
ജോലിയിലെ സമ്മർദ്ദങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. ഇത് തരുന്ന ഊര്‍ജം ചെറുതായിരിക്കുകയുമില്ല. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ട പാനീയം ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാക്കുകയാണെങ്കിലോ? ഓഫീസിലെ കോഫി മെഷീനില്‍ നിന്നുള്ള കാപ്പിയില്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ദോഷകരമായ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നത്. ഈ കാപ്പി ദിവസവും കുടിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ തകരാറിലാക്കിയേക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
എന്‍എംസിഡി(ന്യൂട്രീഷന്‍, മെറ്റബോളിസം ആന്റ് കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസസ്) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേ കുറിച്ചുള്ള കണ്ടെത്തലുള്ളത്. വ്യത്യസ്ത ഫില്‍റ്ററിങ് പ്രോസസിലൂടെ കടന്നുപോകുന്നത് കൊണ്ടാകാം വീട്ടിലുണ്ടാക്കുന്ന കോഫിയേക്കാളും മെഷീന്‍ കോഫി അപകടകരമാകുന്നത് എന്നാണ് പഠനം പറയുന്നത്.
സ്വീഡനിലെ ഉപ്‌സാല യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. പഠനത്തിന്റ ഭാഗമായി വിവിധ ഓഫീസുകളിലെ മെഷീനുകള്‍ പരിശോധിച്ചിരുന്നു. ഓഫീസ് കോഫിയിലടങ്ങിയിരിക്കുന്ന കഫെറ്റോളിന്റെയും കഹ്‌വെയോളിന്റെയും അളവ് വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകുന്ന ഘടകങ്ങളാണ് ഇവ.
കാപ്പിയിലെ കൊളസ്‌ട്രോളിന് കാരണമാകുന്ന ഘടകങ്ങളുടെ സാന്നിധ്യത്തെ ഫില്‍ട്ടറിങ് പ്രക്രിയ ബാധിക്കുമെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഗേവിഡ് ഇഗ്മാന്‍ പറയുന്നത്. എന്നാല്‍ എല്ലാ കോഫീ മെഷീനുകളുടെയും പ്രവര്‍ത്തനം ഒരു പോലെയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആരോഗ്യത്തിന് ഹാനികരമായ കഫെറ്റോള്‍ പോലുള്ള ഘടകങ്ങളെ അകറ്റി നിര്‍ത്തുന്നതില്‍ പേപ്പര്‍ ഫില്‍റ്ററുകള്‍ കൂടുതല്‍ ഫലപ്രദമാണ്. എന്നാല്‍ ലോഹ ഫില്‍റ്ററുകളാണ് കോഫി മെഷീനുകളില്‍ ഉപയോഗിക്കുന്നതെങ്കില്‍ ഈ ഘടകങ്ങള്‍ കോഫിയില്‍ കലരാന്‍ സാധ്യതയുണ്ട്. ഫില്‍റ്റര്‍ ചെയ്യാത്ത കോഫി മോശം കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
Content Highlights: Office coffee machine linked to higher levels of cholesterol, study finds