രാത്രി ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടോ? ഈ ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കൂ…

രാത്രി കിടന്ന് ഏറെ നേരമായിട്ടും ഉറങ്ങാന്‍ സാധിക്കാത്തവരാണോ നിങ്ങള്‍?

dot image

രാത്രി കിടന്ന് ഏറെ നേരമായിട്ടും ഉറങ്ങാന്‍ സാധിക്കാത്തവരാണോ നിങ്ങള്‍? ശരിയായ ഉറക്കത്തിന് സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങളുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ചില ഭക്ഷണങ്ങളില്‍ മനസിനെയും ശരീരത്തെയും ശാന്തമാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇവയില്‍ നിങ്ങളെ വേഗത്തില്‍ ഉറങ്ങാനും മികച്ച ഉറക്കം ലഭിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ മികച്ച ഉറക്കത്തിന് സഹായിക്കുന്ന ചില ലഘുഭക്ഷണങ്ങള്‍ പരിചയപ്പെടാം.

ബദാം

ആരോഗ്യകരമായ ഒരു ലഘുഭക്ഷണം മാത്രമല്ല ബദാം, മികച്ച ഉറക്കം ലഭിക്കാനും ബദാമിലെ ഘടകങ്ങള്‍ ഗുണപ്രദമാണ്. നാഡീവ്യവസ്ഥയില്‍ നിര്‍ണായകമായ മഗ്നീഷ്യത്തിനാല്‍ സമ്പന്നമാണ് ബദാം. പേശികളുടെ പിരിമുറുക്കമുള്‍പ്പടെ ലഘൂകരിക്കാനും ഇത് സഹായിക്കും. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനത്തിലും മഗ്നീഷ്യം പങ്കുവഹിക്കുന്നുണ്ട്. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് നാലോ അഞ്ചോ ബാദം കഴിക്കാം.

ബദാം

പാല്‍

കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്. ഗുണപ്രദമായ ഉറക്കം ലഭിക്കാന്‍ ഇത് പ്രയോജനകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മതിയായ വിശ്രമത്തിനും സ്വസ്ഥമായ ഉറക്കത്തിനും സഹായിക്കുന്ന ഹോര്‍മോണുകളായ മെലാറ്റോണിന്റെയും സെറോറ്റോണിന്റെയും ഉത്പാദനത്തിന് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലതാണ്. ഓട്ട് മില്‍ക്കോ ബദാം മില്‍ക്കോ ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. പാലിലെ കാല്‍സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സാന്നിധ്യം പേശികളുടെയും നാഡീവ്യവസ്ഥയുടെയും വിശ്രമത്തെ കൂടുതല്‍ സഹായിക്കും.

കിവി

ഉറങ്ങുന്നതിന് മുമ്പ് കഴിക്കാന്‍ പറ്റിയ ഒരു ഫലമാണ് കിവി. ആന്റി ഓക്‌സിഡന്റുകളാലും സോറോറ്റോണിനാലും സമ്പന്നമാണ് കിവിപ്പഴം. ഉറങ്ങാന്‍ കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കിവിപ്പഴം കഴിക്കുന്നത് ശരീരം കൂടുതല്‍ റിലാക്‌സ് ആകാനും ശരിയായ ഉറക്കം ലഭിക്കാനും സഹായിച്ചേക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമാണ് കിവി.

കിവി

മത്സ്യം

സാല്‍മണ്‍, അയല പോലുള്ള മത്സ്യങ്ങള്‍ രാത്രി കഴിക്കുന്നത് ഉറക്കത്തിന് സഹായകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ ഡി, ഒമേഗ-3 ഫാറ്റി ആസിഡ് തുടങ്ങിയ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചെറിപ്പഴം

ചെറിപ്പഴം

മെലാറ്റോണിന്റെ സ്വാഭാവികമായ ഉറവിടമാണ് ചെറിപ്പഴങ്ങള്‍. ഒരു പിടി ചെറിയോ, ചെറി ജ്യൂസോ കുടിക്കുന്നതിലൂടെ, നിങ്ങളുടെ ശരീരത്തിലെ മെലാറ്റോണിന്റെ അളവ് വര്‍ധിപ്പിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും. മാത്രമല്ല ചെറികളില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വീക്കം, സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. മതിയായ വിശ്രമവും ഉന്മേഷവും ലഭിക്കാന്‍ ഇത് ഗുണപ്രദമാണ്.

Content Highlights: Foods that can help you sleep better at night

dot image
To advertise here,contact us
dot image