കുട്ടികളിലെ കാൻസർ രോഗം; നേരത്തെ തിരിച്ചറിയാന്‍ ശ്രദ്ധിക്കണം ഈ 7 ലക്ഷണങ്ങൾ

ആഗോളതലത്തിൽ കാൻസർ കേസുകളിൽ ഏകദേശം 3% മാത്രമാണ് കുട്ടികളിൽ ഉള്ള കാൻസർ

dot image

പ്രായവ്യത്യാസമില്ലാതെ വിവിധ ആളുകൾക്ക് കാൻസർ ബാധ ഉണ്ടാവാറുണ്ട്. എങ്കിലും മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ കാൻസർ ബാധ പൊതുവെ അപൂർവമാണ്. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഏത് പ്രായത്തിൽ ഉള്ളവരുടെയും കാൻസർ രോഗം ചികിത്സിച്ച് മാറ്റാൻ സാധിക്കും. ആഗോളതലത്തിൽ കാൻസർ കേസുകളിൽ ഏകദേശം 3% മാത്രമാണ് കുട്ടികളിൽ ഉള്ള കാൻസർ.

കുട്ടികളിൽ ഉണ്ടാവുന്ന ചില രോഗ ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങൾ ആയേക്കാമെന്നാണ് നിയോനാറ്റോളജി ആൻഡ് പീഡിയാട്രിക്‌സ് വിദഗ്ധനായ ഡോ. കുശാൽ അഗർവാൾ പറയുന്നത്. കുട്ടികളിലെ കാൻസർ രോഗം എളുപ്പത്തിൽ തിരിച്ചറിയാവുന്നതിനുള്ള ഏഴ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1 തുടർച്ചയായ പനി, അണുബാധ

കുട്ടികളിൽ ഉണ്ടാവുന്ന തുടർച്ചയായ പനിയോ അണുബാധയോ കാൻസറിനുള്ള ലക്ഷണങ്ങളിൽ ഒന്നാണ്. സാധാരണ ചികിത്സകളോട് കൃത്യമായി പ്രതികരിക്കാതിരിക്കുകയും തുടർച്ചയായ പനി, ആവർത്തിച്ചുള്ള അണുബാധകൾ, വർദ്ധിച്ചുവരുന്ന ക്ഷീണം എന്നിവ കുട്ടികളിൽ കാണിക്കുകയാണെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

2 ശരീരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചതവ്, രക്തസ്രാവം, വിളർച്ച

കുട്ടികളുടെ ശരീരത്തിൽ പലപ്പോഴും കളികൾക്കിടയിൽ ചതവുകൾ ഉണ്ടാവുന്നത് സാധാരണമാണ്. എന്നാൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവോ, ചെറിയ ചുവപ്പ്/പർപ്പിൾ പാടുകൾ (പെറ്റീഷ്യ) എന്നിവ കാൻസർ ലക്ഷണങ്ങൾ ആവാനുള്ള സാധ്യതയുണ്ട്. സ്ഥിരമായി കുഞ്ഞുങ്ങൾക്കുണ്ടാവുന്ന വിളർച്ചയും കാൻസറിന്റെ ലക്ഷണമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.

3 ശരീരത്തിൽ അപ്രതീക്ഷിതമായി വീക്കവും മുഴയും കാണുന്നത്

കുട്ടികളുടെ ശരീരത്തിൽ പ്രത്യേകിച്ച് വയറ്, കഴുത്ത്, നെഞ്ച്, കക്ഷം എന്നിവിടങ്ങളിൽ എന്തെങ്കിലും മുഴയോ വീക്കമോ ഉണ്ടാവുകയും അത് തുടരുകതയുമാണെങ്കിൽ വൈദ്യസഹായം തേടണം. ഈ മുഴകൾക്ക് വേദന തോന്നുന്നില്ലെങ്കിൽ അടിയന്തരമായി തന്നെ വൈദ്യസഹായം തേടേണ്ടതാണ്. വയറിലെ മുഴകൾ വിൽംസ് ട്യൂമർ അല്ലെങ്കിൽ ന്യൂറോബ്ലാസ്റ്റോമ പോലുള്ള രോഗമാവാനുള്ള സാധ്യയുണ്ട്.

4 അസ്ഥി വേദന, മുടന്തൽ ശരീരത്തിൽ പ്രത്യേകഭാഗത്ത് വേദന

കുട്ടികൾക്ക് പലപ്പോഴും വേദന അനുഭവപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായി ഒരുഭാഗത്ത് വേദന അനുഭവപ്പെടുന്നതായി കുട്ടികൾ പരാതി പറഞ്ഞാൽ അത് ശ്രദ്ധിക്കണം, പ്രത്യേകിച്ച് കാലുകളിലോ കൈകളിലോ ആണ് ഈ വേദന അനുഭവപ്പെടുന്നത്. ഇത്തരം വേദനകൾ ഓസ്റ്റിയോസാർകോമ, എവിംഗ് സാർകോമ തുടങ്ങിയ രോഗവസ്ഥയാവാനുള്ള സാധ്യതയുമുണ്ട്.

5 രാവിലെ ഛർദ്ദിയും തലവേദനയും

രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത തലവേദനയും ഛർദ്ദിയും ഉണ്ടാവുന്നതും കാൻസറിന്റെ ലക്ഷണങ്ങളാവും. കാഴ്ച്ചയിൽ പെട്ടന്ന് മാറ്റങ്ങൾ ഉണ്ടാവുന്നതും ബലഹീനതയും ബാലൻസ് പ്രശ്‌നങ്ങളും കൂടി ഉണ്ടെങ്കിൽ അടിയന്തിരമായി വൈദ്യസഹായം തേടണം.

6 കാഴ്ച്ചയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ

അപ്രതീക്ഷിതമായി കാഴ്ച്ച നഷ്ടപ്പെടുക, കണ്ണുകൾ വീർക്കുക, തുടങ്ങിയവ റെറ്റിനോബ്ലാസ്റ്റോമ എന്ന കാൻസറിന്റെ ലക്ഷണങ്ങൾ ആവാനുള്ള സാധ്യതയുണ്ട്.

7. ഗണ്യമായ ഭാരം കുറയൽ അല്ലെങ്കിൽ വിശപ്പിലുണ്ടാവുന്ന മാറ്റങ്ങൾ

അപ്രതീക്ഷിതമായി കുട്ടികളുടെ ശരീരഭാരം കുറയുകയും, ഭക്ഷണം കഴിക്കാൻ സ്ഥിരമായി വിസമ്മതിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. രാത്രിയിൽ വിയർക്കൽ, ശരീരഭാരം കുറയൽ തുടങ്ങിയലക്ഷണങ്ങൾ ലിംഫോമയോ അല്ലെങ്കിൽ മറ്റ് രോഗങ്ങളുടെയോ സൂചനകൾ ആവാം.

Content Highlights: Cancer in children These 7 symptoms should be noted if detected early

dot image
To advertise here,contact us
dot image