഇടയ്ക്കിടെയുള്ള ചെക്കപ്പുകള്‍
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം അല്ലെങ്കില്‍ പക്ഷാഘാതം എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ പതിവായി വൃക്ക പരിശോധന നടത്തണം. കൂടാതെ കുടുംബത്തില്‍ വൃക്കരോഗികളുടെ ചരിത്രമുള്ള ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. തുടക്കത്തില്‍ ഡോക്ടര്‍മാര്‍ രണ്ട് പരിശോധനകള്‍ നടത്തണമെന്നാണ് പറയാറുളളത്. അതില്‍ മൂത്ര പരിശോധനയും യൂറിയ ക്രിയാറ്റിനും ഉള്‍പ്പടുന്നു.
വൃക്ക രോഗങ്ങള്‍ ഏതൊക്കെ?
വൃക്കകള്‍ക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവയ്ക്ക് രക്തം ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുന്നതുമാണ്. വൃക്കയ്ക്കുണ്ടാകുന്ന ഗുരുതരമായ തകരാറുകള്‍, വൃക്കയിലെ സിസ്റ്റുകള്‍, വൃക്കയിലെ കല്ലുകള്‍, അണുബാധകള്‍ എന്നിവയാണ് സാധാരണ വൃക്കകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍.
വൃക്കകള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍
രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ മരുന്നുകളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളിലൂടെയും രോഗം ചികിത്സിക്കാന്‍ കഴിയും. വൃക്കരോഗം ഗുരുതരമായ ഘട്ടത്തിലെത്തിയാല്‍ ചികിത്സ മന്ദഗതിയിലാക്കേണ്ടിവരും. അതുകൊണ്ട് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങിയ ഏതെങ്കിലും രോഗങ്ങള്‍ ഉണ്ടെങ്കിലോ, 60 വയസിന് മുകളില്‍ പ്രായമുണ്ടെങ്കിലോ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. കൂടാതെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും വെള്ളം ധാരാളം കുടിയ്ക്കുകയും ചെയ്യുക.
Content Highlights : What to pay attention to to maintain kidney health