
തൊഴിലും സാമ്പത്തികവും വ്യക്തിപരവുമായ കാരണങ്ങളാല്‍ സ്ത്രീകള്‍ പ്രസവം വൈകിപ്പിക്കുന്നത് ഇന്ന് സാധാരണമാണ്. അതുകൊണ്ടുതന്നെ 35 വയസിന് മുകളിലുളള സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പ്രത്യുത്പാദന സാങ്കേതിക വിദ്യകളുടെ പുരോഗതി പ്രായമുള്ള സ്ത്രീകളിലും ഗര്‍ഭധാരണം സാധ്യമാക്കിയിട്ടുണ്ടെങ്കിലും പ്രായംകൂടുംതോറുമുളള ഗര്‍ഭധാരണം ഇപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതാണ്.
ആദ്യത്തെ ഗര്‍ഭധാരണം 30 വയസിന് മുകളിലായാലും 35 വയസിന് മുകളിലായാലും അതിനെ 'ഹൈ റിസ്‌ക് പ്രഗ്നന്‍സി' ആയി കണക്കാക്കുന്നു. 35 വയസുമുതല്‍ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ ശേഷി കുറഞ്ഞുവരുന്നു. പ്രായം കൂടുംതോറും അണ്ഡത്തിന്റെ എണ്ണവും ശക്തിയും കുറഞ്ഞു വരുന്നു. മാത്രമല്ല ഈ കാലയളവില്‍ ഉപയോഗിക്കാനിടയായ മരുന്നുകള്‍, അണുബാധകള്‍, പ്രായമാകുംതോറും ഗര്‍ഭപാത്രത്തിലുണ്ടാകുന്ന മുഴകള്‍, അണ്ഡാശയത്തിലുണ്ടാകുന്ന സിസ്റ്റുകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഗര്‍ഭധാരണത്തെ ബാധിക്കും. മാത്രമല്ല അമിത വണ്ണം കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍, പ്രമേഹം, ബിപി, കരള്‍, വൃക്ക രോഗങ്ങള്‍, മൂത്രനാളത്തിലും യോനിയിലും ഉണ്ടാകുന്ന അണുബാധ ഇതെല്ലാം ഗര്‍ഭധാരണത്തെ ബാധിക്കും.
35 വയസിന് മുകളിലുളള സ്ത്രീകള്‍ക്ക് ഗര്‍ഭകാല പ്രമേഹം, രക്താതിമര്‍ദ്ദം, പ്രീക്ലാമ്പിയ, പ്ലാസന്റ പ്രീവിയ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും സാധ്യത കൂടുതലാണ്. പ്രായം കൂടുന്തോറും പേശികള്‍ക്ക് വേണ്ടത്ര വികസിക്കാനുള്ള കഴിവ് കുറയുന്നത് കാരണം പ്രസവ സമയത്ത് സിസേറിയന്റെ സാധ്യത കൂടുതലാണ്. പ്രസവശേഷം ചിലര്‍ക്ക് ഗര്‍ഭപാത്രം ചുരുങ്ങാനുളള സാധ്യത കൂടുതലായതുകൊണ്ട് അമിത രക്തസ്രാവത്തിന് സാധ്യത കൂടുതലാണ്.
ഡൗണ്‍ സിന്‍ഡ്രോം പോലെയുളള ക്രോമസോം അസാധാരണത്വങ്ങള്‍ ഉണ്ടാകാനുളള സാധ്യത പ്രായം കൂടുന്തോറും വര്‍ധിക്കുന്നു. 30കളുടെ അവസാനത്തിലോ 40കളുടെ തുടക്കത്തിലോ ആരംഭിക്കുന്ന പെരിമെനപ്പോസ് ഹോര്‍മോണ്‍ അളവിനെ ബാധിക്കുകയും ക്രമരഹിതമായ അണ്ഡോത്പാദനത്തിലേക്കും ആര്‍ത്തവ ചക്രത്തിലേക്കും നയിക്കുകയും ഗര്‍ഭധാരണം കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാക്കുകയും ചെയ്യുന്നു. അമ്മമാര്‍ക്ക് പാല്‍കുറവും മുലയൂട്ടല്‍ പ്രശ്‌നങ്ങളും കൂടുതലാണ്. ജനിക്കുന്ന കുട്ടികള്‍ക്ക് അംഗവൈകല്യങ്ങളും ജനിതക തകരാറുകളും ഉണ്ടാകാനും സാധ്യത കൂടുതലാണ്.
35 വയസുകഴിഞ്ഞവര്‍ ഗര്‍ഭധാരണത്തിന് മുന്‍പ് ചില പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടാല്‍ അവര്‍ അതിനെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞുതരും. പ്രായമേറിയവര്‍ ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ ആദ്യത്തെ മൂന്ന് മാസം വിശ്രമം ആവശ്യമാണ്. ബ്ലീഡിങ് ഇല്ലാത്തവര്‍ പൂര്‍ണമായി ബെഡ് റെസ്റ്റ് എടുക്കണമെന്നില്ല. ഗര്‍ഭിണികള്‍ പടികയറുന്നത് ഒഴിവാക്കണം. അതുപോലെ അമിത വണ്ണമുളളവര്‍ പിസിഒഡി , ഗര്‍ഭാശയ മുഴകള്‍, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലായിരിക്കും. അത് കണ്ടെത്തി പരിഹരിക്കണം. ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റും വ്യായാമവും ശീലിക്കണം.പോഷകാഹാരം കഴിക്കണം. ഫാസ്റ്റ് ഫുഡ്ഡുകള്‍ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കണം.
Content Highlights :Why is pregnancy more difficult after age 35?