'ട്രെൻഡി ഫാഷനു'കളുടെ ഓണക്കാലം; ഓണ വസ്ത്രങ്ങളിലും ഇടംനേടുന്ന പുതിയ കാലത്തിൻ്റെ 'നിറക്കൂട്ട്'

ഇത്തവണ ഓണക്കോടികളിലെ ഫാഷനുകള് ഏതൊക്കെയാണ്. ട്രെന്ഡുകള് പരീക്ഷിക്കാന് ആഗ്രഹിക്കുന്നവര് അറിയേണ്ട കാര്യങ്ങള്...

ഷെറിങ് പവിത്രന്‍
4 min read|02 Sep 2024, 12:47 pm
dot image

ഓണമിങ്ങെത്തി...ഓണക്കോടിയെടുക്കേണ്ടേ?

കാലമെത്ര പുരോഗമിച്ചാലും മലയാള തനിമയോടെ ഓണം കൊണ്ടാടാനാണ് കേരളീയര്ക്ക് ഇഷ്ടം. ഏതാണ്ട് രണ്ട് ദശകം മുമ്പുവരെ പുത്തന് വസ്ത്രമണിയാന് കിട്ടുന്ന ഒരേയൊരു അവസരമായിരുന്നു ഓണം. പക്ഷേ ഇന്ന് കാലം മാറി. പുതിയ തലമുറയ്ക്ക് പുതിയതെന്തെങ്കിലും വാങ്ങി ധരിക്കാന് ഓണം എത്തണമെന്നില്ല. എങ്കിലും പുത്തന്കോടി ഉടുക്കാതെ എന്ത് ഓണം.

ഫാഷന് മേഖലയെ സംബന്ധിച്ച് പുതിയ ട്രെൻഡുകളുടെ വലിയൊരു ഉത്സവകാലംകൂടിയാണ് ഓണക്കാലം. ഫാഷന് ട്രെന്ഡുകള് ഇങ്ങനെ മാറി മറിയുകയാണ്. ട്രെഡീഷണല് വസ്ത്രങ്ങളുടെ ചാരുതയോടെ തന്നെ വെറൈറ്റി പാറ്റേണിലുളള ഓണക്കോടികള് വിപണിയിലെത്തിയിട്ടുണ്ട്. സാരി, ചുരിദാർ, ഫ്രോക്കുകൾ എന്നിവയിൽ ട്രെൻഡുകളുടെ ധാരാളത്തിമാണ് ഇത്തവണയുള്ളത്. പഴയ കാലത്തെ ട്രെൻഡ് സെക്ടറായിരുന്ന പട്ടുപാവാടയും ബ്ലൗസിലും, പുരുഷന്മാരുടെ മുണ്ടിലും ഷര്ട്ടിലും കുട്ടികള്ക്കുളള വസ്ത്രങ്ങളിലുമെല്ലാം ഈ വര്ഷവും ട്രെന്ഡുകള് മാറിമറിഞ്ഞ് എത്തിക്കഴിഞ്ഞു. ഫ്ളോറല് പ്രിന്റുകള്, അജ്റക്, ടിഷ്യുമെറ്റീരിയലുകള് എന്നിവയില് തീര്ത്ത കുര്ത്തികള്. സാരികളിലാണെങ്കില് ഫ്ളോറല് ഡിസൈന്, ബ്ലോക്ക് പ്രിന്റഡ്, ജ്യോമെട്രിക് പ്രിന്റ്, ട്രൈബല് പ്രിന്റ് അങ്ങനെ വെറെററ്റികള് പലതാണ്. ഒംബ്രേ ഡൈഡ് ഡിസൈനിലുളള കേരള സ്കേര്ട്ടുകളും പുരുഷന്മാര്ക്കുള്ള മുണ്ടുകളും കുഞ്ഞുടുപ്പുകളും എല്ലാം ഓണം കളക്ഷനായി ഇത്തവണ എത്തിയിട്ടുണ്ട്.

ഓണക്കാലമായി, വെറുതെയങ്ങ് പൂക്കളമിടാന് വരട്ടെ; എന്തിനാ, എങ്ങനെയാ എന്നൊക്കെയറിയേണ്ടേ!

സാരിയിലെ പുതുമ

എല്ലാവര്ഷവും കേരള സാരി മാര്ക്കറ്റില് ലഭിക്കാറുണ്ട്. എന്നാല് എപ്പോഴും നോര്മല് സാരിയുടുത്ത് മടുത്തവര്ക്ക് ഓണക്കാലത്തും കേരള സാരിയെന്ന തനിമ വിട്ട് പോകാതെ പുതുമയുള്ള സാരികള് ധൈര്യമായി പരീക്ഷിക്കാം. കേരള സാരിയില് ട്രെഡീഷണല് പ്രിന്റുകള് ആണ് ആളുകള് ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ചും ഫ്ളോറല് പ്രിന്റുകള്. അതോടൊപ്പം ബ്ലോക്ക് പ്രിന്റുകളും അജ്റക്ക് പ്രിന്റുകളും , ജ്യോമെട്രിക്, ട്രൈബല് പ്രിന്റുകളും കൂടിയാകുമ്പോള് സാരിയുടെ ഗറ്റപ്പ്തന്നെ മാറും. ഓണമായതുകൊണ്ടുതന്നെ കേരള സാരിയിലും ചുരിദാറിലും കുര്ത്തയിലുമെല്ലാം കോട്ടണ്, ടിഷ്യു മെറ്റീരിയലാണ് കൂടുതല് പ്രിയം. കേരള കോട്ടനും കൂടുതല് വിറ്റുപോകുന്നുണ്ട്.

സാരി ബ്ലൗസിലെ വെറൈറ്റികള്

സാരിയുടെ കൂടെയുള്ള ബ്ലൗസ് പീസുകള്ക്ക് പകരം പ്രിന്റഡ് ബ്ലൗസുകള് ഇടംപിടിച്ചുകഴിഞ്ഞു. അജ്റക് പ്രന്റിലുള്ള ബ്ലൗസുകളോടും പെണ്കുട്ടികള്ക്ക് ഇഷ്ടം കൂടുതലാണ്. മറ്റൊരു പ്രത്യേകത 'കലംകാരി'യുടെയും 'ദാബുപ്രിൻ്റി'ൻ്റെയുമൊക്കെ ഫുള് സ്ളീവ് ബ്ലൗസുകളോടുളള പ്രിയമാണ്. നോര്മല് പ്ലെയിന് സാരിയാണെങ്കിലും ഹൈവി വര്ക്കുകള് ബ്ലൗസിനൊപ്പം അണിഞ്ഞാല് റിച്ച് ലുക്കാണ് ലഭിക്കുന്നത്.

'മുണ്ടക്കൈയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു കുറവും വരുത്തില്ല'; ഉറപ്പ് നൽകി വിദ്യാഭ്യാസ മന്ത്രി

കസവുസാരിയുടെ പുത്തന് മേക്കോവര്

കസവുസാരി മലയാളി സംബന്ധിച്ച് എവർഗ്രീൻ ഫാഷനാണെങ്കിലും കാലാനുസൃതമായി ഇതിന് പലതരത്തിലുള്ള ഡിസൈൻ മെയ്ക്ക്ഓവറുകൾ വന്നിട്ടുണ്ട്. സാരിയില് ഡീറ്റെയിലിങ് വരുമ്പോഴാണ് അത് പ്രത്യേകതയുള്ളതാകുന്നത്. ഈ ട്രെൻഡ് ഇപ്പോൾ കസവുസാരികളിലേയ്ക്കും വന്നിട്ടുണ്ട്. ഗോള്ഡന് കസവുകരയേക്കാള് കളര് കര ഉപയോഗിക്കാന് ആഗ്രഹിക്കുന്നവര് ധാരാളമാണ്. ഡിസൈനര് കളക്ഷന് പോലെതന്നെ ആയിട്ടുണ്ട് കളര്കരയുളള സാരികളും. സ്ളീവ്ലസ് ബ്ലൗസിന്റെ കൂടെവരെ ഇന്ന് കസവുസാരി കംഫര്ട്ടബിളാണ്. മോഡേണ് ഔട്ട്ലുക്ക് നല്കുകയും ചെയ്യും എന്നാല് ട്രെഡിഷണലാണുതാനും. കുറച്ചുകാലം മുന്പ് സ്ത്രീകള് 'ഓ ഞങ്ങള്ക്ക് വയസായി,ഇനി ഗോള്ഡന് കരയയൊന്നും വേണ്ട' എന്ന അഭിപ്രായത്തിലെത്തിയ സമയത്ത് ഉണ്ടാക്കിയെടുത്തതാണ് കേരള സാരിയിലെ കളര്കര പരീക്ഷണം.

സിപിഐഎമ്മിന് ആരായിരുന്നു ഇപി ജയരാജന്?

ദാവണിയുടുക്കാം...

ഇത്തവണ ഓണത്തിന്റെ പകിട്ട് അപ്പാടെ കൊണ്ടുപോകാന് പോകുന്നത് ദാവണിയാണ്. ദാവണിയെ പ്രായവ്യത്യാസത്തിൻ്റെ വേർതിരിവുള്ള വസ്ത്രമായി ആരും കണക്കാക്കിയിട്ടില്ലെന്നതാണ് പ്രധാന കാര്യം. ദാവണി ഇത്തവണ എല്ലാവരും പ്രായം ഘടകമാക്കാതെ വാങ്ങിക്കുന്നുണ്ട്. ട്രെന്ഡിനെ ആളുകള് സ്വാഗതം ചെയ്യുന്നു എന്നുള്ളത് വലിയ പ്രത്യേകതയാണ്

കഫ്താന് ഡ്രസ്സുകള്

പേര്ഷ്യന് വസ്ത്രമായ കഫ്താന് ഡ്രസുകള് ഫാഷന് മേഖല ഏറ്റെടുത്തിട്ട് കുറച്ച് കാലമായി. പല രീതിയില് സ്റ്റെല് ചെയ്തെടുക്കാന് കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തവണ ഓണത്തിന് കഫ്താന്സ് വെറൈറ്റിയും വിപണയിൽ എത്തിയിട്ടുണ്ട്. കണ്ടാല് മുണ്ടും നേര്യതും ഉടുത്തതുപോലുള്ള ഫീല് തോന്നുന്ന രീതിയിലുള്ള ഡിസൈനുകളിലാണ് കഫ്താനില് പരീക്ഷിച്ചിരിക്കുന്നത്. മുണ്ടും നേര്യതും ഉടുക്കാനും, സാരി ഉടുക്കാന് അറിയാത്തവര്ക്കുമെല്ലാം ഈ കഫ്താന് ഡ്രസ് ഭംഗിയോടെ ധരിക്കാനാവും. ഓണത്തിന് മാത്രമല്ല മറ്റുള്ള അവസരങ്ങളിലും ഉപയോഗിക്കാന് അനുയോജ്യമാണ് ഇവ.

ഗംഗ യമുന ബോര്ഡര് സാരി

ഗംഗ യമുന ബോര്ഡര് സാരി മലയാളികളുടെ ആണോ എന്ന് ചോദിച്ചാല് അല്ല. പക്ഷേ ഓണം തീമുമായി ബന്ധപ്പെട്ട് ഇവയെ പരിഗണിക്കാമോ എന്ന് ചോദിച്ചാല് അത് പെര്ഫെക്ടാണ്. 'മധുരെ കോട്ടണ് സാംഗുഡി ചെക്ക് സാരി' എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു ബേസ് കളറും അപ്പുറവും ഇപ്പുറവും രണ്ട് ഗംഗാ യമുന ബോര്ഡര് ഡിസൈന്സും ആണ് ഈ പാറ്റേണിന്റെ പ്രത്യേകത. ഈ ഓണത്തിന് ഫാഷന് ലോകം കീഴടക്കാന് ഗംഗ യമുന ബോര്ഡര് സാരിയുമുണ്ട്.

പാവാട ബ്ലൗസ് വെറൈറ്റി

സ്കേര്ട്ടിലും ബ്ലൗസിലും രണ്ട് തരത്തിലുളള വെറൈറ്റികളാണുള്ളത്. ഒന്ന് നോര്മല് പാവാടയും ബ്ലൗസുമാണ്. എങ്കിലും പഴയകാലത്തെ നോര്മല് പട്ടുപാവാട ബ്ലൗസില്നിന്ന് മാറി പ്രിന്റഡിലുള്ളവ വന്നപ്പോള് അതിനോടായി ആളുകള്ക്ക് പ്രിയം. അല്പ്പം മുതിര്ന്ന കുട്ടികള്ക്ക് ദാവണി കോണ്സെപ്റ്റിലും സ്കേര്ട്ടും ബ്ലൗസും ലഭിക്കും. അതിലും ഫ്ളോറല് പ്രിന്റാണ് എടുത്തുനില്ക്കുന്നത്. വളരെ സിംപിളായ പ്രിന്റുകളും കളര്ഫുള് ആയ പ്രിന്റുകളും ഇതിലുണ്ട്. മുതിര്ന്നവര്ക്കും സ്കേര്ട്ടും ബ്ലൗസും ഇടാന് താല്പര്യമുണ്ട്. പ്രായമായവര്ക്ക് മാത്രം എന്നുള്ള തരത്തിലൊരു വസ്ത്രം എന്ന കണ്സപ്റ്റ് മാറി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കുര്ത്തയും ചുരിദാറും കൊണ്ടുവരുന്ന ഓണം മൂഡ്

ഓഫീസിലും മറ്റും പോകുന്നവര്ക്ക് സാരിയുടുത്ത് പോവുക എന്നുളളത് ഒരു പണിതന്നെയാണ്. അങ്ങനെയുള്ളവര്ക്ക് കുര്ത്തിയും ചുരിദാറുമൊക്കെയാണ് പുതിയ ഓപ്ഷനുകള്. അത്ര സിംപിള് അല്ലാതെ വെറൈറ്റി പാറ്റേണുകള്, അതായത് അജ്റക് മായി മിക്സ് ചെയത്, പാച്ചസ് പിടിപ്പിച്ചത്, ഫുള് സ്ളീവ്, നോര്മല് കേരള കോട്ടണ്, കേരള ഫീലിങ് വരുന്ന ടിഷ്യൂ കോട്ടണ് എന്നിങ്ങനെയുള്ള ടൈപ്പിലുള്ള കുര്ത്തികളും ഇപ്പോൾ ലഭ്യമാണ്. കുര്ത്തികളാണെങ്കിലും കേരള ഫീലിംഗും പാര്ട്ടി ലുക്കിലും ഒരുപോലെ തിളങ്ങാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഒരു ഓണം കഴിഞ്ഞ് അടുത്ത ഓണം വരെ പെട്ടിയില് വയ്ക്കേണ്ട ഡ്രസുകളോ ട്രെൻഡുകളോ ഇപ്പോള് ഇല്ലേയില്ല എന്ന് തന്നെ പറയാം. ഏത് ട്രെഡീഷണല് ഇവന്റ്സിനും ഇവയെല്ലാം ധരിക്കാവുന്നതാണ്. സ്ളീവ്ലസ് കുര്ത്തിയും, ആലിയകട്ട് കുര്ത്തിയും ഓണം മൂഡില് ചെയ്തിരിക്കുന്നതാണ് കുര്ത്തയില് വന്നിട്ടുള്ള ഓണം ട്രെന്ഡ്. ചെറിയ പെണ്കുട്ടികള്ക്ക് ക്രോപ്പ്ടോപ്പും ബ്ലൗസും ഇത്തവണ ട്രെന്ഡാണ്.

പുരുഷന്മാരുടെ വസ്ത്രങ്ങളും ട്രെന്ഡിനൊപ്പം

ഏതെങ്കിലും ഒരു ഷര്ട്ടും ഒരു കസവ് മുണ്ടും ഉടുത്താല് ഓണത്തിന് പിന്നൊന്നും വേണ്ട എന്ന പഴയകണ്സപ്റ്റൊക്കെ പുരുഷന്മാരുടെ കാര്യത്തിലും മാറിമറിഞ്ഞു. പ്രിന്റഡ് ഷര്ട്ടാണ് എടുക്കുന്നതെങ്കില് മുണ്ടിന്റെ കരയോട് ചേര്ത്ത് ഷര്ട്ടിന്റെ ഡിസൈന്റെ ഒരു പാച്ച് പിടിപ്പിച്ച് കൊടുത്താല് അത് വെറൈറ്റി ആയി. ഒംബ്രൈ ഡൈ ചെയത മുണ്ടുകൾ ഇപ്പോള് വിപണിയില് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. (പകുതിഭാഗം സാധാരണ കേരള സ്റ്റെലും പകുതി ഡൈ ചെയ്തതുമായ ഫാഷനിലുളള മുണ്ടുകള്) പെണ്കുട്ടികളുടെ കേരള സാരിയിലും സ്കേര്ട്ടിലും ഒക്കെ ഈ ഒംബ്രോ ഡൈ ഡിസൈന് പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.

വിലയും ക്വാളിറ്റിയും

പലര്ക്കും ഉളള സംശയമാണ് വസ്ത്രത്തിന്റെ ഭംഗി കൂടുംതോറും വില കൂടുമോ എന്നത്. കേരള സാരി പല വിലയിലുള്ളതുണ്ട്. കൈത്തറിയ്ക്കും പവര്ലൂമിനും വില വ്യത്യാസമുണ്ട്. കേരള സാരിയുടെ വീവിങ്ങിന്റെ സ്ട്രെങ്തും ഹാന്ഡ്ലൂം പോലെ തന്നെയാണെങ്കിലും കൈകൊണ്ട് തൊടുമ്പോഴുള്ള ഫിനിഷും ഉടുക്കുമ്പോഴുള്ള സുഖവും ഹാന്ഡ്ലൂമിലാണ് അറിയാന് കഴിയുക. പക്ഷേ ഇതിന്റെ രണ്ടിന്റെയും ഒരു മിക്സഡ് ക്വാളിറ്റിയും മാര്ക്കറ്റില് ഉണ്ട്.

ഓണക്കോടി ഏതായാലും കൂടെ യോജിക്കുന്ന ആക്സസറീസും കൂടി അണിഞ്ഞാല് ലുക്ക് മാറുകയായി. എന്നാല് ട്രെന്ഡിങ് ഓണം കളക്ഷന്സ് സ്വന്തമാക്കിയേക്കാം അല്ലേ? ....

വിവരങ്ങൾക്ക് കടപ്പാട്: അധ്യാപികയും ഇടപ്പള്ളി പത്തടിപ്പാലത്തെ 'ബ്ലോക്സ് ആന്ഡ് പ്രിൻ്റ്സ് ബൊട്ടീക്' ഉടമയുമായ അനുപമ റോയ്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us