
ശരീരത്തിന് ഏറ്റവും ആവശ്യമുള്ള വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യപ്രകാശം വിറ്റാമിന്‍ ഡിയുടെ ഒരു പ്രധാന ഉറവിടമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇപ്പോള്‍ വേനല്‍ക്കാലമാണ്, കടുത്ത ചൂട് കൊണ്ട് പുറത്തിറങ്ങാനാകാന്‍ പോലുമാകാത്ത അവസ്ഥയാണ്. വേനല്‍ച്ചൂടില്‍ തെറ്റായ സമയത്ത് പുറത്തി വെയില്‍കൊള്ളുന്നത് ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. അങ്ങനെയെങ്കില്‍ എപ്പോഴാണ് വിറ്റാമിന്‍ ഡി ലഭിക്കാന്‍ ശരിയായ സമയം?
അസ്ഥികളെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാനഘടകമാണ് വിറ്റാമിന്‍ ഡി. പ്രതിരോധ ശേഷി വര്‍ധിപ്പിക്കക, രോഗങ്ങളെ അകറ്റിനിര്‍ത്തുക, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിലൂടെ വിഷാദസാധ്യത കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ വിറ്റാമിന്‍ ഡിക്കുണ്ട്. വിറ്റാമിന്‍ ഡിയുടെ അഭാവം ഗുരുതരമായ പല ആരോഗ്യാവസ്ഥകള്‍ക്കും കാരണമായേക്കാം. നിരവധി പേരാണ് വിറ്റാമിന്‍ ഡി ഡെഫിഷ്യന്‍സി മൂലം ഇന്ന് മരുന്നുകള്‍ കഴിക്കുന്നത്.
വേനല്‍ക്കാലത്ത് വിറ്റാമിന്‍ ഡി ലഭിക്കുന്നതിനായി സൂര്യപ്രകാശമേല്‍ക്കാന്‍ അനുയോജ്യമായ സമയം രാവിലെ 8നും 10നും ഇടയ്ക്കാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഈ സമയത്തുള്ള ചൂട് അത്ര കഠിനമല്ലാത്തതിനാല്‍ സൂര്യതാപം, ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകള്‍ വളരെ കുറവായിരിക്കും. വിറ്റാമിന്‍ ഡി ഉത്പാദനത്തില്‍ നിര്‍ണായകമായ ഘടകങ്ങള്‍ ഈ സമയം സൂര്യപ്രകാശത്തില്‍ ധാരാളമുണ്ടാകും. നിങ്ങളുടെ ശരീരത്തിന് 15-30 മിനിറ്റിനുള്ളില്‍ (ഇളം ചര്‍മ്മത്തിന്) അല്ലെങ്കില്‍ 30-45 മിനിറ്റിനുള്ളില്‍ (ഇരുണ്ട ചര്‍മ്മത്തിന്) ആവശ്യമായ വിറ്റാമിന്‍ ഡി ആഗീരണം ചെയ്യാന്‍ കഴിയും.
രാവിലെ 8 മണിക്ക് മുമ്പ് വെയിലിന് ചൂട് കുറവാകുമെങ്കിലും വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നതിനാവശ്യമായ ഘടകങ്ങള്‍ കുറവായിരിക്കും. വൈകീട്ട് ചൂട് കുറയുമ്പോള്‍ വെയില്‍ കൊണ്ടാലും ഇതുതന്നെയാകും അവസ്ഥ. നടത്തമുള്‍പ്പടെയുള്ള വ്യായാമങ്ങള്‍ക്ക് ഈ സമയം അനുയോജ്യമാണെങ്കിലും ഈ സമയത്ത് വെയില്‍ കൊള്ളുന്നതിലൂടെ വിറ്റാമിന്‍ ഡി ആവശ്യത്തിന് ലഭിച്ചേക്കില്ല.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ സൂര്യരശ്മികള്‍ ഏറ്റവും ശക്തമായിരിക്കും, അതായത് കൂടുതല്‍ യുവിബി എക്‌സ്‌പോഷര്‍ ഈ സമയത്തുണ്ടാകും. ഈ സമയം പുറത്തുപോകുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
Content Highlights: Vitamin D, What is the right time to get sunlight during summers?