
ചിലര്‍ക്ക് എല്ലാം വളരെ എളുപ്പമായിരിക്കും..ചിലര്‍ക്ക് എല്ലാം കഠിനാധ്വാനത്തിലൂടെയും അവസാനമില്ലാത്ത പോരാട്ടത്തിലൂടെയും മാത്രം നേടിയെടുക്കേണ്ടതായും വരും. അതാണ് ജീവിതം, പലര്‍ക്കും പലതുപോലെ…പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ടുകുതിക്കുന്നതിനിടയിലാകും അപ്രതീക്ഷിതമായി രോഗങ്ങളായോ, അപകടങ്ങളായോ ആ വെല്ലുവിളിക്ക് കടുപ്പമേറുന്നത്. ചിലര്‍ തളര്‍ന്നുവീഴും, മറ്റുചിലര്‍ ജീവിതമേ അവസാനിപ്പിക്കും. ചിലര്‍ ആ പ്രതിസന്ധിയെ നേരിടാന്‍ തീരുമാനിക്കും. അവരില്‍ ചിലരാണ് ഇവര്‍. ലോകം അറിയുന്ന ഇവരും ജീവിതത്തില്‍ ആരോഗ്യകാരണങ്ങളാല്‍ വെല്ലുവിളി നേരിട്ടിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിനായി ഇടവേളകളെടുത്തിട്ടുണ്ട്. ആ ജീവിതങ്ങളെ നാം മാതൃകകളാക്കേണ്ടതുണ്ട്.
സുസ്മിത സെന്‍
2024ല്‍ ആണ് സുസ്മിത സെന്‍ തനിക്ക് ഹൃദയാഘാതം ഉണ്ടായ വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധാകര്‍ക്ക് മുന്നില്‍ പങ്കുവയ്ക്കുന്നത്. ജയ്പൂരില്‍ ആര്യ എന്ന വെബ്‌സീരീസ് ഷൂട്ട് നടക്കുന്നതിനിടെയാണ് സുസ്മിതയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്.ആ 45 മിനിട്ട് തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ സമയമായിരുന്നുവെന്നാണ് അവര്‍ അന്ന് ഓര്‍ത്തെടുത്തത്. ഒരുവേള ജീവിതം അവസാനിക്കുകയാണ് ഇവിടെ എന്ന് തോന്നിയ നിമിഷമെന്ന് അവര്‍ ആ അനുഭവത്തെ കുറിച്ചു. ജീവിതത്തിന് പുതിയ ദിശ നല്‍കിയ സംഭവമെന്നാണ് അവര്‍ തനിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെ കുറിച്ച് പിന്നീട് വിവരിച്ചത്. ആര്‍ട്ടറി 95 ശതമാനത്തോളം ബ്ലോക്കായിരുന്നു. ജീവന്‍ തന്നെ അപകടത്തിലായിരുന്ന ആ അവസ്ഥയില്‍ നിന്ന് ശരീരം രണ്ടാമതൊരവസരം കൂടി നല്‍കി. ശരീരത്തെ അത് അര്‍ഹിക്കുന്ന സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഇപ്പോള്‍ നോക്കുന്നത്. സുസ്മിത പറയുന്നു.
ദീപിക പദുകോണ്‍
ബോളിവുഡില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദീപിക പദുകോണ്‍ വിഷാദത്തിന്റെ കൈപ്പിടിയില്‍ അമരുന്നത്. എല്ലാം നഷ്ടപ്പെട്ടെന്ന് ദീപിക കരുതിയ നിമിഷങ്ങള്‍. കാരണമറിയാതെയുള്ള കരച്ചിലുകള്‍, സഹായം തേടാന്‍ അല്പം വൈകിയെങ്കിലും വിഷാദമാണെന്ന് ഒടുവില്‍ തിരിച്ചറിയുന്നു. തുടര്‍ന്ന് ചികിത്സ തിരിച്ചുവരവ്. തന്റെ അനുഭവം ഒരുമടിയും കൂടാതെ പലതവണ പൊതുവേദികളില്‍ ആവര്‍ത്തിച്ച് പറഞ്ഞ് മാനസികാരോഗ്യത്തിന്റെ പ്രധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണത്തിന് പോലും അവര്‍ തയ്യാറായി. പക്ഷെ അതിന് അവര്‍ സമയമെടുത്തു. ജീവിതത്തില്‍ വിജയങ്ങള്‍ കയ്യെത്തിപ്പിടിക്കുമ്പോള്‍ തന്നെയും ആരോഗ്യത്തിന് നല്‍കേണ്ട പ്രധാന്യത്തെ അവര്‍ തിരിച്ചറിഞ്ഞു.
സൊനാലി ബേന്ദ്ര
2018ലാണ് സൊനാലിക്ക് മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. കാന്‍സര്‍ സ്ഥിരീകരിക്കുമ്പോള്‍ നാലാംഘട്ടത്തിലേക്ക് അസുഖം പ്രവേശിച്ചിരുന്നു. ന്യൂയോര്‍ക്കിലാണ് അവര്‍ ചികിത്സ തേടുന്നത്. പിന്നീട് അവര്‍ കാന്‍സറിനെതിരായ പോരാട്ടങ്ങളിലെ പങ്കാളിയായി. എന്നാല്‍ കാന്‍സറാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞപ്പോള്‍ അത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് അവരെ വിമര്‍ശിച്ചവരും നിരവധിയായിരുന്നു. 'നിങ്ങള്‍ ഒരു അഭിനേത്രിയാണ്. അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്നതെന്തും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നേ ഒരു വിഭാഗം ചിന്തിക്കൂ. പക്ഷെ എല്ലാവര്‍ക്കും അവരവരുടേതായ ജീവിതരീതികളുണ്ട്. അതുകൊണ്ടാണ് ഞാന്‍ എന്റെ രോഗനിര്‍ണയത്തെ കുറിച്ച് സംസാരിക്കാം എന്ന് ചിന്തിക്കുന്നത്. പക്ഷെ എന്റെ അനുഭവം പങ്കുവച്ചത് നിരവധി സ്ത്രീകള്‍ക്ക് അസുഖം നേരത്തേ കണ്ടുപിടിക്കുന്നതിന് വരെ സഹായകമായിട്ടുണ്ട്. സഹായം തേടുന്നത് നമ്മെ ദുര്‍ബലരാക്കില്ല.' സൊനാലി പറയുന്നു. രോഗനിര്‍ണയം നടന്ന സമയത്ത് റിയാലിറ്റി ഷോ ജഡ്ജ് ആയിരുന്ന താരം പിന്നീട് ചികിത്സയ്ക്കായി ഇടവേളയെടുത്ത് ലൈംലൈറ്റിലേക്ക് തിരിച്ചെത്തുകയായിരുന്നു.
മംമ്ത മോഹന്‍ദാസ്
അര്‍ബുദത്തെ രണ്ടുതവണ അതിജീവിച്ച് ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് മംമ്ത മോഹന്‍ദാസ്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് താരം തന്നെ ബാധിച്ച പുതിയ രോഗത്തെ കുറിച്ച് തുറന്നുപറഞ്ഞത്. വെള്ളപ്പാണ്ട് തന്നെ ബാധിച്ചുവെന്ന് ചിത്രങ്ങള്‍ സഹിതമാണ് ആരാധകര്‍ക്ക് മുന്നില്‍ അവര്‍ തുറന്നുപറഞ്ഞത്. എന്നാല്‍ അസുഖങ്ങള്‍ക്ക് മുന്നില്‍ എന്നത്തേയും പോലെ തലകുനിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പോരാടി മുന്നേറാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം.
Content Highlights: even most successful women need to take break in their career