പുരുഷന്മാര്‍ക്കും പ്രസവ വേദനയുണ്ടാകുമോ? അറിയാം കൊവേഡ് സിന്‍ഡ്രോമിനെ കുറിച്ച്

ഗര്‍ഭകാലത്തേതിന് സമാനമായ ചെറിയ അസ്വസ്ഥതകള്‍ മുതല്‍ കഠിനമായ വയറുവേദനകള്‍ വരെ ഈ അവസ്ഥയിലുണ്ടാകാം

dot image

ര്‍ദ്ദി, ക്ഷീണം, തലകറക്കം തുടങ്ങി ഗര്‍ഭകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരിക പ്രശ്‌നങ്ങള്‍ അനവധിയാണ്. എന്നാല്‍ അച്ഛനാകാന്‍ പോകുന്ന പുരുഷന്മാര്‍ ഈ ഗര്‍ഭകാല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നാലോ? വിശ്വസിക്കാന്‍ പ്രയാസമായിരിക്കുമല്ലെ. എന്നാല്‍ ചില പുരുഷന്മാര്‍ക്കും ഭാര്യമാര്‍ക്കൊപ്പം ഗര്‍ഭകാല പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ അവസ്ഥയെയാണ് കൊവേഡ് സിന്‍ഡ്രോം എന്ന് പറയുന്നത്.

എന്താണ് കൊവേഡ് സിന്‍ഡ്രോം?

അച്ഛനാകാന്‍ പോകുന്ന ഒരു പുരുഷന് ഗര്‍ഭിണിയായ പങ്കാളിയുടേതിന് സമാനമായി ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്ന അവസ്ഥയെയാണ് കൊവേഡ് സിന്‍ഡ്രോം എന്ന് പറയുന്നത്. Sympathetic Pregnancy അല്ലെങ്കില്‍ Male Pregnancy Experience എന്നും ഇത് അറിയപ്പെടുന്നു.

ഗര്‍ഭകാലത്തേതിന് സമാനമായ നേരിയ അസ്വസ്ഥതകള്‍ മുതല്‍ കഠിനമായ വയറുവേദനകള്‍ വരെ ഈ അവസ്ഥയിലുണ്ടാകാമെന്ന് ഛണ്ഡീഗഢ് ക്ലൗഡ്‌നയന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. റിതംഭര ഭല്ല ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ക്ഷീണം, ഛര്‍ദ്ദി, ശരീരഭാരം കൂടുക, മാനസിക അസ്വസ്ഥതകള്‍, ഉറക്കക്കുറവ് തുടങ്ങിയവ ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന പുരുഷന്മാരിലുണ്ടാകാം. മാത്രമല്ല കൂടുതല്‍ തീവ്രമായ സന്ദര്‍ഭങ്ങളില്‍ പ്രസവവേദനയും പ്രസവാനന്തര വിഷാദവും അടക്കം അനുഭവപ്പെടാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഔദ്യോഗികമായി ഒരു മെഡിക്കല്‍ അവസ്ഥയായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള അച്ഛന്മാരാകാന്‍ പോകുന്ന പുരുഷന്മാരില്‍ പലര്‍ക്കും ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡോ. റിതംഭര ഭല്ല പറഞ്ഞു. പങ്കാളിയുടെ ഗര്‍ഭകാലത്തിന്റെ ആദ്യമാസങ്ങളിലാകാം ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ ആരംഭിക്കുക. പ്രസവതീയതി അടുക്കുംതോറും ഇത് ചിലരില്‍ തീവ്രമായേക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊവേഡ് സിന്‍ഡ്രോമിന്റെ കാരണം സംബന്ധിച്ചും ഉറവിടം സംബന്ധിച്ചും വ്യക്തമായ ഒരുത്തരം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും മാനസിക-ശാരീരിക അവസ്ഥയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടാകമെന്നും പറയപ്പെടുന്നുണ്ട്. പിതാവാകാന്‍ പോകുന്നതിന്റെ ഉത്കണ്ഠയും തന്റെ പങ്കാളി അഭിമുഖീകരിക്കുന്ന അവസ്ഥകളും സ്ത്രീ കടന്നുപോകുന്ന കാര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ശാരീരികവും മാനസികവുമായ അനുഭവങ്ങളുടെ സംയോജനവുമാകാം പുരുഷന്മാരെ കൊവേഡ് സിന്‍ഡ്രോമിലേക്ക് നയിക്കുന്നത്.

കൊവേഡ് സിന്‍ഡ്രോമിനെ മരുന്നുകളിലൂടെ ചികിത്സിക്കാനാകില്ല. എന്നാല്‍ ഭക്ഷണക്രമം, തെറാപ്പി, വ്യായാമം, കൗണ്‍സലിങ് തുടങ്ങിയ മാര്‍ഗങ്ങിലൂടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനാകുമെന്ന് ഡോ. ഭല്ല പറയുന്നു. തുറന്ന ആശയവിനിമയങ്ങളിലൂടെ ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണ്. കുട്ടിയുടെ ജനനത്തിന് ശേഷം കൊവേഡ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ പൊതുവെ കുറയുമെങ്കിലും ഓരോരുത്തരിലുമുള്ള ഇത് വ്യത്യസ്തമായിരിക്കുമെന്നും ഡോ. റിതംഭര ഭല്ല വ്യക്തമാക്കി.

Content Highlights: Even men can experience pregnancy-like symptoms, What is couvade syndrome?

dot image
To advertise here,contact us
dot image