ജോലിസ്ഥലത്ത് സ്ത്രീകളെക്കാളേറെ ഒറ്റപ്പെടൽ അനുഭവിക്കുന്നത് പുരുഷന്മാരെന്ന് റിപ്പോർട്ട്. സാമൂഹികപൊതുബോധത്തിന്റെ ഭാഗമായി സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടു പോകുന്ന പുരുഷന്മാർക്ക് ജോലി എന്നത് അമിത സമ്മർദ്ദം ചെലുത്തുന്നു. ജോലി ഇല്ലാത്ത പുരുഷനെ അംഗീകരിക്കാനോ ഉൾക്കൊള്ളാനോ തയ്യാറല്ലാത്ത സമൂഹത്തിൽ ജോലി ഇല്ലാതെ നിൽക്കുന്ന ചെറിയ കാലം പോലും അധിക സമ്മർദ്ദം ചെലുത്തുന്നു. അന്നദാതാവായി പുരുഷനെ കാണുന്ന സമൂഹ സൃഷ്ടിയിൽ നിന്ന് പുറത്ത്കടക്കാനാകാതെ ഒറ്റപെടലിലേക്ക് നീങ്ങുകയാണ് പുരുഷന്മാരെന്നും കണ്ടെത്തലുണ്ട്. ഹൗസ്ഹോൾഡ്, ഇൻകം, ലേബർ ഡൈനാമിക്സ് ഇൻ ഓസ്ട്രേലിയ (ഹിൽഡ) സർവേയെ അടിസ്ഥാനപ്പെടുത്തി ദി ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.
സ്ത്രീയെക്കാളും കൂടുതൽ വരുമാനം നേടണം എന്ന ക്ലീഷേ സാമൂഹിക പൊതുബോധത്തില് വിശ്വസിക്കുന്ന പുരുഷന്മാരിലാണ് ഏകാന്തത കൂടുതൽ കാണുന്നതെന്നാണ് പഠനം. വിഷമങ്ങൾ തുറന്ന് പറയുന്നതിലും പങ്കിടുന്നതിലും പൊതുവെ പിന്നിലായത് കൊണ്ട് തന്നെ കൂടുതൽ സമയവും ഒറ്റപ്പെടൽ തോന്നാനുള്ള സാധ്യതകൾ ഏറെയാണ്. 40-കളുടെ അവസാനത്തിൽ എത്തി നിൽക്കുന്ന പുരുഷന്മാരിലാണ് ഇത് ഏറെ കാണപ്പെടുന്നത്. പലപ്പോഴും കരിയറും വരുമാനവും, കുടുംബവുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുമ്പോൾ സമ്മർദ്ദം അധികമാവും. ഏകാന്തത ഒരു സാമൂഹിക പ്രശ്നമാണ്. പുരുഷന്മാരുടെ സാമൂഹിക ബന്ധങ്ങള് അതായത് അവരുടെ പ്രണയബന്ധങ്ങൾ, സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവ ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മുമ്പേ വിലയിരുത്തലുകള് വന്നിരുന്നു. എന്നാൽ ജോലിയും അതിലൊരു പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്ന വിവരം. സ്ഥിരതയുള്ള ജോലിയുള്ളവരെക്കാൾ കൂടുതൽ ഏകാന്തത അനുഭവിക്കുന്നത് തൊഴിലില്ലാത്തവരോ സുരക്ഷിതമല്ലാത്ത ജോലികള് ചെയ്യുന്നവരോ ആയ പുരുഷൻമാരാണ്.
ഗാർഹിക വരുമാനത്തിൻ്റെ ഉത്തരവാദിത്തം പുരുഷന്മാർക്ക് മാത്രമാണെന്ന് തോന്നിപ്പിക്കുന്ന പൊതുചിന്താഗതി മാറേണ്ടതുണ്ട്. സമൂഹത്തിന്റെ അറിവും അവബോധവും വര്ധിപ്പിക്കുന്നതിലൂടെ ഇത്തരം സ്റ്റീരിയോടൈപ്പുകളും മാറ്റാൻ സാധിക്കും. അത്തരത്തിലുള്ള കൂടുതൽ പൊതുബോധ ക്ലാസുകൾ വഴി സ്റ്റീരിയോടൈപ്പുകൾ പൊളിച്ചെഴുതേണ്ടതുണ്ട്. കരയുന്ന പുരുഷനെയും അവരുടെ പ്രശ്നങ്ങളെയും കേൾക്കാൻ സമൂഹം തയ്യാറായാൽ മാത്രമേ ഈ പ്രശ്നങ്ങളിൽ നിന്ന് പുറത്തു കടക്കാൻ സാധിക്കുകയുള്ളു. പുരുഷന്മാരുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന കൂടുതൽ സാഹചര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും റിപ്പോര്ട്ട് അഭിപ്രായപ്പെടുന്നു.