
വിവാഹവും ഓര്‍മ്മശക്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഈ അടുത്ത് പുറത്തു വന്ന ഒരു പഠനറിപ്പോര്‍ട്ട് പറയുന്നത്. വിവാഹം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് അല്‍സിമേഴ്‌സ് അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹിതരല്ലാത്തവരോ വിവാഹമോചിതരോ ആകട്ടെ, വിവാഹിതരായവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത ഇവരില്‍ കുറവാണെന്നാണ് പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.
ഫ്‌ളോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. അമേരിക്കയിലുള്ള 24,000-ല്‍ അധികം ആളുകെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. 18 വര്‍ഷത്തോളമായിരുന്നു പഠന കാലയളവ്. പഠനത്തിന് വിധേയരായവരെ നാലായി തിരിച്ചിരുന്നു. വിവാഹിതര്‍, അവിവാഹിതര്‍, വിവാഹമോചിതരായവര്‍, പങ്കാളികള്‍ മരിച്ചവര്‍ എന്നിങ്ങനെയായിരുന്നു ഈ നാല് വിഭാഗങ്ങള്‍. വൈവാഹിത നിലയും ഡിമെന്‍ഷ്യയും തമ്മിലുള്ള വ്യക്തമായ ഒരു ബന്ധത്തിന് പകരം സമ്മിശ്രമായ ഫലങ്ങളാണ് പഠനം നല്‍കുന്നതെന്ന് പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. അവിനാശ് കുല്‍ക്കര്‍ണി പറഞ്ഞു.
നേരത്തെ 2019ല്‍ ഈ വിഷയത്തില്‍ മറ്റൊരു പഠനം നടന്നിരുന്നു. ഇതില്‍ അവിവാഹിതരായ ആളുകള്‍ക്ക്, വിവാഹിതരായവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തിയത്. ഈ പഠനഫലത്തെ വെല്ലുവിളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. അതേസമയം അവിവാഹിതര്‍ക്കിടയില്‍ രോഗനിര്‍ണയം വൈകുന്നതിന്റെ സൂചനയും ഈ കണ്ടെത്തലുകള്‍ നല്‍കുന്നുണ്ടെന്ന് പഠനത്തിന്റെ രചയിതാക്കള്‍ അഭിപ്രായപ്പെട്ടു. കാരണം പങ്കാളികള്‍ ആദ്യകാല ലക്ഷങ്ങള്‍ പെട്ടെന്ന് ശ്രദ്ധിക്കുന്നതിനാല്‍ വിവാഹതരായവര്‍ ആദ്യഘട്ടത്തില്‍ തന്നെ അവസ്ഥ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്നുണ്ട്. വിവാഹബന്ധത്തിന്റെ ഗുണനിലവാരവും ആരോഗ്യഘടകങ്ങളില്‍ പ്രധാനമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: New study flips the script, Marriage may raise dementia risk