
നര മാറ്റാന്‍ പറ്റുമോ? ഡോക്ടര്‍മാരോട് ഇക്കാര്യം ചോദിച്ച് ചെല്ലുന്നവര്‍ നിരവധിയാണ്. പണ്ടുകാലത്ത് പ്രായമാകുന്നതിന്റെ ലക്ഷണമായിരുന്നു നരയെങ്കില്‍ ഇന്നത്തെ കാലത്ത് ടെന്‍ഷന്റെയും സ്‌ട്രെസിന്റെയും ലക്ഷണമാണ്. നര ഒളിപ്പിക്കാന്‍ നിരവധി സൂത്രപ്പണികളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഇതെല്ലാം ചെലവേറിയതും മിനക്കേടുള്ളതും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതുമാണെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. എന്നാല്‍ നര മാറ്റാം എന്നവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഉല്പന്നങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ഒരു കുറവുമില്ല. എന്താണ് യാഥാര്‍ഥ്യം?
മുടിക്ക് കറുത്ത നിറം പ്രദാനം ചെയ്യുന്ന മെലാനിന്‍ ഉല്പാദിപ്പിക്കുന്ന കോശങ്ങളാണ് മെലനോസൈറ്റുകള്‍. ഈ കോശങ്ങള്‍ക്ക് തകരാറ് സംഭവിച്ചുതുടങ്ങുമ്പോഴാണ് മുടി നരയ്ക്കാന്‍ തുടങ്ങുന്നത്. പ്രായമാകല്‍, പാരമ്പര്യം തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനുണ്ട്. സ്വാഭാവിക പരിതസ്ഥിതിയില്‍ ഈ സാഹചര്യം ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നര വീഴുന്നത് ചിലപ്പോള്‍ കുറയ്ക്കാന്‍ സാധിക്കും.പോഷകങ്ങളുടെ കുറവ് മൂലമോ, സമ്മര്‍ദം കാരണമോ, അസുഖം മൂലമോ ആണ് മുടി നരയ്ക്കുന്നതെങ്കില്‍ ഒരു പരിധിവരെ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കും.
ഈ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണ്
ഉള്ളിനീര് തലയില്‍ തേച്ചാല്‍ നര കുറയ്ക്കുമെന്നത് മിഥ്യാധാരണയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഉള്ളിനീരിന് മെലാനിന്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതുപോലെ തേങ്ങാവെള്ളം, നാരങ്ങാനീര് ഇവയ്ക്കും നര ഇല്ലാതാക്കാനുള്ള കഴിവുകള്‍ ഇല്ല. കൊളാജന്‍ സപ്ലിമെന്റുകള്‍ എടുക്കുന്നത് മുടിയുടെ സ്ട്രക്ചറിനെ സഹായിക്കുമെങ്കിലും മെലാനിന്‍ ഉല്പാദനം ത്വരിതപ്പെടുത്താന്‍ ഇത് സഹായിക്കില്ല. കൊളാജന്‍ സപ്ലിമെന്റ്‌സ് കഴിച്ച് നര ഇല്ലാതാക്കാം എന്നുള്ളത് തെറ്റായ അവകാശവാദം മാത്രമാണ്.
ഷാമ്പൂ ഉപയോഗിക്കാതിരുന്നാല്‍ നര വരില്ല. ഷാമ്പൂവില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ഉപയോഗത്തിന് മുന്‍പ് ശ്രദ്ധിക്കണമെങ്കിലും അവയ്ക്ക് മെലനോസൈറ്റ്‌സിനെ നേരിട്ട് ബാധിക്കാന്‍ കഴിയില്ല. സ്വാഭാവികമായ ജീവിതരീതികളെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ നടത്തുന്ന വ്യാജപ്രചരണം മാത്രമാണ് ഇത്.
ഡയറ്റില്‍ മാറ്റം വരുത്തുകയോ, എന്തെങ്കിലും ആയുര്‍വേദ മരുന്നുകള്‍ കഴിക്കുകയോ, സപ്ലിമെന്റ് എടുക്കുകയോ ചെയ്താല്‍ മാറ്റമുണ്ടാകും എന്നതിനോ ശാസ്ത്രീയ അടിത്തറയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡയറ്റില്‍ മാറ്റം വരുത്തുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെങ്കിലും നര ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയില്ല. നര വ്യാപിക്കുന്നത് തടയുന്നതിനായി അതേസമയം വിറ്റമിന്‍ ബി12, കോപ്പര്‍, ആന്റിഓക്‌സിഡന്റ്‌സ്, അയേണ്‍, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
Content Highlights: Myths about reversing grey hair you need to stop believing