
യാത്രചെയ്യുമ്പോഴൊക്കെ കുപ്പിവെള്ളം വാങ്ങി കാറില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. എന്നാല്‍ അപ്പോഴത്തെ ഉപയോഗവും കഴിഞ്ഞ് പലദിവസങ്ങള്‍ ഈ വെള്ളം കാറില്‍ത്തന്നെ സൂക്ഷിക്കുകയും ആ വെളളം പിന്നെയും കുടിക്കുകയും ചെയ്യുന്നവരുമുണ്ട്. പക്ഷേ മണിക്കൂറുകളും ദിവസങ്ങളും കാറിനുള്ളിലിരുന്ന കുപ്പി വെള്ളം കുടിക്കുന്നത് സുരക്ഷിതമാണോ?
അല്ല എന്ന് പറയേണ്ടി വരും. കാറിനുളളിലെ ഉയര്‍ന്ന താപനിലയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് ദോഷകരമായ രാസവസ്തുക്കള്‍ ചോര്‍ന്നൊലിക്കാനും ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും കാരണമാകും. ചൂടുകാലത്ത് കാറില്‍ ഏറെനേരം പ്ലാസ്റ്റിക് ബോട്ടിലില്‍ ഇരിക്കുന്ന വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ദീര്‍ഘനേരം ചൂടില്‍ ഇരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പിയിലെ വെളളം കുടിക്കുന്നത് ദോഷകരമായ രാസവസ്തുക്കള്‍ ശരീരത്തിലെത്താന്‍ ഇടയാക്കുമെന്ന് സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ബിസ്‌ഫെനോള്‍ എ(ബിപിഎ) തുടങ്ങി ദോഷകരമായ രാസവസ്തുക്കള്‍ വെള്ളത്തിലേക്കെത്തുന്നു. പരിസ്ഥിതി ശാസ്ത്ര സാങ്കേതിക വിദ്യയിലെ മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് പ്ലാസ്റ്റിക് ചൂടുമായി ഇടപഴകുമ്പോള്‍ ലിറ്ററിന് ട്രില്യണ്‍ കണക്കിന് നാനോ കണങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്നും , ഇത് ശരീരത്തിലെത്തുമ്പോള്‍ ഹോര്‍മോണുകളെ തടസപ്പെടുത്തുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ്.
പഴയതും ചൂടുള്ളതുമായ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്നത് ദഹന പ്രശ്‌നങ്ങള്‍, വയറിലെ അസ്വസ്ഥത, അണുബാധ എന്നിവയ്ക്ക് കാരണമാകുന്നു.കുപ്പി വൃത്തിയല്ലാത്തതുകൊണ്ടും ഒരുതവണ കുടിച്ച വെള്ളം ഏറെനാള്‍ സൂക്ഷിക്കുമ്പോഴും ഇത് ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകും.അതുകൊണ്ടുതന്നെയാണ് വയറിലെ അസ്വസ്ഥത ഉണ്ടാകുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചൂടുളള കാറില്‍ കുപ്പിവെള്ളം വച്ച് കുടിക്കുന്നത് സുരക്ഷിതമായ ഓപ്ഷനല്ല.
Content Highlights :Drinking bottled water stored in the car is harmful to health