3,356 കോടി രൂപ ആസ്തിയുള്ള ഗുന്തർ VI എന്ന ജർമ്മൻ ഷെപ്പേർഡാണ് ലോകത്തിലെ ഏറ്റവും ധനികനായ നായയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇറ്റലിയിൽ ജനിച്ച ഗുന്തർ VI ലോകത്തിലെ ഏറ്റവും കോടീശ്വരനായ നായയുടെ സ്ഥാനം കരസ്ഥമാക്കിയതിന് പിന്നിൽ ഒരു കഥയുണ്ട്.
1992ൽ കോർലോട്ട ലിബെൻസ്റ്റീൻ എന്ന കോടീശ്വരിയായ സ്ത്രീ തൻ്റെ മകന്റെ മരണശേഷം സമ്പാദ്യം നൽകാൻ അനന്തരാവകാശികൾ ഇല്ലാത്തത് കൊണ്ട് തൻ്റെ വളർത്തുനായയായ ഗുന്തർ IIIൻ്റെ പേരിൽ 80 മില്ല്യൺ ഡോളർ എഴുതിവെച്ചു. ഒപ്പം സുഹൃത്തിൻ്റെ മകനായ മൗറിസിയോ മിയാനെ നായയെ നോക്കാനുള്ള എല്ലാ ചുമതലയും ഏൽപ്പിച്ചു. പിന്നീട് മൗറിസിയോ മിയാനെ നായയുടെ വരും തലമുറയ്ക്കായി കോടികൾ വിലമതിക്കുന്ന വലിയ ആഡംബര സാമ്രാജ്യം തന്നെ പണികഴിപ്പിച്ചു. അങ്ങനെ ഗുന്തർ IIIൻ്റെ ആസ്തി 80 മില്ല്യൺ ഡോളറിൽ നിന്ന് 400 മില്ല്യൺ ഡോളറായി മാറി. പിന്നീട് ഈ സമ്പത്ത് തലമുറകൾ കൈമാറി വന്നാണ് ഗുന്തർ IIIൻ്റെ ചെറുമകനായ ഗുന്തർ VIനെ ലോകത്തിലെ ഏറ്റവും ധനികനായ നായയാക്കി മാറ്റിയത്.
ഇന്ന് ഗുന്തർ VIന്റെ കോടികണക്കിന് സ്വത്ത് കൈകാര്യം ചെയ്യാനായി നിരവധി ജീവനക്കാരാണ് ഉള്ളത്. ഗുന്തർ VIൻ്റെ വരുമാനം കൈകാര്യം ചെയ്യുന്നതും ഇവർ തന്നെയാണ്. 7.5 കോടി രൂപ വിലമതിക്കുന്ന മിയാമിയിലെ മാൻഷൻ എന്ന ബംഗ്ലാവ് ഗുന്തറിന് വേണ്ടി പോപ്സ്റ്റാർ മഡോണയിൽ നിന്ന് വാങ്ങുകയും പിന്നീട് 29 മില്യൺ ഡോളറിന് വിൽക്കുകയും ചെയ്തു. ഗുന്തർ VIന്റെ പേരിൽ കോടികണക്കിന് വില വരുന്ന സ്ഥലങ്ങളും ഒപ്പം പോപ്പ് സംഗീത ഗ്രൂപ്പും ഉണ്ട്. പിസ സ്പ്പോട്ടിങ്ങ് ക്ലബ്ബ് അടക്കം ചില കായിക ടീമുകളും ഗുന്തർ VI സ്വന്തമാക്കിയിട്ടുണ്ട്. മാഗിനിഫിഷൻഡ് 5 എന്ന പേരിൽ ഒരു സംഗീത ഗ്രൂപ്പും ഗുന്തർ VIൻ്റെ ഉടമസ്ഥതയിൽ രൂപീകരിച്ചിട്ടുണ്ട്.
ഇറ്റലിയിൽ ആഡംബര ജീവിതം നയിക്കുന്ന ഗുന്തർ VIന് സ്വന്തമായി ഒരു കപ്പലുമുണ്ട്. ഇതിനോടകം ഗുന്തർ VI ഈ കപ്പലിൽ ലോകം മുഴുവൻ ചുറ്റിയിട്ടുമുണ്ട്. 27 ജീവനക്കാരാണ് ഗുന്തർ VI പരിപാലിക്കാൻ എപ്പോഴും കൂടെയുള്ളത്. ഗുന്തർ VIൻ്റെ ജീവിതം ആസ്പദമാക്കി നെറ്റ്ഫ്ലിക്സിൽ ഒരു സീരീസും ഇറങ്ങിയിട്ടുണ്ട്. ദിവസേന ഗ്രൂമിങ്ങിനും ഭക്ഷണം നൽകാനുമെല്ലാം പ്രത്യേക കെയർടെയ്ക്കറും ഗുന്തർ VIന് ഉണ്ട്. ഗുന്തർ VIന് സ്വന്തമായി ബിഎംഡബ്ലിയു കാറും അതിനൊരു പ്രത്യേക ഡ്രൈവറുമുണ്ട്.
ഇതൊക്കെയാണെങ്കിലും ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഗുന്തർ VIന് ഇടംകിട്ടിയിട്ടില്ല. സ്വന്തം നിലയിൽ ആർജ്ജിച്ചതാണ് ഈ സമ്പത്ത് എന്നതിന് മതിയായ തെളിവുകൾ ഇല്ലാത്തതാണ് കാരണം. എന്നാൽ ഒരു നായക്ക് ഇത്രയും സമ്പത്തുള്ളതും ഗുന്തർ VI ജീവിത ശൈലിയുമെല്ലാം ആളുകളെ അത്ഭുതപ്പെടുത്തുന്നുണ്ട്.