
ആരോഗ്യത്തില്‍ ശരിയായ ഉറക്കത്തിനുള്ള പ്രധാന്യം ഏറെയാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ പല വിധത്തിലാകും ശരീരം അതിനോട് പ്രതികരിക്കുക. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമായേക്കാം. യഥാര്‍ത്ഥത്തില്‍ ഒരാള്‍ എത്ര സമയമാണ് ഉറങ്ങേണ്ടത്? ഒരാള്‍ എത്ര സമയം ഉറങ്ങണം എന്നത് അയാളുടെ പ്രായം, ലിംഗം തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ഉറക്കം ആരോഗ്യത്തില്‍ നിര്‍ണായക ഘടകമാണെങ്കിലും ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ 'നിഗൂഢ'മാണെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സ്ലീപ്പ് അനലിസ്റ്റ് റാഫേല്‍ പെലായോ പറയുന്നത്. ലോകത്ത് കൂടുതല്‍ പേരും 7-9 മണിക്കൂര്‍ വരെ ഉറങ്ങുന്നവരാണെന്നും ഇവര്‍ക്ക് ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണെന്നുമാണ് ആരോഗ്യവിദഗ്ധനായ മോളി അറ്റ്‌വുഡ് പറയുന്നത്. ഒരാള്‍ ആറ് മണിക്കൂറിന് താഴെയോ ഒമ്പത് മണിക്കൂറില്‍ കൂടുതലോ ആണ് ഉറങ്ങുന്നതെങ്കില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എത്രസമയം ഉറങ്ങുന്നു എന്നതിനൊപ്പം തന്നെ ഉറക്കത്തിന്റെ ഗുണനിലവാരവും പ്രധാനമാണെന്ന് റാഫേല്‍ പറയുന്നു. മതിയായ ഉറക്കം ലഭിച്ച് ഉന്മേഷത്തോടെ ഉണരാന്‍ സാധിക്കണം. ഏറെ നേരം ഉറങ്ങിയിട്ടും ക്ഷീണത്തോടെ എഴുന്നേല്‍ക്കേണ്ടി വരുന്നുണ്ടെങ്കില്‍ മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നാണ് കരുതേണ്ടത്.
പ്രായത്തിനനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉറക്കത്തിന്റെ സമയത്തില്‍ വ്യത്യാസമുണ്ട്. നവജാത ശിശുക്കള്‍ക്കാണ് ഏറ്റവും അധികം ഉറക്കം വേണ്ടത്. 14 മുതല്‍ 17 മണിക്കൂർ വരെയാണ് നവജാത ശിശുക്കള്‍ ഉറങ്ങേണ്ടത്.
26നും 64നും ഇടയില്‍ പ്രായമുള്ളവര്‍ 7-9 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്യുന്നത്. 65 വയസിന് മുകളിലുള്ള ആളുകള്‍ക്ക് ലഭിക്കുന്ന ഉറക്കത്തിന്റെ അളവ് കുറവായിരിക്കാം അതേപോല 25 വയസിന് താഴെയുള്ള ആളുകള്‍ക്ക് കൂടുതല്‍ ഉറക്കവും ലഭിക്കാം. ഓരോ 90 മിനിറ്റുകളിലും മനുഷ്യന്റെ ഉറക്കം വ്യത്യസ്തമായിരിക്കുമെന്നാണ് മോളി അറ്റ്‌വുഡ് പറയുന്നത്.
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറക്കം ആവശ്യമാണെന്ന് പഠനങ്ങള്‍ പറയുന്നില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് പൊതുവേ പുരുഷന്മാരേക്കാള്‍ ശരാശരി അല്‍പ്പം കൂടുതല്‍ ഉറക്കം ലഭിക്കുന്നുണെന്ന് അറ്റ്‌വുഡ് പറഞ്ഞു. എന്നാല്‍ ടീനേജ് പെണ്‍കുട്ടികള്‍ക്ക് ഇതേപ്രായത്തിലുള്ള ആണ്‍കുട്ടികളേക്കാള്‍ കുറച്ച് ഉറക്കം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗര്‍ഭകാലത്തും ആര്‍ത്തവവിരാമത്തിലും സ്ത്രീകളുടെ ഉറക്കത്തിന്റെ അളവിലും ഗുണനിലവാരത്തിലും ഹോര്‍മോണുകള്‍ സ്വാധീനം ചെലുത്തിയേക്കാമെന്നും അവര്‍ പറയുന്നു.
മതിയായ ഉറക്കം ലഭിക്കുന്നില്ലെന്ന് തോന്നിയാല്‍, ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് തോന്നിയാല്‍ ആരോഗ്യ വിദഗ്ധരുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. മതിയായ സമയം ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്ന് തോന്നിയാലും ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണെന്നും മോളി അറ്റ്‌വുഡ് വ്യക്തമാക്കുന്നു.
Content Highlights: How much sleep do you really need? Experts reveal the truth