
ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സമയക്രമീകരണവും പ്രധാനമാണ്. വ്യായാമം ചെയ്യുന്നത് എന്‍ഡോര്‍ഫിനുകള്‍, ഡോപ്പമൈന്‍, സെറാടോണിന്‍ എന്നീ ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ സഹായിക്കുന്നു. ഇത് സന്തോഷത്തോടെയും ഊര്‍ജത്തോടെയുമിരിക്കാന്‍ നമ്മെ സഹായിക്കും. ചിലര്‍ അതിരാവിലെയായിരിക്കും വ്യായാമം ചെയ്യുന്നത്. മറ്റ് ചിലരാകട്ടെ വൈകിട്ടും. എന്നാല്‍ ഏതാണ് വ്യായാമം ചെയ്യാന്‍ ഏറ്റവും മികച്ച സമയം? അതിരാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചുളള തര്‍ക്കങ്ങള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.
രാവിലെ വ്യായാമം ചെയ്താല്‍ നിങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാകും. രാവിലെയുള്ള വ്യായാമങ്ങള്‍ ഉപാപചയപ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. ഇത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ദിവസം മുഴുവന്‍ കലോറി കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല ഇന്‍സുലിന്‍ സംവേദനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഭാതത്തില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ദിവസം മുഴുവന്‍ മാനസിക ശ്രദ്ധ, ഉത്പാദനക്ഷമത, എന്നിവ മെച്ചപ്പെടുത്തും.
രാവിലെ സമയത്ത് പേശികളും സന്ധികളും സ്റ്റിഫ് ആയിരിക്കും, ഒട്ടും വഴക്കമുള്ളതായിരിക്കില്ല. ഇത് വ്യായാമ സമയത്ത് പരിക്കിന്റെ സാധ്യത വര്‍ധിപ്പിച്ചേക്കാം. അതുകൊണ്ട് വാംഅപ് എക്‌സര്‍സൈസുകള്‍ ചെയ്തതിന് ശേഷം മാത്രം ശരിയായ വ്യായമങ്ങളിലേക്ക് കടക്കാം. ചില വ്യക്തികള്‍ക്ക് അതിരാവിലെ വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് അവര്‍ക്ക് മതിയായ വിശ്രമമോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെങ്കില്‍.
വൈകുന്നേരത്തെ വ്യായാമങ്ങള്‍ വളരെ ഉപകാരപ്രദമായ സമ്മര്‍ദ്ദ പരിഹാര സംവിധാനമായി പ്രവര്‍ത്തിക്കുന്നു. ഇത് വ്യക്തികളെ വിശ്രമിക്കാനും ദിവസം മുഴുവന്‍ അടിഞ്ഞുകൂടിയ സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കാനും സഹായിക്കുന്നു. വൈകുന്നേരത്തെ വ്യായാമം പരിക്കിന്റെ സാധ്യത കുറയ്ക്കുന്നു.
ഉറക്ക സമയത്തിന് വളരെ അടുത്ത് വ്യായാമം ചെയ്യുന്നത് ചില വ്യക്തികളുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തിയേക്കാം. വൈകുന്നേരം വ്യായാമം ചെയ്തതിന് ശേഷം അല്‍പ്പസമയം വിശ്രമിക്കുക.
വ്യായാമം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരവര്‍ക്ക് ചെയ്യാന്‍ അനുയോജ്യമായ സമയങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ചില വ്യക്തികള്‍ പ്രഭാത വ്യായാമങ്ങളുടെ ഊര്‍ജ്ജം ഇഷ്ടപ്പെടുന്നു. ചിലര്‍ വൈകുന്നേര വ്യായാമങ്ങളിലൂടെയുള്ള സമ്മര്‍ദ്ദമില്ലായ്മയെ ആസ്വദിക്കുന്നു. നിങ്ങള്‍ക്ക് അനുയോജ്യമായി തോന്നുന്ന സമയം സ്വീകരിക്കാവുന്നതാണ്.
Content Highlights - Is morning or evening exercise better? Things to consider before getting ready to exercise