
ഒരേസമയം രണ്ട് ഋതുക്കളുള്ള സ്ഥലമാണ് ഓഫീസുകള്‍. ഓഫീസിന്റെ ഒരു ഭാഗത്ത് ചിലര്‍ സ്വെറ്ററും മഫ്‌ളറും ധരിച്ചിരിക്കുമ്പോള്‍ മറ്റൊരറ്റത്ത് എന്തൊരു ചൂടെന്ന് ആവലാതിപ്പെട്ട് കുറച്ചുപേരുണ്ടാകും. അസുഖകരമായ താപനില തൊഴിലിടത്തില്‍ ഒരു പ്രശ്‌നമാകും എന്നുമാത്രമല്ല അത് നിങ്ങളുടെ ആരോഗ്യത്തെയും ഉല്പാദനക്ഷമതയെ ബാധിക്കുകയും ചെയ്യും. സത്യത്തില്‍ എന്താണ് ഈ രണ്ടുതരം അനുഭവങ്ങള്‍ക്ക് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? വില്ലന്‍ മറ്റാരുമല്ല സെന്‍ട്രലൈസ്ഡ് എസിയാണ്.
പലരും പേപ്പറും പുസ്തകങ്ങളുമെല്ലാം വച്ച് എസി വെന്റുകളെ മറയ്ക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും പ്രയോജനമുണ്ടാകാറില്ല. സെന്‍ട്രലൈസ്ഡ് എസി 'വണ്‍ സൈസ് ഫിറ്റ്‌സ് ഫോര്‍ ആള്‍' രീതിയിലുള്ളതാണ്. ഏറ്റവും ചൂടേറിയ ദിനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ, അതായത് ഏറ്റവും മോശമായതിനെ നേരിടുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച വലിയ എസികളാണ് കെട്ടിടങ്ങളില്‍ പൊതുവായി ഉപയോഗിക്കുന്നതെന്ന് ഐഐടി ഡല്‍ഹിയിലെ പ്രൊഫസര്‍ അനുരാഗ് ഗോയല്‍ പറയുന്നു. എന്നാല്‍ സാധാരണ ദിവസങ്ങളിലും മുറിയില്‍ നിറയെ ആളുകള്‍ ഇല്ലാത്ത ദിവസങ്ങളിലും ഇത് ആവശ്യത്തില്‍ കൂടുതല്‍ തണുപ്പാണ് പ്രദാനം ചെയ്യുന്നത്. ഇതിനുപുറമേ, മോശമായ വായുസഞ്ചാരം, മോശം ഇന്‍സുലേഷന്‍, ചില ഭാഗത്ത് നേരിട്ടേല്‍ക്കുന്ന സൂര്യപ്രകാശം എന്നിവയും കാരണമാകാറുണ്ട്. ഇതിനെല്ലാം പുറമേ പലയിടത്തും 18-21 ഡിഗ്രി സെല്‍ഷ്യസിലാണ് താപനില സ്ഥിരമായി ക്രമീകരിച്ചിരിക്കുക. ആവശ്യമുള്ളതിലധികം തണുപ്പ് ഇതുമൂലം മുറിയില്‍ അനുഭവപ്പെടും.
ഇതിനെല്ലാം പുറമേ, നാം ധരിക്കുന്ന വസ്ത്രം, ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി, ആക്ടിവിറ്റി ലെവല്‍, പ്രായം, മാനസികാവസ്ഥ എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ തണുപ്പ് കൂടുതല്‍ അനുഭവപ്പെടാനും കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഡെസ്‌കില്‍ തന്നെ ഇരുന്ന് നിശബ്ദമായി ജോലി ചെയ്യുന്ന വ്യക്തിക്ക് അല്പം സ്‌ട്രെസ്ഡ് ആയി അങ്ങോട്ടും ഇങ്ങോട്ടും പല പല ആവശ്യങ്ങള്‍ക്കായി എണീറ്റു നടക്കേണ്ടി വരുന്ന ജീവനക്കാരനേക്കാള്‍ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ആരോ വ്യക്തിയുടെയും കംഫര്‍ട്ട്‌ലെവല്‍ തികച്ചും വ്യത്യസ്തമാണ്. എല്ലാവര്‍ക്കും ഒരുപോലെ സുഖകരമായി തോന്നുന്ന ഒരു താപനില ഇല്ലെന്നുതന്നെ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ.അഖിലേഷ് അറോറ പറയുന്നു. എന്നാല്‍ 24-25 ഡിഗ്രി സെല്‍ഷ്യസില്‍ താപനില ക്രമീകരിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഇത് പരിഹരിക്കാനാകുമെന്നാണ് പ്രൊഫ.അനുരാഗ് ഗോയല്‍ പറയുന്നത്.
Content Highlights:Why one colleague freezes while another sweats in office