
മനുഷ്യര്‍ക്ക് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അവസ്ഥകളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. മുതിർന്നവരിൽ 30 ശതമാനത്തോളം പേർക്കും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം കൊറോണറി ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നും പഠനങ്ങൾ ഉണ്ട്. ഇതിന് പുറമെ വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഡിമെൻഷ്യ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും രക്തസമ്മർദ്ദം മൂലം ഉണ്ടാകുന്നുണ്ട്.
എന്നാൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വാഴപ്പഴമോ ബ്രോക്കോളിയോ കഴിച്ചാൽ മതിയെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്. വാട്ടർലൂ സർവകലാശാല നടത്തിയ പുതിയ ഗവേഷണത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭക്ഷണത്തിൽ പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അനുപാതം നിയന്ത്രിക്കുന്നത്, ശരീരത്തിലെ സോഡിയത്തിന്റെ അമിത അളവ് കുറയ്ക്കുന്നതിനെക്കാൾ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനാണ് കൂടുതൽ സഹായിക്കുന്നതെന്നാണ് പഠനം പറയുന്നത്.
'സാധാരണയായി, ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുമ്പോൾ, ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനാണ് നിർദ്ദേശം ലഭിക്കാറുള്ളത്. ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാനാണ് ഇത്. എന്നാൽ ഭക്ഷണക്രമത്തിൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ, വാഴപ്പഴം, ബ്രോക്കോളി എന്നിവ കൂടുതൽ ചേർക്കുന്നത്, സോഡിയം കുറയ്ക്കുന്നതിനേക്കാൾ രക്തസമ്മർദ്ദത്തിൽ വലിയ മാറ്റം വരുത്തുമെന്ന് ഞങ്ങളുടെ ഗവേഷണം സൂചിപ്പിക്കുന്നു' എന്നാണ് ഗവേഷണത്തെ കുറിച്ച് വാട്ടർലൂ സർവകലാശാലയിലെയും കാനഡ 150 റിസർച്ച് ചെയർ ഇൻ മാത്തമാറ്റിക്കൽ ബയോളജി ആൻഡ് മെഡിസിനിലെയും അപ്ലൈഡ് മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഫാർമസി, ബയോളജി പ്രൊഫസർ ഡോ. അനിത ലെയ്റ്റൺ പറയുന്നത്.
'പഴയക്കാലത്ത് പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിച്ചത് അതുകൊണ്ട് തന്നെ ശരീരത്തിൽ ഉയർന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയവുമുള്ള അവസ്ഥയായിരുന്നുണ്ടായിരുന്നത്. എന്നാൽ പുതിയ കാലത്ത് പാശ്ചാത്യ ഭക്ഷണക്രമങ്ങളിൽ സോഡിയത്തിന്റെ അളവ് വളരെ കൂടുതലും പൊട്ടാസ്യം കുറവുമാണ് ' എന്ന് വാട്ടർലൂയിലെ പിഎച്ച്ഡി വിദ്യാർത്ഥിയും ഗവേഷണത്തിന്റെ മുഖ്യ രചയിതാവുമായ മെലിസ സ്റ്റാഡ് പറഞ്ഞു.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വർദ്ധിപ്പിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് മുൻ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും, പൊട്ടാസ്യത്തിന്റെയും സോഡിയത്തിന്റെയും അനുപാതം ശരീരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിജയകരമായി തിരിച്ചറിയുന്ന ഒരു ഗണിത മാതൃക ഇപ്പോഴാണ് വികസിപ്പിച്ചെടുത്തത്. സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ഉയർന്ന രക്തസമ്മർദ്ദം വളരെ എളുപ്പത്തിൽ ഉണ്ടാകുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.
Content Highlights: eating banana and broccoli reduce high blood pressure new Research