
അമിതമായി മധുരം കഴിക്കുമ്പോള്‍ അല്ലെങ്കില്‍ സംസ്‌കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ സാധാരണഗതിയില്‍ നമ്മളെല്ലാവരും ആശങ്കപ്പെടുന്നത് പ്രമേഹത്തെ കുറിച്ചും അമിതവണ്ണത്തെ കുറിച്ചും മാത്രമാണ് അല്ലേ? എന്നാല്‍ നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരളിനെ ഇതെങ്ങനെയാണ് ബാധിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയില്‍ വളരെ അപൂര്‍വമായി കണക്കാക്കുന്ന ഒന്നാണ് കരള്‍ അര്‍ബുദം. എന്നിരുന്നാലും കരളിനെ അര്‍ബുദം ബാധിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിക്കുന്ന ഭക്ഷണം, ജീവിത ശൈലി തുടങ്ങിയവയെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചിപ്‌സ്, മധുരമുള്ള സ്‌നാക്‌സ്, ഇന്‍സ്റ്റന്റ് ന്യൂഡില്‍സ്, ഫാസ്റ്റ് ഫുഡ്..പ്രിയപ്പെട്ട ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇതൊന്നും ഉള്‍പ്പെടില്ലെങ്കിലും നാം നിത്യവും കഴിക്കുന്ന ഭക്ഷണങ്ങളാണ് ഇതെല്ലാം. അനാരോഗ്യകരമായ രീതിയില്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുള്ളവയാണ് ഈ ഭക്ഷണപദാര്‍ഥങ്ങളെല്ലാം. ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നത് ഭാരം വര്‍ധിക്കുന്നതിനും പ്രമേഹത്തിനും മാത്രമല്ല കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി നിശബ്ദ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.
ജോലിയുടെ ഭാഗമായി സ്ഥിരമായി കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം പേരും. ആവശ്യമായ ചലനമോ, വ്യായമമോ പലരുടെ ശരീരത്തിനും ലഭിക്കുന്നില്ല. ഒട്ടും ആക്ടീവല്ലാത്ത ഈ ജീവിതരീതിയും ഫാറ്റി ലിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അത് ചിലപ്പോഴെങ്കിലും കരള്‍ അര്‍ബുദത്തിലേക്ക് വരെ എത്തിയെന്നും വരാം.
വല്ലപ്പോഴും മദ്യപിക്കുന്നത് ഒരു തെറ്റല്ല. എന്നാല്‍ അമിതമായാല്‍ മദ്യം വിഷം തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയുമില്ല. നിത്യമുള്ള, കടുത്തരീതിയിലുള്ള മദ്യപാനം ഒരുതരത്തിലും ശറീരത്തിന് ഗുണകരമല്ല. മദ്യപാനം കരള്‍ അര്‍ബുദം ഉള്‍പ്പെടെ ആറുതരത്തിലുള്ള അര്‍ബുദത്തിന് കാരണമാകുന്നതായാണ് പഠനം.
മധുര പാനീയങ്ങള്‍, ജങ്ക് ഫുഡ്, സംസ്‌കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവ കുട്ടികളിലും മുതിര്‍ന്നവരിലും ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്. തുടര്‍ച്ചയായ ക്ഷീണം, വയറിന് മുകള്‍ഭാഗം വീര്‍ക്കുക, ഭാരം കുറയുക, തുടങ്ങിയവ ഒരുപക്ഷെ കരള്‍ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആകാം. ഈ ലക്ഷണങ്ങള്‍ മറ്റുപല ആരോഗ്യപ്രശ്‌നങ്ങളുമായി തെറ്റിദ്ധരിക്കുന്നത് കൊണ്ട് രോഗനിര്‍ണയം വൈകാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ശസ്ത്രക്രിയയിലൂടെ അസുഖം ഭേദമാക്കാന്‍ കഴിയുന്ന ഘട്ടവും പിന്നിട്ടാണ് പല രോഗികളും തങ്ങളെ സമീപിക്കാറെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Content Highlights: 3 Daily Habits That Can Cause Liver Cancer