
പ്രായം 24 ആയതേയുള്ളൂ തലയില്‍ അങ്ങിങ്ങായി വെള്ളിയിഴകള്‍ പൊന്തിത്തുടങ്ങി. കണ്ണാടിയില്‍ നോക്കി പൊട്ടിച്ചുകളയുന്നവരും നര കാണാതെ മുടി ചീകിയൊതുക്കുന്നവരും ഇന്ന് ചെറുപ്പക്കാരാണ്. വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നര പണ്ടുകാലത്ത് പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നെങ്കില്‍ ഇന്നത് കുഴപ്പം പിടിച്ച ജീവിതശൈലിയുടെ ലക്ഷണമാണ്. പോഷകഘടകങ്ങളുടെ കുറവ് മുതല്‍ സ്‌ട്രെസ്സും പരിസ്ഥിതിമലിനീകരണം വരെ നരച്ച മുടിക്ക് കാരണക്കാരാകുന്നുണ്ട്. ആരും കാണാതെ ഒളിച്ചുവയ്ക്കുന്നതിന് പകരം മുടി നരയ്ക്കുന്നതിന് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ കണ്ടെത്തിയാല്‍ നരയ്ക്ക് ചിലപ്പോള്‍ ഒരു പരിധി വരെ തടയിടാന്‍ സാധിച്ചേക്കും.
പോഷകങ്ങളുടെ കുറവ്
മുടിക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ അയണ്‍, കോപ്പര്‍, വിറ്റമിന്‍ ബി12 എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ഇവയിലുള്ള കുറവ് മുടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. മുടിയുടെ ഫോളിക്കുകളെ ദുര്‍ബലപ്പെടുത്തി അകാലനരയിലേക്ക് നയിച്ചേക്കാം.
പരിഹരിക്കാം
ഇലക്കറികള്‍, നട്‌സ്, പാലുല്‍പ്പന്നങ്ങള്‍, മുട്ട എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.സസ്യാഹാരികളോ, വീഗനോ ആണെങ്കില്‍ ബി12 സപ്ലിമെന്റുകള്‍ കഴിക്കാംലെന്റില്‍, സീഡുകള്‍, ധാന്യങ്ങള്‍ എന്നിവ വിറ്റമിന്‍ സ്രോതസ്സുകളാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
സ്‌ട്രെസ് ഒഴിവാക്കാം
ഇന്നത്തെ ചെറുപ്പക്കാരില്‍ തലനരയ്ക്കുന്നതിനുള്ള പ്രധാനകാരണം ഉത്കണ്ഠയാണ്. ജോലിസ്ഥലത്തെ സമ്മര്‍ദം, കുടുംബജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് തുടങ്ങി സ്‌ട്രെസ്സിന് നൂറായിരം കാരണങ്ങളാണ് ഇന്ന്. കോര്‍ട്ടിസോളിന്റെ അളവ് ഉയരുന്നത് മുടിയുടെ ഫോളിക്കിളുകളെ നശിപ്പിച്ചേക്കാം. അത് മെലാനിന്‍ ഉല്പാദനത്തെയും ബാധിക്കും. യോഗ,മെഡിറ്റേഷന്‍ എന്നിവ 10 മിനിറ്റ് ശീലിക്കുന്നത് നല്ലതാണ്. നിത്യവുമുള്ള വ്യായാമം സ്‌ട്രെസ് ഹോര്‍മോണുകള്‍ കുറയ്ക്കും. എല്ലാ ദിവസവും രാത്രി 7-8 മണിക്കൂര്‍ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
ഹെയര്‍ കെയര്‍ പ്രൊഡക്ടുകളിലും വേണം കണ്ണ്
എല്ലാ ഷാമ്പൂവും കണ്ടീഷനറുകളും മുടിക്ക് ഗുണം ചെയ്യണമെന്നില്ല. കൃത്രിമമായ മണത്തിനു വേണ്ടി കെമിക്കലുകള്‍ ചേര്‍ത്തിട്ടുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള സള്‍ഫേറ്റും പാരബീന്‍സും തലയിലെ പ്രകൃതിദത്ത ഓയില്‍ നീക്കം ചെയ്യും. മുടി വരണ്ടിരിക്കാനും പൊട്ടിപ്പോകുന്നതിനും തല നരയ്ക്കുന്നതിനും ഇത് കാരണമാകും.
സള്‍ഫേറ്റ് ഫ്രീയായ ഷാമ്പൂ ഉപയോഗിക്കാം. മുടി വല്ലാതെ കഴുകുന്നതും ഉപേക്ഷിക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ കഴുകിയാല്‍ മതി.
ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍
ഹെയര്‍ സ്റ്റൈലിങ് ഉപകരണങ്ങളുടെ അമിതോപയോഗം, കെമിക്കല്‍ സ്‌ട്രെയ്റ്റനിങ്, ഹെയര്‍ ഡൈ എന്നിവ മുടിയുടെ ക്യൂട്ടിക്കിളുകളെ നശിപ്പിക്കും. സ്റ്റൈലിങ്ങിന് മുന്നോടിയായി ഹീറ്റ് പ്രൊട്ടക്ടന്റ് ഉപയോഗിക്കുക. അമോണിയ ഇല്ലാത്ത ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുക. സ്ഥിരമായി കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യാതിരിക്കുക.
അള്‍ട്രാവയലറ്റും നിസാരമല്ല
മലിനീകരണവും സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നതും ഓക്‌സിഡേറ്റീവ് സ്‌ട്രെസിന് കാരണമാകും. ഇത് മെലാനില്‍ ഉല്പാദനം കുറയ്ക്കും. മുടി വരണ്ടതാക്കുകയും നേരത്തേയുള്ള നരയ്ക്ക് കാരണമാകുകയും ചെയ്യും. സൂര്യപ്രകാശത്തിലിറങ്ങുമ്പോള്‍ തല മറയ്ക്കാം. വല്ലാതെ അഴുക്കുപറ്റിക്കഴിഞ്ഞാല്‍ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം. ആന്റി ഓക്‌സിഡന്റ് ധാരാളമുള്ള ഹെയര്‍ സിറം ഉപയോഗിക്കാം.
തല വേഗത്തില്‍ നരയ്ക്കുന്നത് പാരമ്പര്യം മാത്രമല്ലെന്ന് സാരം. അതുകൊണ്ട് ഇനി നരച്ച മുടി കണ്ണില്‍ പെട്ടാല്‍ പാനിക്കാവുന്നതിന് പകരം ജീവിതശൈലിയില്‍ മാറ്റം വരുത്തി നോക്കാം. നരച്ച മുടി പൂര്‍ണമായും കറുപ്പിക്കുക എളുപ്പമല്ല. പക്ഷെ നരയുടെ വേഗത അതുവഴി കുറയ്ക്കാനാകും.
Content Highlights: Why Are Indians Experiencing Hair Greying in Their 20s