പുരാണത്തിൽ ശ്രീകൃഷ്ണൻ്റെ വെണ്ണപ്രേമം ഹൃദയഹാരിയായ ഒരേടാണ്. കുട്ടികൾക്ക് കേൾക്കാൻ ഇഷ്ടപ്പെട്ടൊരു കഥാ സന്ദർഭം കൂടിയാണ് കൃഷ്ണനും വെണ്ണയും കടന്നുവരുന്ന കൃഷ്ണൻ്റെ ബാല്യകാലം. ചെറുപ്പത്തിൽ നമ്മളെല്ലാവരും കേട്ടുവളർന്ന ഈ കഥാസന്ദർഭം മാത്രം മതി കൃഷ്ണന് വെണ്ണയോടുണ്ടായിരുന്ന ഇഷ്ടം ഓർമ്മിച്ചെടുക്കാൻ. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഇപ്പോള് ആഘോഷിക്കപ്പെടുന്ന ഉറിയടിയുടെ ഐതിഹ്യത്തിനും ഈ കഥയുടെ പിൻബലമുണ്ട്.
'അതിജീവനത്തിന്റെ മഹാ സന്ദേശം'; റിപ്പോർട്ടർ ടിവിയുടെ മഹാ വാഹനറാലിക്ക് ഫ്ലാഗ് ഓഫ്'ദഹി ഹണ്ടി' എന്നറിയപ്പെടുന്ന ഉറിയടി ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഉറിയടി എന്ന ചടങ്ങ് പ്രധാനമായും ആഘോഷിച്ചിരുന്നത്. എന്നാലിപ്പോള് ഇന്ത്യയൊട്ടാകെ ഈ ആഘോഷം വ്യാപകമായിട്ടുണ്ട്.
ശ്രീകൃഷ്ണ ജയന്തി ആഘോഷവേളയില് നടക്കുന്ന ഉറിയടി വളരെ രസകരമായ ഒരു കളിയാണ്. തൈര്,വെണ്ണ, നെയ്യ്, മധുരപലഹാരങ്ങള് ഇവയൊക്കെ നിറച്ച ഒരു മണ്കുടം ഉയരത്തില് തൂക്കിയിട്ടിരിക്കും. ഈ മണ്കുടം ഉടയ്ക്കാനായി ആണ്കുട്ടികള് ചേര്ന്ന് ഒരാളുടെ മുകളില് മറ്റൊരാളെന്നതുപോലെ കയറി നിന്ന് ഒരു മനുഷ്യ പിരമിഡ് നിര്മ്മിക്കുന്നു. അങ്ങനെ ഈ മണ്കുടം അടിച്ച് തകര്ക്കാനായി ശ്രമിക്കുന്നതും അത് പൊട്ടിക്കുന്നതുമാണ് ഈ രസകരമായ കളി.
പലയിടങ്ങളിലും പല രീതിയിലാണ് ഈ മത്സരം നടക്കുന്നത്. കേരളത്തിലെ പലയിടങ്ങളിലും ഈ മത്സരം നടക്കുന്നത് പല രീതിയിലാണ്. വെണ്ണയും നെയ്യും തൈരും മധുര പലഹാരങ്ങളുമൊക്കെ ഒരു മണ്കുടത്തിലാക്കി ഒരു കയറിന്റെ അറ്റത്ത് കെട്ടുന്നു. കയറിന്റെ മറ്റേ അറ്റം ഒരാള് നിയന്ത്രിക്കുന്നുണ്ടാവും. കൃഷ്ണന്റെ വേഷം ധരിച്ചയാള് ഈ ഉറി അടിച്ച് പൊട്ടിക്കണം. പെട്ടന്നൊന്നും ഇത് അടിച്ച് പൊട്ടിക്കാന് പറ്റില്ല. അടിച്ച് പൊട്ടിക്കാന് ശ്രമിക്കുമ്പോള് കാണികള് ഇയാളുടെ മേല് വെള്ളം തെറുപ്പിക്കണം. വെള്ളം കണ്ണില് വീഴുമ്പോള് ഉറികാണാന് പ്രയാസമാകും. ആ സാഹചര്യത്തിലും നിശ്ചിത സമയത്തിന് മുന്പ് ഉറിപൊട്ടിക്കണം അതാണ് കളിയുടെ പ്രത്യേകത. ചിലയിടത്ത് ഉറിയടി ഈ രീതിയിലാണ് നടക്കുന്നത്. എന്നാൽ മറ്റുചിലയിടങ്ങളില് കണ്ണുകള് രണ്ടും കെട്ടിയാണ് ഉറിയടി നടത്തുക.
ഉറിയടിയ്ക്ക് പിന്നിലെ ഐതിഹ്യവും പ്രസിദ്ധമാണ്. ഉണ്ണിക്കണ്ണൻ്റെ വെണ്ണപ്രേമം തന്നെയാണ് ഈ ഐതിഹ്യത്തിൻ്റെയും സവിശേഷത. കുസൃതിക്കുടുക്കയായിരുന്ന ബാലകനായ കൃഷ്ണൻ വീട്ടില് നിന്ന് മാത്രമല്ല അയല്ക്കാരുടെയും ഗ്രാമത്തിലെ മറ്റ് വീടുകളില്നിന്നുമൊക്കെ വെണ്ണയും പാലുമൊക്കെ മോഷ്ടിച്ചിരുന്നതായാണ് ഐതിഹ്യം. കളളക്കണ്ണന്റെ ഈ പ്രവൃത്തിയില് മനംമടുത്ത് അമ്മയായ യശോദ മകനെ കെട്ടിയിടുകവരെ ചെയ്തു. അതുമാത്രമല്ല കൃഷ്ണനും കൂട്ടരും വെണ്ണ മോഷ്ടിക്കാതിരിക്കാനായി ഗ്രാമത്തിലെ മറ്റ് സ്ത്രീകളോട് അവരുടെ വെണ്ണയും പാലും നെയ്യുമെല്ലാം കുടത്തിലാക്കി ഉയരത്തില് കെട്ടിവയ്ക്കാനും യശോദ നിര്ദ്ദേശിച്ചു. എന്നാല് കുസൃതികളായ കൃഷ്ണനും കൂട്ടരുമുണ്ടോ വിടുന്നു. കുടം തകര്ത്ത് വെണ്ണയെടുക്കാനായി അവരുടെ ശ്രമം. കൂട്ടുകാര് ഓരോരുത്തരായി ഒരാളുടെ മുകളില് മറ്റൊരാളായി കയറി വെണ്ണ തട്ടിയെടുക്കുന്ന രീതി കണ്ടുപിടിച്ചു. ഈ കുസൃതിത്തരത്തിന്റെ ഓര്മയ്ക്കായിട്ടാണ് കൃഷ്ണന്റെ ബാല്യകാലത്തിന്റെ സ്മരണയ്ക്കായി ദഹി ഹണ്ടി അതായത് ഉറിയടി നടത്തുന്നത്. വളരെ വിപുലമായി വലിയ രീതിയിലാണ് പലയിടങ്ങളിലും ഉറിയടി മത്സരം നടത്തുന്നത്. ഈ കളി ഒരു ടീം വര്ക്കാണ്. ഇതിനായി ആളുകള് മനുഷ്യ പിരമിഡുകള് നിര്മ്മിച്ചാണ് ഒരാള്ക്ക് മുതല് മറ്റൊരാളായി കയറി മുകളിലെത്തുക. കൂട്ടായ്മയുടേതായ സന്ദേശം കൂടി ഉറിയടിയിൽ അന്തർലീനമാണ്.