
വീണ്ടുമൊരു പനി സീസൺ എത്തുകയാണ്. കടുത്ത വേനലിനിടയ്ക്ക് മഴ പെയ്തതോടെ പലർക്കും വൈറൽ പനി പിടിച്ചിട്ടുണ്ട്. കടുത്ത പേശി വേദനയും വൈറൽ പനിക്കൊപ്പം അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് വൈറൽ പനി പിടിക്കുമ്പോൾ കടുത്ത പേശി വേദന അനുഭവപ്പെടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? പറഞ്ഞുതരാം. വൈറൽ പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് പേശി വേദന. മയാള്‍ജിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ശരീരത്തിൽ വൈറൽ ബാധ എൽക്കുന്നതിനെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധ മാർഗമായിട്ടാണ് പൊതുവെ പേശികളിൽ കടുത്ത വേദന അനുഭവപ്പെടുന്നത്.
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ശരീരത്തിൽ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയുന്നതോടെ ശരീരത്തിൽ സൈറ്റോകൈനുകൾ ഇൾപ്പെടെയുള്ള വിവിധ രാസവസ്തുക്കൾ ശരീരം ഉൽപാദിപ്പിക്കും. എന്നാൽ ഇവ പേശികളിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും ഇതാണ് വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണം. അതേസമയം മയാള്‍ജിയ ഓരോ വ്യക്തികളിലും വ്യത്യസ്തമായിട്ടാണ് അനുഭവപ്പെടുന്നതെന്നും പഠനങ്ങൾ പറയുന്നുണ്ട്.
ചിലർക്ക് പനി മാറിയാലും കുറച്ച് കാലത്തേക്ക് പേശി വേദന തുടരാനുള്ള സാധ്യതകൾ ഉണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. പേശികളിൽ ഉണ്ടാവുന്ന വീക്കം മാറാൻ സമയമെടുക്കുന്നത്കൊണ്ടാണ് ഇത്. ചിലർക്ക് ഈ നീർക്കെട്ട് കാരണം പേശി കലകൾക്ക് പരിക്ക് ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. ഇതും വേദന നീണ്ട് നിൽക്കാനുള്ള കാരണങ്ങളിൽ ഒന്നാണ്.
പനി ബാധിച്ച സമയത്ത് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കൃത്യമായ മെഡിസിൻ എടുക്കുകയും ശരിയായ വിശ്രമം എടുക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. പനി മാറിയ ശേഷവും കുറച്ച് ദിവസത്തേക്ക് ആയാസമുള്ള ജോലികൾ ചെയ്യാതിരിക്കുക എന്നതും പ്രധാനമാണ്. ശരീരത്തിന് ബലം ഉണ്ടാക്കുന്ന ചെറുവ്യായാമങ്ങൾ ചെയ്യുന്നതും പേശിവേദന കുറയ്ക്കാൻ നല്ലതാണ്.
പനിസമയത്തും പനി മാറി കഴിഞ്ഞാലും ധാരാളം വെള്ളം കുടിക്കുക എന്നതും പ്രധാനമാണ്. പനി സമയത്ത് ശരീരത്തിൽ ഉണ്ടായ വിഷ വസ്തുക്കളെ പുറം തള്ളാൻ ഇത് സഹായിക്കും. ഇതിന് പുറമെ പഴങ്ങൾ, പച്ചക്കറികൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും പേശി വേദന കുറയ്ക്കുന്നതിന് സഹായിക്കും. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഫിസിയോ തെറാപ്പി മാർഗങ്ങൾ സ്വീകരിക്കണം.
Content Highlights: Why do muscle pains occur when you have a fever and What is myalgia