ഒരേ ഉത്പന്നം, ആണിനും പെണ്ണിനും വ്യത്യസ്ത വില; അവസാനിപ്പിക്കണം 'പിങ്ക് ടാക്സ്' എന്ന ഈ വിവേചനം

സ്ത്രീകൾക്ക് മാത്രമുള്ള ഒരു ടാക്സാണ് പിങ്ക് ടാക്സ്. സ്ത്രീകൾ ഉത്പന്നങ്ങൾക്ക് അവർ അറിയാതെ തന്നെ നൽകേണ്ടി വരുന്ന നികുതിയാണ് പിങ്ക് ടാക്സ്

തസ്നി ടിഎ
3 min read|27 Mar 2024, 12:22 am
dot image

'പിങ്ക് ടാക്സ്' എന്ന് കേട്ടിട്ടില്ലെ, ദാ ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമായി മാറുകയാണ് 'പിങ്ക് ടാക്സ്'. ബയോകോൺ മേധാവി കിരൺ മജുംദാർ-ഷാ ഈയിടെ പിങ്ക് ടാക്സിനെ കുറിച്ച് സംസാരിച്ചതോടെയാണ് വീണ്ടും വിഷയം ചർച്ചയായത്. വിലയിൽ ലിംഗഭേദം കാണിക്കുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കണമെന്ന് അവർ സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒരേ വിഭാഗത്തിൽപ്പെട്ട ഉത്പ്പന്നങ്ങൾക്ക് പുരുഷന്മാർ നൽകുന്ന വിലയേക്കാൾ സ്ത്രീകൾ കൂടുതൽ നൽകേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന വീഡിയോയും മജുംദർ എക്സിലൂടെ പങ്കുവെച്ചിരുന്നു. 'നാണംകെട്ട ഈ ലിംഗവിവേചനത്തിനെതിരെ പിങ്ക് ടാക്സ് ഉത്പന്നങ്ങൾ ബഹിഷ്കരിച്ചുകൊണ്ട് സ്ത്രീകൾ പ്രതിഷേധിക്കണ'മെന്ന കാപ്ഷനോട് കൂടിയായിരുന്നു വീഡിയോ മജുംദാർ പങ്കുവെച്ചത്.

സ്ത്രീകൾക്ക് മാത്രമുള്ള ഒരു ടാക്സാണ് പിങ്ക് ടാക്സ്. സ്ത്രീകൾ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾക്ക് അവർ അറിയാതെ തന്നെ നൽകേണ്ടി വരുന്ന നികുതിയാണ് പിങ്ക് ടാക്സ്. ഈ പേര് സാധാരണയായി ലിംഗാധിഷ്ഠിത വിലനിർണ്ണയ വിവേചനത്തിന് കാരണമാകുന്നുണ്ട്. സാധനങ്ങൾക്കും സേവനങ്ങൾക്കുമായി പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വില വ്യത്യാസത്തേയാണ് പിങ്ക് ടാക്സ് കൊണ്ട് സൂചിപ്പിക്കുന്നത്. വസ്ത്രങ്ങളും വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ മുതൽ കുട്ടികളുടെ സേവനങ്ങളും കളിപ്പാട്ടങ്ങളും വരെയുള്ള നിരവധി മേഖലകളിൽ പിങ്ക് നികുതി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെയുള്ള എല്ലാ രാജ്യങ്ങളിലെയും സ്ത്രീകൾ വിവിധ കാര്യങ്ങളിലായി ഇങ്ങനെ അധിക ടാക്സ് അടയ്ക്കുന്നുണ്ട്.

മജുംദാർ-ഷാ പോസ്റ്റിട്ട് മണിക്കൂറുകൾക്കകം 1.58 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. മറ്റ് ഉപയോക്താക്കളും നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിനെ എങ്ങനെ മറികടക്കുമെന്ന ചോദ്യങ്ങൾ ധാരാളമായി ഉയർന്നുവരുന്നുണ്ട്. നമ്മൾ എങ്ങനെ അതിനെ മറികടക്കും. സ്ത്രീകളുടെ ഉൽപന്നങ്ങളുടെ ഉയർന്ന വില സ്ഥിരമായി കണ്ട് വരുന്ന കാര്യമാണ്. വിവിധ സ്ഥലങ്ങളിൽ പിങ്ക് നികുതി വ്യാപകമാണെന്ന് ഒരു ഉപയോക്താവ് ചോദിക്കുന്നു.

എന്താണ് പിങ്ക് ടാക്സ് ?

പിങ്ക് ടാക്സ് ഒരു യഥാർത്ഥ സർക്കാർ നികുതിയല്ല, സ്ത്രീകൾക്ക് വിപണനം ചെയ്യുന്ന സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്ന വിവേചനപരമായ വിലനിർണ്ണയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. സ്ത്രീകള്ക്കും പുരുഷന്മാര്ക്കും ഉപയോഗിക്കാവുന്ന സമാന ഉത്പന്നങ്ങൾക്ക് സ്ത്രീകളിൽ നിന്ന് പുരുഷന്മാരേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നതിനെയാണ് പിങ്ക് ടാക്സ് എന്ന് പറയുന്നത്. വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കൂടാതെ ഡ്രൈ ക്ലീനിംഗ് പോലുള്ള സേവനങ്ങൾ ഉൾപ്പെടെ വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ഈ വില വ്യത്യാസം കാണപ്പെടാറുണ്ട്.

ഉദാഹരണത്തിന് സ്ത്രീകളുടെയും പുരുഷന്മാരുടെയും റേസറുകൾ ഒന്നുതന്നെയാണ്, മാർക്കറ്റിംഗ് തന്ത്രത്തിലൂടെയാണ് അവ തമ്മിൽ വേർതിരിച്ചറിയുന്നത്. പുരുഷന്മാരും സ്ത്രീകളും ഉപയോഗിക്കുന്ന റേസർ ഒന്നാണെങ്കിൽ തന്നെ വില കൂടുതൽ ഈടാക്കുന്നത് സ്ത്രീകളുടേതിനായിരിക്കും. ഒരു ഉൽപ്പന്നം വാങ്ങേണ്ട ആവശ്യം കൂടുതലുള്ള ആളുകൾ പലപ്പോഴും കൂടുതൽ പണം നൽകാൻ തയ്യാറാണ്, ഇത് വില വിവേചനത്തിലേക്ക് നയിക്കുന്നു. ഒരേപോലെയുള്ള അല്ലെങ്കിൽ സമാനമായ ഇനത്തിന് സ്ത്രീകളിൽ നിന്ന് പുരുഷന്മാരേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്ന രീതിയാണുള്ളത്. പിങ്ക് നികുതി അനൗദ്യോഗികമാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതെങ്കിലും ഈ നികുതി വളരെ സാർവത്രികമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

2015ൽ ന്യൂയോർക്ക് സിറ്റിയിലെ ഉപഭോക്ത്യകാര്യ വകുപ്പ് നടത്തിയ പഠനത്തിൽ നിരവധി ഉത്പ്പന്നങ്ങൾക്കിടയിലുള്ള വിലനിർണ്ണയത്തിലെ ലിംഗഭേദത്തിന് നിരവധി ഉദാഹരണങ്ങൾ കണ്ടെത്തി. അതോടെയാണ് പിങ്ക് ടാക്സ് പുറം ലോകം അറിയാൻ തുടങ്ങിയത്. 100 ബ്രാൻഡുകളിലായി 800 വ്യത്യസ്ത ലിംഗഭേദമുള്ള ഉൽപ്പന്നങ്ങൾ ഗവേഷകർ പരിശോധിച്ചു. ശരാശരി സ്ത്രീകളുടെ വ്യക്തിഗത പരിചരണ ഇനങ്ങളുടെ വില പുരുഷന്മാരുടേതിനേക്കാൾ 13 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ, സ്ത്രീകളുടെ ആക്സസറികൾക്കും മുതിർന്നവർക്കുള്ള വസ്ത്രങ്ങൾക്കും വില 7-8 ശതമാനംവരെ വർദ്ധിച്ചിട്ടുള്ളതായും കണ്ടെത്തി.

ഡ്രസ്, ഷർട്ടുകളുടെ ഡ്രൈ ക്ലീനിംഗ് എന്നിവയ്ക്ക് സ്ത്രീകളിൽ നിന്ന് ഈടാക്കുന്ന വില പുരുഷന്മാരുടെ ഷർട്ടുകളേക്കാൾ 90ശതമാനം കൂടുതലാണെന്നാണ് മറ്റൊരു പഠനത്തിന്റെ കണ്ടെത്തൽ. യുകെയിൽ സ്ത്രീകളുടെ ഡിയോഡറൻ്റിന് പുരുഷന്മാരേക്കാൾ 8.9 ശതമാനമാണ് വില കൂടുതൽ. സ്ത്രീകളുടെ മുഖത്ത് ഉപയോഗിക്കുന്ന മോയ്സ്ചറൈസറിന് 34.28 ശതമാനം വില കൂടുതലാണെന്നുമാണ് പഠനങ്ങൾ കണ്ടെത്തിയത്. ദീർഘകാലങ്ങളായി പുരുഷന്മാർ ഉപയോഗിക്കുന്ന അതേ ഉത്പന്നത്തിന് സ്ത്രീകൾ ആയിരക്കണക്കിന് ഡോളർ അധികമായി ചെലവഴിക്കുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

യുകെയിൽ കളിപ്പാട്ടങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് പുരുഷൻമാരേക്കാൾ ശരാശരി 37 ശതമാനം അധികമാണ് സ്ത്രീകളിൽ നിന്നും പെൺകുട്ടികളിൽ നിന്നും ഈടാക്കുന്നത്. സ്കൂൾ യൂണിഫോമിലും യുകെ പിങ്ക് ടാക്സ് നേരിടുന്നുണ്ട്. പെൺകുട്ടികളുടെ സ്കൂൾ യൂണിഫോമിന് ആൺകുട്ടികളുടെ യൂണിഫോമിനേക്കാൾ 12 ശതമാനം വില കൂടുതലാണ്. ഈ പ്രശ്നം അഭിമുഖീകരിക്കേണ്ട പ്രൈമറി, സെക്കൻഡറി സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്കും ഇത് ബാധകമാണ്. സിംഗപ്പൂരിൽ പത്ത് കമ്പനികളിൽ ദി സൺഡേ ടൈംസ് നടത്തിയ പരിശോധനയിൽ ഈ കമ്പനികളിൽ പകുതിയോളം വാഗ്ദാനം ചെയ്യുന്ന ഡ്രൈ ക്ലീനിംഗ്, റേസർ തുടങ്ങിയ ചില ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സ്ത്രീകൾ കൂടുതൽ പണം നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിവേചനപരമായ വിലനിർണ്ണയം സ്ത്രീകൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. പുരുഷന്മാരേക്കാൾ കുറവ് സ്ത്രീകൾ സമ്പാദിക്കുന്നതാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. സമ്പദ്വ്യവസ്ഥയിൽ സ്ത്രീകൾക്ക് സമ്പൂർണ്ണവും തുല്യവുമായ പങ്കാളിത്തം ഉറപ്പാക്കാൻ പിങ്ക് നികുതി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us