
വിവാഹം പുരുഷന്മാരുടെ ശരീരഭാരം വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്ന് പഠനം. എന്നാല്‍ സ്ത്രീകളെ ഇത് ബാധിക്കുന്നില്ലെന്നുമാണ് പഠനം പറയുന്നത്. പോളണ്ടിലെ വാര്‍സോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ആഗോളതലത്തില്‍ 1990 മുതല്‍ പൊണ്ണത്തടി നിരക്ക് ഇരട്ടിയിലധികമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2.5 ബില്യണിലധികം മുതിര്‍ന്നവരെയും കുട്ടികളെയുമാണ് അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആയി കണ്ടെത്തിയിരിക്കുന്നത്. 2050 ആകുന്നതോടെ ലോകത്തില്‍ മുതിര്‍ന്നവരില്‍ പകുതിയില്‍ അധികം പേരും കുട്ടികളില്‍ മൂന്നിലൊന്ന് പേരും അമിതഭാരമുള്ളവരാകുമെന്ന പഠനം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.
മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ജനറ്റിക്‌സ് ഘടകങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍ തുടങ്ങിയവ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ശരീരഭാരം നിയന്ത്രിക്കുന്നതില്‍ മറ്റേതെങ്കിലും ഘകടങ്ങള്‍ക്ക് പ്രാധാന്യമുണ്ടോ എന്ന് അറിയുന്നതിനായാണ് പോളണ്ടിലെ ഗവേഷകര്‍ പഠനം നടത്തിയത്. ശരാശരി 50 വയസ് പ്രായമുള്ള 2405 പേരുടെ വിവരങ്ങള്‍ പരിശോധിച്ചായിരുന്നു പഠനം. പ്രായം, വിവാഹതനോ വിവാഹിതയോ ആണോ, മാനസികാരോഗ്യം തുടങ്ങിയ ഘടകങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കല്‍ വിശകലനമാണ് നടത്തിയത്.
സ്‌പെയിനിലെ മലാഗയില്‍ നടന്ന ഈ വര്‍ഷത്തെ യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഓബ്‌സിറ്റിയിലാണ് പഠനഫലം അവതരിപ്പിച്ചത്. വിവാഹിതരായ പുരുഷന്മാര്‍ക്ക് അവിവാഹിതരായ പുരുഷന്മാരേക്കാള്‍ ശരീര ഭാരമുണ്ടാകാനുള്ള സാധ്യത 3.2 മടങ്ങ് കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ സ്ത്രീകളില്‍ ഈ വ്യത്യാസം കണ്ടെത്താനായില്ല. വിവാഹം പുരുഷന്മാരില്‍ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണ് കൂട്ടുന്നതെങ്കില്‍ സ്ത്രീകളില്‍ ഇത് 39 ശതമാനം മാത്രമാണ്. വിവാഹത്തോടെ ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് ഇതിന് കാരണമായി പറയുന്നത്.
നേരത്തെ ചൈനയില്‍ നടത്തിയ ഒരു പഠനത്തിലും വിവാഹത്തോടെ പുരുഷന്മാരുടെ ശരീരഭാരം വര്‍ധിക്കാനുള്ള സാധ്യത വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ സര്‍വേയുടെ ഭാഗമായി 36,310 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ബാത്ത് സര്‍വകലാശാല നേരത്തെ നടത്തിയ ഒരു പഠനത്തിലും, വിവാഹിതരായ പുരുഷന്മാര്‍ക്ക് അവിവാഹിതരായ പുരുഷന്മാരേക്കാള്‍ ശരാശരി 1.4 കിലോഗ്രാം ഭാരം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.
വിവാഹം മാത്രമല്ല, ശരീരഭാരം കൂടുന്നതില്‍ പ്രായവും നിര്‍ണായക ഘടകമാണെന്ന് പോളണ്ടിലെ ഗവേഷകര്‍ കണ്ടെത്തി. ഒരോ വര്‍ഷവും പ്രായം കൂടുന്നതിനനുസരിച്ച് പുരുഷന്മാരില്‍ മൂന്ന് ശതമാനവും സ്ത്രീകളില്‍ നാല് ശതമാനവും അമിതഭാരത്തിനുള്ള സാധ്യത വര്‍ധിക്കുന്നുവെന്നാണ് പഠനം പറയുന്നത്. വിഷാദരോഗം സ്ത്രീകളില്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Content Highlights: Marriage triples risk of obesity in men, but not women, study reveals